അഞ്ചൽ : അഞ്ചലില്‍ വ്യാപാരിയെ ആസിഡൊഴിച്ച് ആക്രമിച്ച സംഭവത്തിൽ ഭാര്യപിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കുളത്തൂപ്പുഴ ആഷിക് മൻസിലിൽ ഷാജഹാനെ (60) യാണ് അറസ്റ്റു ചെയ്തത്.
കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. വൈകുന്നേരം അഞ്ചോടെയാണ് ഷാജഹാന് ഉസ്മാന്റെ കടയ്ക്കുള്ളില്‍ കയറി ആസിഡ് ഒഴിച്ചത്. മുഖത്തും കണ്ണിനും പരിക്കേറ്റ ഉസ്മാന് തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ്.
സംഭവം നടന്നതിന്റെ തലേദിവസം ഉസ്മാന്റെ ഭാര്യയുമായി ഷാജഹാന് കുളത്തുപ്പുഴയില്‍ വച്ച് വാക്കേറ്റം ഉണ്ടായിരുന്നു. ഇതിനെതുടർന്ന് ഉസ്മാൻ ഷാജഹാനെ വഴിയിൽ തടഞ്ഞുനിർത്തി മർദിച്ചു.
ഇതിന്റെ പ്രതികാരമാണ് ഷാജഹാൻ ആസിഡുമായി ഉസ്മാന്റെ ഉടമസ്ഥതയിലുള്ള അഞ്ചൽ മുക്കട ജംഗ്ഷനിലെ അഫ്സൽ ഫ്രൂട്ട്സ് കടയിൽ എത്തി മുഖത്ത് ആസിഡ് ഒഴിച്ചതന്നാണ് പോലീസ് പറയുന്നത്.
സംഭവശേഷം ഒളിവില്‍പോയ ഷാജഹാനെ കുളത്തുപ്പുഴ പോലീസ് കസ്റ്റഡിയില്‍ എടുത്ത് അഞ്ചല്‍ പോലീസിനു കൈമാറുകയായിരുന്നു.
ഷാജഹാന് തനിച്ചാണ് കൃത്യം നടത്തിയതെന്നാണ് പോലീസ് നിഗമനം. ആശുപത്രിയില്‍ ചികിത്സയിലുള്ള ഉസ്മാന്റെ മൊഴി എടുത്ത ശേഷം മാത്രമേ കൂടുതല്‍ പ്രതികള്‍ക്ക് കേസില്‍ പങ്കുണ്ടോ എന്ന് വ്യക്തമാകൂവെന്ന് അഞ്ചല്‍ പോലീസ് പറഞ്ഞു.
അതേസമയം ആക്രമണം നടന്ന ഉസ്മാന്റെ കടയില്‍ ഫോറന്‍സിക് സംഘം അടക്കമുള്ളവര്‍ എത്തി തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. അറസ്റ്റിലായ ഷാജഹാനെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.