തിരുവനന്തപുരം: എസ്ഡിപിഐയുമായുള്ള കോണ്‍ഗ്രസിന്റെ കൂട്ടുകെട്ട് കോണ്‍ഗ്രസിന്റെ രാഷ്ട്രീയ അധഃപതനമെന്ന് എൽഡിഎഫ് കണ്‍വീനർ ഇ.പി. ജയരാജൻ. മതതീവ്രവാദശക്തികളുമായും വർഗീയ ശക്തികളുമായും കൂട്ടുകുടാൻ ഒരു മടിയുമില്ലെന്ന് കോണ്‍ഗ്രസ് തെളിയിച്ചിരിക്കുകയാണെന്നും അദ്ദേഹം രാഷ്ട്രദീപികയോട് പറഞ്ഞു.
അധികാരത്തിനായി ഭീകരവാദികളുമായി പോലും കൂട്ടുകൂടാൻ കോണ്‍ഗ്രസ് മടിക്കില്ലെന്നതിന്റെ ഉദാഹരണമാണ് എസ്ഡിപിഐമായുള്ള കൂട്ടുകെട്ട്. കോണ്‍ഗ്രസിന്റെ നിലപാട് തരംതാണതാണ്. നെറികെട്ട അവസരവാദ പ്രവർത്തികളെ ജനങ്ങൾ തിരിച്ചറിയും. മതനിരപേക്ഷത കാത്തുസൂക്ഷിക്കുന്ന നിലപാടാണ് എൽഡിഎഫിന്റേത്.
കോണ്‍ഗ്രസ് പാർട്ടി ജനങ്ങളിൽനിന്ന് അകന്നുപോയിക്കൊണ്ടിരിക്കുകയാണ്. ഏത് വിധേനയും അധികാരത്തിലേറാനാണ് കോണ്‍ഗ്രസ് തരംതാണതും നെറികെട്ടതുമായ കളികൾ നടത്തുന്നത്. ഇതെല്ലാം കേരളത്തിലെ ജനങ്ങൾ തിരിച്ചറിയുന്നുണ്ടെന്ന്്് കോണ്‍ഗ്രസ് മനസിലാക്കണം.
കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും അവസരവാദ നിലപാടിനെതിരേ എല്ലാ മതേതര ജനാധിപത്യവിശ്വാസികളും ശക്തമായി പ്രതികരിക്കണമെന്നും ഇ.പി. ജയരാജൻ പറഞ്ഞു. സംസ്ഥാനത്തിന്റെ വികസനത്തിനും മതനിരപേക്ഷതയ്ക്കും വേണ്ടി നിലകൊള്ളുന്നത് എൽഡിഎഫാണെന്നും അദ്ദേഹം വ്യക്തമാക്കി.
വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥികൾക്ക് തങ്ങൾ പരസ്യ പിന്തുണ നൽകുകയാണെന്ന വിവരം എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷറഫ് മൗലവി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസ് നേതൃത്വം പിന്തുണ തള്ളിക്കളയുമോയെന്ന ചോദ്യത്തിന് മറുപടി പറഞ്ഞിരുന്നില്ല.
എസ്ഡിപിഐയും കോണ്‍ഗ്രസും തമ്മിൽ രഹസ്യ ചർച്ച നടന്നതിന്റെ അടിസ്ഥാനത്തിലാണ് എസ്ഡിപിഐയുടെ യുഡിഎഫിനുള്ള പിന്തുണയെന്ന് ആരോപണം ഉയർന്നിരുന്നു. എന്നാൽ കോണ്‍ഗ്രസ് നേതൃത്വവും പ്രതിപക്ഷ നേതാവും ഈ വിഷയത്തിൽ അഭിപ്രായം പറഞ്ഞിട്ടില്ല.
അതേ സമയം എസ്ഡിപിഐ യുടെ പിന്തുണ പരന്പരാഗതമായി ലഭിക്കുന്ന യുഡിഎഫിന്റെ വോട്ടുകളിൽ വിള്ളൽ വീഴ്ത്തുമോയെന്ന ആശങ്ക കോണ്‍ഗ്രസ് ക്യാന്പുകളിലുമുണ്ട്. കോണ്‍ഗ്രസ്-എസ്ഡിപിഐ രഹസ്യ ചർച്ചയുടെ ഫലമാണ് പരസ്യ പിന്തുണയെന്ന ആരോപണവുമായി ബിജെപിയും രംഗത്ത് വന്നിട്ടുണ്ട്.
എം. സുരേഷ്ബാബു