കോഴിക്കോട്: സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യയെ (എസ്ഡിപിഐ) കേന്ദ്ര സര്ക്കാര് നിരോധിക്കുമോ? സംഘടനയുടെ ദേശീയ പ്രസിഡന്റിനെ കള്ളപ്പണം വെളുപ്പിക്കല് കേസില് അറസ്റ്റ് ചെയ്ത സാഹചര്യത്തില് രാജ്യമൊട്ടാകെയുയരുന്ന സജീവ ചര്ച്ചയാണിത്.
ദേശീയ അധ്യക്ഷന് കെ. മൊയ്തീന്കുട്ടി എന്ന എം.കെ. ഫൈസിയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തതിനു പിന്നാലെ എന്ഫോഴ്സമെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥര് നടത്തിയ വാര്ത്താസമ്മേളനം വിരൽചൂണ്ടുന്നത് എസ്ഡിപിഐയെ നിരോധിച്ചേക്കും എന്നതിലേക്കാണെന്നു വില യിരുത്ത പ്പെടുന്നു.
ഡല്ഹി ഇന്ദിരാഗാന്ധി ഇന്റനാഷണല് വിമാനത്താവളത്തില് വച്ചാണ് ഫൈസി അറസ്റ്റിലായത്. 2018 മുതല് എസ്ഡിപിഐ അധ്യക്ഷനാണ് അദ്ദേഹം. ഇഡി കോടതിയില് സമര്പ്പിച്ച റിപ്പോര്ട്ടില് പിഎഫ്ഐയും എസ്ഡിപിഐയും ഒന്നാണെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. ജിഹാദ് എല്ലാ രൂപത്തിലും നടപ്പാക്കാന് പിഎഫ്ഐ ശ്രമിച്ചതിന്റെ ഭാഗമായിട്ടാണ് എസ്ഡിപിഐ രൂപീകരിച്ചതെന്നും അന്വേഷണ ഏജന്സി ആരോപിക്കുന്നുണ്ട്.
എസ്ഡിപിഐയെ അടിമുടി വെട്ടിലാക്കുന്ന റിപ്പോര്ട്ടാണ് ഇഡി കോടതിയില് എത്തിച്ചിരിക്കുന്നത്. 2022 സെപ്റ്റംബറിലാണ് പോപ്പുലര് ഫ്രണ്ടിനെ കേന്ദ്ര സര്ക്കാര് അഞ്ചു വര്ഷത്തേക്ക് നിരോധിച്ചത്. പോപ്പുലര് ഫ്രണ്ടുമായി ബന്ധപ്പെട്ട കേസില് 61.72 കോടിയുടെ സ്വത്തുക്കള് കേന്ദ്ര സര്ക്കാര് കണ്ടുകെട്ടിയിട്ടുമുണ്ട്.
സംഘടനയുടെ നയരൂപീകരണം, തെരഞ്ഞെടുപ്പിലെ സ്ഥാനാര്ഥി നിര്ണയം, പ്രവര്ത്തന ഫണ്ട് എന്നിവയടക്കം എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നത് പിഎഫ്ഐ ആണെന്ന ഗുരുതരമായ ആരോപണവും ഇഡി ഉയര്ത്തിയിട്ടുണ്ട്. എസ്ഡിപിഐയുടെ സാമ്പത്തിക ഇടപാടുകള് നിയന്ത്രിച്ചത് പിഎഫ്ഐ ആണെന്നും ഗള്ഫില്നിന്നടക്കം നിയമവിരുദ്ധമായി സംഘടനയ്ക്ക് പണം എത്തിയെന്നും റംസാന് കളക്ഷന്റെ പേരിലും എസ്ഡിപിഐ പണം സ്വരൂപിച്ചുവെന്നുമുള്ള ആരോപണങ്ങളും കേന്ദ്രസര്ക്കാരിന്റെ ഔദ്യോഗിക ഏജന്സി തന്നെ ഉന്നയിച്ചത് അതീവ ഗൗരവതരമാണ്.
2019 ലോക്സഭ തെരഞ്ഞെടുപ്പ് വരെ 3.75 കോടി രൂപ പോപ്പുലര് ഫ്രണ്ട് എസ്ഡിപിഐക്ക് നല്കിയതിന് തെളിവുണ്ടെന്നും ഇഡി റിപ്പോര്ട്ടില് അവകാശപ്പെടുന്നുണ്ട്. പിഎഫ്ഐയുടെ കേരള ആസ്ഥാനമായ കോഴിക്കോട് യൂണിറ്റി സെന്ററില്നിന്ന് കണ്ടെത്തിയ ചില രേഖകളാണത്രെ ഇതിനുള്ള തെളിവ്. അതിനിടെ ഇഡിയുടെ നീക്കത്തെ ശക്തമായി പ്രതിരോധിക്കാനാണ് എസ്ഡിപിഐയുടെ നീക്കം.
വഫഖ് ബില്ലിനെതിരേ പാര്ട്ടി നടത്തുന്ന പ്രതിഷേധങ്ങളോടുള്ള പകപോക്കലാണ് ഇഡി നീക്കമെന്നാണ് എസ്ഡിപിഐ നേതൃത്വത്തിന്റെ ആരോപണം. എസ്ഡിപിഐയുമായി ബന്ധപ്പെട്ട് കേരളത്തിലെ സംസ്ഥാന കമ്മിറ്റി ഓഫീസടക്കം രാജ്യത്തെ 12 കേന്ദ്രങ്ങളില് ഇഡി റെയ്ഡ് നടത്തിയതിനെതിരേ പ്രവര്ത്തകര് പ്രതിഷേധമുയര്ത്തിയിരുന്നു.