കണ്ണൂരില് എം.ഡി.എം.എയുമായി ദമ്പതികള് പിടിയിലായ കേസില് മറ്റൊരു ദമ്പതികള് ഉള്പ്പെടെ മൂന്നുപേര് കൂടി അറസ്റ്റിലായി.
കണ്ണൂര് സിറ്റി മരക്കാര് കണ്ടി ചെറിയ ചിന്നപ്പന്റെവിടെ അന്സാരി (33),ഭാര്യ ഷബ്നയെന്ന ആതിരയുമാണ് (26) പിടിയിലായത്.
ഇവരോടൊപ്പം പഴയങ്ങാടി സി.എച്ച്.ഹൗസില് മൂരിക്കാട് വീട്ടില് ശിഹാബ് (35) എന്ന ടൂറിസ്റ്റ് ബസ് ഡ്രൈവറും അറസ്റ്റിലായിട്ടുണ്ട്.
കേസിലെ മുഖ്യപ്രതി നിസാമില് നിന്നും മയക്കുമരുന്ന്’ ചില്ലറയായി വാങ്ങി വില്പ്പന നടത്തി വരികയായിരുന്നു ദമ്പതികള്. അന്സാരി എസ് ഡി പി ഐ പ്രവര്ത്തകനാണെന്നാണ് പൊലീസ് നല്കുന്ന വിവരം.
250 ഗ്രാം എം.ഡി.എം എ നിസാമിന്റെ സംഘത്തില് നിന്നും കൈപ്പറ്റിയതായും ഇതിന്റെ വില നിസാമിന്റെ അക്കൗണ്ടില് നിക്ഷേപിച്ചതായും കണ്ണൂര് എ.സി.പി പി.പി. സദാനന്ദന് പറഞ്ഞു.
നിസാം ഇവരെ ഇടനിലക്കാരായി ഉപയോഗിച്ചതായാണ് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
മരക്കാര് കണ്ടി സ്വദേശിയായ അന്സാരി ദുബൈയിലും ഖത്തറിലുമുണ്ടായിരുന്നു. ഇതിനിടയിലാണ് എം.ഡി എം.എ വിതരണക്കാരുമായി ബന്ധമുണ്ടാക്കിയത്.
കഞ്ചാവ് ഉപയോഗിച്ചിരുന്ന ഇയാള് രാസലഹരി ഉപയോഗിക്കാനും വിതരണം നടത്താനും തുടങ്ങുകയായിരുന്നു നിസാമുമായി പ്രതിദിനം ഒരു ലക്ഷം രൂപയുടെ ഇടപാട് ഇയാള് നടത്തിയിട്ടുണ്ടെന്ന് പൊലിസ് പറഞ്ഞു.
ലഹരിമരുന്ന് വില്പ്പനയ്ക്കിടെ അന്സാരിയും ഭാര്യ ഷബ്നയുടെ സഹോദരനും എക്സൈസിന്റെ പിടിയിലായിരുന്നു.
ഇവിടെ നിന്നും അന്സാരി നിര്ദ്ദേശിച്ച പ്രകാരം ഭാര്യ ഷബ്ന നിസാമുമായി ഫോണില് വാട്സ് ആപ്പ് കോളില് ബന്ധപ്പെട്ടു നിസാമിന്റെ നിര്ദ്ദേശപ്രകാരം ലഹരി വില്പ്പന തുടരുകയായിരുന്നു.
കഴിഞ്ഞ മാര്ച്ച് ഏഴിനാണ് കണ്ണുരില് ഒരു കോടിയിലേറെ വിലയുള്ള മയക്കുമരുന്നുമായി അഫ്സല് ബള്ക്കീസ് ദമ്പതികള് പാര്സല് വാങ്ങാനെത്തിയപ്പോള് ട്രാവല് ഏജന്സി ഓഫിസില് നിന്നും അറസ്റ്റിലായത്.
ഇതോടെയാണ് അന്വേഷണം മുഖ്യ പ്രതികളായ നിസാം, ജനീസ് എന്നിവരിലേക്കെത്തുന്നത്.
ഇന്നലെ രാവിലെ പതിനൊന്നോടെ അറസ്റ്റിലായ ഷബ്നയും അന്സാരിയും കണ്ണൂര് ഡിവൈഎസ്പി ഓഫീസില് സൃഷ്ടിച്ചത് നാടകീയ രംഗങ്ങളായിരുന്നു.
ഓഫീസില് നെഞ്ചത്തടിച്ചും നിലവിളിച്ചും നാടകീയ രംഗം സൃഷ്ടിച്ച ഇവര് തങ്ങളെ മയക്കുമരുന്ന് കേസിലെ സൂത്രധാരനായ നിസാം കേസില് കുടുക്കിയെന്നാണ് മാദ്ധ്യമ പ്രവര്ത്തകരോട് വിളിച്ചു പറഞ്ഞത്.
താന് അന്നേ ഇതൊക്കെ വേണ്ടായെന്ന് ഭര്ത്താവ് അന്സാരിയോട് പറഞ്ഞതാണെന്നും ഷബ്നയെന്ന ആതിര കരഞ്ഞു കൊണ്ടു പോലീസിനോടും മാദ്ധ്യമപ്രവര്ത്തകരോടും പറഞ്ഞു.
എന്നാല് വളരെ കൃത്യമായ ആസൂത്രണത്തോടുകൂടിയാണ് ഇവര് കഴിഞ്ഞ ആറുമാസക്കാലമായി മയക്കുമരുന്ന കച്ചവടത്തിന് ഇറങ്ങിയതെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റു ചെയ്തതെന്ന് കണ്ണൂര് സിറ്റി പൊലിസ് അസി.കമ്മിഷണര് പി.പി സദാനന്ദന് പറഞ്ഞു.