കോഴിക്കോട്: എസ്ഡിപിഐ പിന്തുണയുടെ കാര്യത്തിൽ യുഡിഎഫ് നിലപാട് പറയാൻ വൈകിയതിൽ മുസ്ലിം സംഘടനകൾക്കിടയിലും അതൃപ്തി. ഇന്നലെയാണ് എസ്ഡിപിഎ പിന്തുണവേണ്ടെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന് പരസ്യമായി നിലപാട് വ്യക്തമാക്കിയത്.
എസ്ഡിപിഐയുടെ പിന്തുണ തേടുന്ന കാര്യത്തിൽ കോൺഗ്രസും മുസ്ലിം ലീഗും ആദ്യ ഘട്ടത്തിൽ സ്വീകരിച്ച മൗനമാണ് സമസ്ത ഉൾപ്പെടെയുള്ള സംഘടനകളുടെ അമർഷത്തിനു കാരണം.
എസ്ഡിപിഐ ഏകപക്ഷീയമായി നൽകാൻ തീരുമാനിച്ച പിന്തുണ യുഡിഎഫിനെ ആശയക്കുഴപ്പത്തിലാക്കിയിരുന്നു. സമാനമായി മുസ്ലിം സമുദായ സംഘടനകളെയും ഞെട്ടിക്കുന്നതായിരുന്നു എസ്ഡിപിഐയുടെ പ്രഖ്യാപനം. പൊതുവിൽ കേരളത്തിൽ നിലനിൽക്കുന്ന യുഡിഎഫിന് അനുകൂലമായ രാഷ്ട്രീയസാഹചര്യം ഇല്ലാതാക്കുന്നതായിരിക്കും എസ്ഡിപിഐ പിന്തുണയെന്നാണ് മുസ്ലിം സംഘടനകളുടെ വിലയിരുത്തൽ.
വർഗീയ കക്ഷിയായി കണ്ടുതന്നെ എസ്ഡിപിഐഐയെ എല്ലാകാലത്തും മുസ്ലിം സംഘടനകൾ മാറ്റി നിർത്തിയിട്ടുണ്ട്. സമുദായതാൽപ്പര്യത്തിനുവേണ്ടിയല്ല എസ്ഡിപിഐ പ്രവർത്തിക്കുന്നതെന്ന വിമർശനവും ശക്തമാണ്. എസ്ഡിപിഐയുടെ പിന്തുണയിൽ യുഡിഎഫ് മത്സരിച്ചാൽ വിശ്വാസികൾക്കിടയിൽ അത് ആശയക്കുഴപ്പത്തിന് കാരണമാകുമെന്നും മുസ്ലിം സംഘടനകൾ മനസിലാക്കുന്നു.
ഇക്കാര്യത്തിൽ യുഡിഎഫ് നേതൃത്വം നിലപാട് പറയാൻ വൈകിയെന്നാണ് മുസ്ലിം സംഘടനകളുടെ വിമർശനം. എൽഡിഎഫ് അത് പ്രചരിപ്പിക്കുകയും ചെയ്തു. വിഷയത്തിൽ കോൺഗ്രസും, ലീഗും കരുതലോടെ നേരത്തെ തന്നെ നിലപാട് പറയണമായിരുന്നു എന്നാണ് മുസ്ലിം സംഘടനകളുടെ അഭിപ്രായം.