പോപ്പുലര് ഫ്രണ്ട് പ്രവര്ത്തകരുടെ സ്വത്ത് കണ്ടു കെട്ടിയ സംഭവത്തില് മുഖ്യമന്ത്രി പിണറായി വിജയനെയും കോടതിയെയും വിമര്ശിച്ച് എസ്ഡിപിഐ.
കോടതിവിധിയുടെ മറവില് മുഖ്യമന്ത്രി പിണറായി വിജയന് ഇരകള്ക്കൊപ്പം ഓടുകയും വേട്ടക്കാര്ക്കൊപ്പം വേട്ടയാടുകയുമാണെന്നാണ് എസ്ഡിപിഐ സംസ്ഥാനാധ്യക്ഷന് മൂവാറ്റുപുഴ അഷ്റഫ് മൗലവിയുടെ വിമര്ശനം.
ഹര്ത്താല് അക്രമത്തിന്റെ പേരില് സ്വത്ത് കണ്ടുകെട്ടുന്നതില് കോടതി അമിതാവേശം കാണിക്കുകയാണെന്നും അഷ്റഫ് പത്രസമ്മേളനത്തില് ആരോപിച്ചു.
കേന്ദ്രത്തില് മോദി സര്ക്കാര് ചെയ്യുന്നതാണു കേരളത്തില് പിണറായി സര്ക്കാരും ചെയ്യുന്നത്. ഹര്ത്താലുമായി ബന്ധമില്ലാത്തവരുടെ സ്വത്താണു കണ്ടുകെട്ടുന്നത്.
മലപ്പുറം, കോട്ടയ്ക്കലില് മുസ്ലിം ലീഗ് പഞ്ചായത്തംഗത്തിന്റെ സ്വത്ത് കണ്ടുകെട്ടി. നാട്ടിലില്ലാത്തവരുടെയും അവരുടെ ഭാര്യമാരുടെയും സ്വത്ത് പിടിച്ചെടുത്തു.
എല്ലാവര്ക്കും തുല്യനീതിയല്ല പിണറായി സര്ക്കാര് നല്കുന്നത്. ഒരു പ്രത്യേക ജനവിഭാഗത്തില് ഭയപ്പാട് സൃഷ്ടിക്കുന്നു.
അക്രമം നടത്തിയവര്ക്കെതിരേ നടപടിയെടുക്കാനാണു കോടതി ആവശ്യപ്പെട്ടത്. എന്നാല് ആഭ്യന്തരവകുപ്പിന്റെ പട്ടികപ്രകാരമാണ് ഇപ്പോഴത്തെ നടപടി.
പോപ്പുലര് ഫ്രണ്ട് നേതാക്കളുടെ സ്വത്ത് കണ്ടെത്താന് കോടതി പറഞ്ഞപ്പോള്, കേസില് പ്രതികളില്ലാത്ത എസ്.ഡി.പി.ഐ. നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടുകയാണ്.
കണ്ണൂരില് എസ്ഡിപിഐ നേതാവ് ഷമീര് പുല്ലുക്കരയുടെ കാര് കണ്ടുകെട്ടി. ഹര്ത്താല് സമയത്ത് ഇയാള്ക്കെതിരേ കേസെടുത്തിരുന്നില്ല.
കോടതി നടപടി വിവേചനപരമാണെന്ന തോന്നല് സാധാരണക്കാര്ക്കുണ്ട്. സംസ്ഥാനത്തു ഹര്ത്താല് നടന്നത് ആദ്യമായല്ല.
പോപ്പുലര് ഫ്രണ്ടിനെ കേന്ദ്രസര്ക്കാര് നിരോധിച്ച വിഷയം ട്രിബ്യൂണല് തീരുമാനിക്കട്ടെ. സര്ക്കാരിന്റെ പക്ഷപാത നിലപാടുകള് ജനങ്ങളെ ബോധ്യപ്പെടുത്തും.
നിരോധനശേഷം കേസില് ഉള്പ്പെട്ട പോപ്പുലര് ഫ്രണ്ട് പ്രവര്ത്തകര് എസ്ഡിപിഐയില് വേണ്ടെന്നാണു കേന്ദ്ര കമ്മിറ്റി തീരുമാനമെന്നും അഷ്റഫ് പറഞ്ഞു.