മഹാരാജാസ് കോളജിലെ എസ്എഫ്ഐ പ്രവര്ത്തകന് അഭിമന്യു കൊല്ലപ്പെട്ട കേസില്‍ ക്യാമ്പസ് ഫ്രണ്ടിനെ എതിര്‍ക്കുമ്പോഴും അവരുടെ മാതൃസംഘടനയായ എസ്ഡിപിഐയുടെ പിന്തുണയില്‍ സിപിഎം ഭരണം. തിരുവനന്തപുരത്തെ വെമ്പായത്താണ് പരസ്പരം പോരടിക്കുന്നവര്‍ ഒന്നിച്ചു പോകുന്നത്.
21 അംഗ വെമ്പായം പഞ്ചായത്തില്‍ സിപിഎമ്മിന് ആറും സിപിഐക്ക് മൂന്നും അംഗങ്ങളുണ്ട്. ഒരു സ്വതന്ത്രനും ഇടതുമുന്നണിയെ പിന്തുണക്കുന്നു. യുഡിഎഫിന് എട്ടും, ബിജെപിക്ക് രണ്ടും എസ്ഡിപിഐക്ക് ഒരു അംഗവുമുണ്ട്. എസ്ഡിപിഐയുടെ പിന്തുണയോടെ സിപിഎമ്മിന്റെ പ്രസിഡന്റായിരുന്നു പഞ്ചായത്ത് ഭരിച്ചിരുന്നത്. മുന്നണിയിലെ ധാരണ പ്രകാരം സിപിഎ പ്രസിഡന്റ് രാജിവച്ച് സിപിഐക്ക് വഴിയൊരുക്കി.
അഭിമന്യു മരിച്ച ദിവസം നടന്ന തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐ അംഗത്തിന്റെ പിന്തുണയോടെ 11 വോട്ട് നേടി സിപിഐ അംഗം പ്രസിഡന്റായി. ബിജെപി വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. എസ്ഡിപിഐ പിന്തുണച്ചില്ലെങ്കിലും തങ്ങള്‍ വിജയിക്കുമെന്നായിരുന്നു ഇടതുമുന്നണിയുടെ വിശദീകരണം. അണികള്‍ പക്ഷേ ഈ വിശദീകരണത്തില്‍ തൃപ്തപരല്ലെന്ന് മാത്രം.