തളിപ്പറമ്പ്: മദ്യപിച്ചു സ്കൂള്‍ കുട്ടികളുമായി ഓട്ടോറിക്ഷയോടിച്ചു പിടിയിലായപ്പോള്‍ ട്രാഫിക് പോലീസുകാരെ കൈയേറ്റം ചെയ്തു രക്ഷപ്പെടാൻ ശ്രമിച്ച സംഭവത്തിൽ ഡ്രൈവർ പിടിയിലായി. കടമ്പേരി അയ്യങ്കോലിലെ ഷാഹിനാ മന്‍സിലില്‍ ഷാജഹാനെ (31) യാണു തളിപ്പറമ്പ് എസ്ഐ കെ.പി.ഷൈന്‍ അറസ്റ്റ് ചെയ്തത്. ഇയാളെ തളിപ്പറമ്പ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു.
ഇന്നലെ വൈകുന്നേരം 4.30 ന് തളിപ്പറമ്പ് ഗ്രാഫിക് എസ്ഐ കെ.വി.മുരളിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം മാന്തംകുണ്ട് ഭാഗത്തു വാഹനപരിശോധന നടത്തുന്നതിനിടയിലാണ് അമിതവേഗതയില്‍ വളഞ്ഞുപുളഞ്ഞു സ്കൂള്‍ വിദ്യാര്‍ഥികളുമായി ഓട്ടോറിക്ഷ വരുന്നതു കണ്ടത്. ഇതോടെ വാഹനത്തെ പിന്തുടരുകയായിരുന്നു. ഒരു കുട്ടിയെ ഇറക്കാനായി നിര്‍ത്തിയപ്പോഴാണു പോലീസെത്തി പരിശോധന നടത്തിയത്.
മദ്യപിച്ചതായി മനസിലായതിനെ തുടര്‍ന്നു കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചപ്പോൾ എആര്‍ ക്യാമ്പിലെ പോലീസുകാരായ വിനോദ്, ഷൈജു എന്നിവരെ ഷാജഹാന് മര്‍ദിച്ചത്. പ്രതിയുടെ നഖംകൊണ്ട് പോലീസുകാര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. കൂടുതല്‍ പോലീസുകാരെത്തിയാണ് ഇയാളെ കീഴ്പ്പെടുത്തിയത്.
തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ നടത്തിയ വൈദ്യപരിശോധനയില്‍ മദ്യപിച്ചതായി ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തി. മദ്യപിച്ചു വാഹനമോടിച്ചതിനും പോലീസുകാരെ കൈയേറ്റം ചെയ്ത് ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും വിവിധ വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുത്തു. ഓട്ടോറിക്ഷയില്‍ കുട്ടികള്‍ ഉണ്ടായിരുന്നതിനാല്‍ ട്രാഫിക് പോലീസ് ഏറെ ജാഗ്രത പാലിച്ചാണ് ഓട്ടോറിക്ഷ പിന്തുടര്ന്നു പിടികൂടിയത്.