ചാലക്കുടി: നഗരസഭയുടെ മാസ്റ്റർ പ്ലാൻ അപാകതകൾ പരിഹരിക്കാതെയും ഭേദഗതികൾ വരുത്താതെയും പ്രസിദ്ധീകരിച്ചതിൽ വൻ അഴിമതിയെന്ന് യുഡിഎഫ് ആരോപണം.
മാസ്റ്റർ പ്ലാൻ തയാറാക്കുന്നതിന്റെ ഭാഗമായി ജില്ലാ ടൗൺ പ്ലാനിംഗ് വിഭാഗം രൂപം നൽകിയതിൽ നിരവധി അപാകതകൾ ജനപ്രതിനിധികൾ രേഖാമൂലം ചൂണ്ടികാട്ടിയെങ്കിലും കരടു മാസ്റ്റർ പ്ലാൻ അപാകതകൾ പരിഹരിക്കാതെയും ഭേദഗതികൾ വരുത്താതെയുമാണ് പ്രസിദ്ധീകരിച്ചതെന്നും ഇതിനു പിന്നിൽ വൻ അഴിമതി നടന്നിട്ടുണ്ടെന്നുമാണ് നഗരസഭ യുഡിഎഫ് പാർലിമെന്ററി പാർട്ടി ആരോപിക്കുന്നത്.
പ്രതിപക്ഷ കൗൺസിലർമാരുടെ വിയോജിപ്പും, പ്രതിഷേധവും ഉണ്ടായിട്ടും നിരവധി ന്യൂനതകൾ ഉൾപ്പെട്ടിരുന്ന കരടു മാസ്റ്റർ പ്ലാൻ ഭൂരിപക്ഷപ്രകാരം പാസാക്കിയതിനു പിന്നിൽ ദുരൂഹതയുണ്ട്.
2017 ൽ ജില്ലാ ടൗൺ പ്ലാനിംഗ് വിഭാഗം തയാറാക്കി നൽകിയ കരടിനെ സംബന്ധിച്ച് 36 കൗൺസിലർമാരും രേഖാമൂലം ഭേദഗതികൾ നിർദേശിച്ചിരുന്നു.
പ്രധാനമായും മുഴുവൻ വാർഡുകളിലെയും റോഡുകളുടെ വീതി ഇരട്ടിയിലധികമായി വർധിപ്പിച്ചുകൊണ്ടുള്ള പ്ലാൻ പൊതുജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നതാണ്.
സാധാരണ ജനങ്ങൾക്ക് ഒരു വീട് നിർമിക്കുന്നതിനുപോലും ബുദ്ധിമുട്ടുണ്ടാക്കുന്ന വിധത്തിലാണ് റോഡുകളുടെ വീതി വർധിപ്പിച്ചിരിക്കുന്നത്.
മൂന്നുവർഷം മുന്പ് തയാറാക്കി സമർപ്പിക്കപ്പെട്ട കരടു പ്ലാനിലെ മാറ്റങ്ങൾ സംബന്ധിച്ച് പൊതു സമൂഹത്തിന്റെ കൂടി അഭിപ്രായങ്ങൾ മാനിച്ചുകൊണ്ടാണ് ജനപ്രതിനിധികൾ മാറ്റങ്ങൾ ആവശ്യപ്പെട്ടത്.
പല കൗൺസിൽ യോഗങ്ങളിലായി ഇതനുസരിച്ചുള്ള മാറ്റങ്ങൾ വരുത്താനും തീരുമാനിച്ചിരുന്നു. എന്നാൽ ഈ മാറ്റങ്ങൾ ഒന്നും തന്നെ കരടു പ്ലാൻ അംഗീകരിച്ച് പ്രസിദ്ധീകരണാനുമതിക്ക് അയക്കുകയായിരുന്നു.
എന്നാൽ സർക്കാരിന്റെ പ്രസിദ്ധീകരണാനുമതി 2020 ഓഗസ്റ്റ് ഏഴിന് ലഭ്യമായിട്ടും നാളിതുവരെ ഇക്കാര്യം കൗൺസിലിനെ അറിയിക്കാതെ വയ്ക്കുകയും പ്രസിദ്ധീകരണത്തിനു നൽകുകയും ചെയ്തതിന്റെ പിന്നിൽ ദുരൂഹതയുണ്ട്.
മാസ്റ്റർ പ്ലാനിൽ ഉൾപ്പെട്ട ചില സ്ഥലങ്ങൾ സംബന്ധിച്ച് സ്ഥല ഉടമകളും ഭരണകക്ഷിയും തമ്മിൽ നടന്ന അവിഹിതമായ ചില ഇടപാടുകളാണ് അപാകതകളുണ്ടെന്ന് ജനപ്രതിനിധികൾ ചൂണ്ടികാട്ടിയിട്ടും ഇത് പരിഹരിക്കാതെ പ്രസിദ്ധീകരിച്ചതിനു പിന്നിലെന്ന് യുഡിഎഫ് ആരോപിച്ചു.
പ്രത്യേകിച്ചും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആരംഭിച്ച ഘട്ടത്തിൽ ജനങ്ങൾക്ക് ഇതുസംബന്ധിച്ച് ആക്ഷേപങ്ങൾ നൽകാൻ കഴിയാത്ത വിധത്തിലുള്ള സാഹചര്യം കണക്കാക്കിയാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.
കരടു മാസ്റ്റർ പ്ലാനിൽ വസ്തുതാപരമായ നിരവധി ന്യൂനതകൾ ചൂണ്ടികാണിച്ച ജനപ്രതിനിധികളോടുള്ള വെല്ലുവിളിയാണെന്നും അവർ പറഞ്ഞു.
പ്രതിപക്ഷ നേതാവ് വി.ഒ. പൈലപ്പൻ, കൗൺസിലർമാരായ ഷിബു വാലപ്പൻ, അഡ്വ. ബിജു എസ്. ചിറയത്ത്, കെ.വി. പോൾ, ജിയോ കിഴക്കുംതല എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.