കൊച്ചി: വൈക്കം സ്വദേശിയായ യുവതിയുടെ വിവാഹം അസാധുവാക്കിയ ഹൈക്കോടതി നടപടിക്കെതിരേ മുസ്ലിം ഏകോപന സമിതി നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കുടുതല്‍ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കും. കൂടുതല്‍ പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയെന്നും ചിലരെ സംബന്ധിച്ച സൂചനകള്‍ ലഭിച്ചതായും പോലീസ് വ്യക്തമാക്കി.
കേസില്‍ ഇന്നലെ രണ്ടുപേരെ കൂടി അറസ്റ്റ് ചെയ്തതോടെ ഇതുവരെ പിടിയിലായവരുടെ എണ്ണം നാലായി. കേസിലെ നാലാം പ്രതി തൃക്കാക്കര എന്‍ജിഒ ക്വാര്‍ട്ടേഴ്സിനു പടിഞ്ഞാറുവശം പടനാട്ടില്‍ ഷിഹാബ് (36), പന്ത്രണ്ടാം പ്രതി പള്ളുരുത്തി തങ്ങള്‍നഗര്‍ കോച്ചുമാലിപ്പറമ്പില് സുധീര്‍ (32) എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്. എസ്ഡിപിഐ പ്രവര്‍ത്തകരായ ഇവരെ ഇന്നു കോടതിയില്‍ ഹാജരാക്കും.
എസ്ഡിപിഐ നേതാക്കളായ പറവൂര്‍ സ്വദേശി എ.എ. സഹീര്‍ (43), കൂനമ്മാവ് സ്വദേശി മുഹമ്മദ് ഷെരീഫ് (36) എന്നിവരെ കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയിരുന്നു. ഇവരെ ഇന്നലെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ഹൈക്കോടതിയെ ഭീഷണിപ്പെടുത്തല്‍, മതസ്പര്‍ദ വളര്‍ത്തല്‍, പോലീസ് ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, അനുവാദമില്ലാതെ മൈക്ക് ഉപയോഗിക്കല്‍, പോലീസിനെ ദേഹോപദ്രവമേല്‍പ്പിക്കല്‍ എന്നീ കുറ്റങ്ങളാണു പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
മാതാപിതാക്കളുടെ അനുമതിയില്ലാതെ മകളെ നിര്‍ബന്ധിച്ചു മതം മാറ്റിയെന്നാരോപിച്ചു പിതാവ് നല്കിയ ഹര്‍ജിയില്‍ യുവതിയുടെ വിവാഹം അസാധുവാക്കിയ കോടതി നടപടിക്കെതിരേ മുസ്ലിം ഏകോപന സമിതി കഴിഞ്ഞ 29ന് ഹൈക്കോടതിയിലേക്കു മാര്‍ച്ച് നടത്തുകയും ഇതു സംഘര്‍ഷത്തില്‍ കലാശിക്കുകയും ചെയ്തിരുന്നു.
മുസ്ലിം ഏകോപന സമിതി എന്ന പേരില്‍ എസ്ഡിപിഐ ആയിരുന്നു മാര്‍ച്ചിനു നേതൃത്വം നല്കിയിരുന്നതെന്നു പോലീസ് പറഞ്ഞു. മാര്‍ച്ചിനു നേതൃത്വം നല്കിയ 16 പേര്‍ക്കെതിരെയും മാര്‍ച്ചില്‍ പങ്കെടുത്ത മൂവായിരത്തോളം പ്രവര്ത്തകര്ക്കെതിരെയുമാണു സെന്‍ട്രല്‍ പോലീസ് കേസെടുത്തിരിക്കുന്നത്. മാര്‍ച്ചിലുണ്ടായ സംഘര്‍ഷത്തില്‍ 25 ഓളം പേര്‍ക്കു പരിക്കേറ്റിരുന്നു.