ആലുവ: ജില്ലാ നേതാക്കളെ പോലീസ് കരുതൽ കസ്റ്റഡിയിലെടുത്തെന്നാരോപിച്ച് എസ്ഡിപിഐ ആലുവയിൽ നടത്തിയ പ്രതിഷേധ സമരത്തെത്തുടർന്നു പോലീസ് അറസ്റ്റ് ചെയ്ത 132 പേരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇന്നലെ രാവിലെയാണു പ്രതിഷേധ മാർച്ച് നടത്തിയത്.
ആലുവ ബൈപാസിൽനിന്ന് എസ്പി ഓഫീസിലേക്കു മാർച്ച് നടത്താനുള്ള ശ്രമം പോലീസ് ഇടപെട്ട് തടഞ്ഞിനെ തുടർന്നു പ്രവർത്തകർ ഒരു മണിക്കൂറോളം ബാങ്ക് ജംഗ്ഷനിൽ കുത്തിയിരിക്കുകയായിരുന്നു. ഇത് നഗരത്തിൽ ഗതാഗത കുരുക്കിനും കാരണമായിരുന്നു.
ഇന്നലെ വൈകിട്ട് നാലിനു പ്രതിഷേധ ജാഥയെന്നായിരുന്നു രാവിലെ നൽകിയ പത്രക്കുറിപ്പിൽ പറഞ്ഞിരുന്നത്. എന്നാൽ അതിനു വിരുദ്ധമായി രാവിലെ പത്തോടെ സമരം ആരംഭിച്ചു. തുടർന്നു പ്രവർത്തകരെ റൂറൽ ജില്ലാ പൊലീസ് മേധാവി രാഹുൽ ആർ. നായരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്ത് നീക്കിയത്. കലാപം ഉണ്ടാക്കുക, ഗതാഗതം തടസ്സപ്പെടുത്തുക തുടങ്ങിയ കേസുകളാണു പ്രതികൾക്കെതിരേ ചുമത്തിയിരിക്കുന്നത്.