കൊട്ടാരക്കര: അംഗപരിമിതരായ ദമ്പതികളെ ഒരു മണിക്കൂർ വ്യത്യാസത്തിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കൊട്ടാരക്കര കുളക്കട ലക്ഷം വീടു കോളനിക്കു സമീപം എ ബി സദനത്തിൽ സജി എബ്രഹാം (55) പൊന്നമ്മ (48) എന്നിവ രാ ണ് മരിച്ചത്. സജി എബ്രഹാം കാഴ്ചവൈകല്യമുള്ളയാളും പൊന്നമ്മ കാലിനു സ്വാധീനക്കുറവുള്ളയാളുമാണ്.
ഇന്നലെ സന്ധ്യക്ക് സാമ്പത്തിക ഇടപാടുകളെ ചൊല്ലി ഇരുവരും വഴക്കിട്ടിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. ഇതിനു ശേഷം സജി എബ്രഹാം സുഹൃത്തായ യുവാവിനൊപ്പം ഓട്ടോറിക്ഷയിൽ കയറി പുറത്തേക്കു പോയി. ഈ സമയം പൊന്നമ്മ ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. തീ പടർന്ന് പുറത്തേക്കോടിയ ഇവരെ നാട്ടുകാർ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
രാത്രി 9.30 ഓടെയാണ് ഈ മരണം നടന്നത്.നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് മടങ്ങിയെത്തിയ സജി എബ്രഹാം വീടിനുള്ളിൽ കയറി കതകടച്ചു. വിവരം പുത്തൂർ പോലീസിലറിയിച്ചെങ്കിലും എത്തിച്ചേരാൻ വൈകി. പോലീസെത്തി കതക് തള്ളി തുറന്നു നോക്കുമ്പോൾ സജി എബ്രഹാം സ്വന്തം മുറിയിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു.
പൊന്നമ്മയുടെ മൃതശരീരം ഇന്നലെ രാത്രിയിലും സജി എബ്രഹാമിന്റെ മൃതശരീരം ഇന്നു രാവിലെയും കൊട്ടാരക്കര താലൂക്കാശുപത്രിയിലേക്കും മാറ്റി. പുത്തൂർ പോലീസ് കേസെടുത്തു. ദിനു മകളും ലിബു മകനുമാണ്.