തൊടുപുഴയിലെ ഹോട്ടലുടമയ്‌ക്കെതിരേ എസ്ഡിപിഐയുടെ വ്യാജപരാതി. മുസ്ലിം വ്യാപാരികളുടെ വിവരം ശേഖരിക്കുന്നതിനായി എറണാകുളം കാഞ്ഞിരമറ്റത്തെ കടകള്‍ കയറിയെന്നാണ് ആരോപണം.
തൊടുപുഴ ഭീമ ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന നന്ദനം ഹോട്ടലുടമയായ പി. ആര്‍ പ്രസാദിനെതിരേയാണ് പരാതി. അന്വേഷണത്തിനായി പോലീസ് നിരന്തരം എത്തിത്തുടങ്ങിയതോടെയാണ് പ്രസാദ് കാര്യം അറിഞ്ഞത്.
കടയുടെ നവീകരണത്തിനായി പുനര്‍വില്‍പ്പന നടത്തുന്ന ഗ്ലാസുകള്‍ വാങ്ങുന്നതിനായി പ്രസാദ് എറണാകുളം ആമ്പല്ലൂരിനു സമീപമുള്ള കാഞ്ഞിരമറ്റത്ത് പോയിരുന്നു.
ഡിസംബര്‍ 29ന് സുഹൃത്തുക്കളുമൊപ്പം ഉച്ചയോടെ പ്രദേശത്ത് ചെന്ന പ്രസാദ് അവിടെ ആദ്യം കണ്ട കടയില്‍ കയറുകയായിരുന്നു.
പിന്നീട് ആ കടയുടമയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് അനുയോജ്യമായ ഗ്ലാസ് തിരഞ്ഞ് പ്രസാദ് സമീപത്തുള്ള കടകളിലും കയറി.
തുടര്‍ന്ന് സമീപത്തുള്ള എട്ടു പത്തു കടകളില്‍ കയറിയ ശേഷം ഒരു കടയില്‍ നിന്ന് ഗ്ലാസ് വാങ്ങാമെന്ന് തീരുമാനിക്കുകയായിരുന്നു.
കടയുടെ തന്നെ വാഹനത്തില്‍ ഗ്ലാസ് പിറ്റേദിവസം വീട്ടിലെത്തിക്കാമെന്ന് കടക്കാര്‍ പറഞ്ഞെങ്കിലും അത്യാവശ്യമായതിനാല്‍ പ്രസാദ് മറ്റൊരു വാഹനത്തില്‍ അന്നു വൈകുന്നേരം തന്നെ സാധനവുമായി മടങ്ങി.
തുടര്‍ന്ന് മുളന്തുരുത്തി പോലീസില്‍ നിന്ന് ഉദ്യോഗസ്ഥരെത്തിയതോടെയാണ് പ്രസാദിന് എന്തോ പന്തികേട് മണത്തത്. ആദ്യം ചോദിച്ചപ്പോള്‍ വാഹനം നിര്‍ത്താതെ പോന്നതിന് അന്വേഷിച്ചു വന്നതാണെന്ന് പോലീസ് ഉരുണ്ടുകളിച്ചു.
എന്നാല്‍ തങ്ങള്‍ വന്ന വഴിയില്‍ എങ്ങും പോലീസ് ചെക്കിംഗ് ഇല്ലായിരുന്നല്ലോ എന്ന് പ്രസാദ് ചോദിച്ചപ്പോഴാണ് എസ്ഡിപിഐയുടെ പരാതിയുണ്ടെന്നും അത് അന്വേഷിക്കാന്‍ വന്നതാണെന്നും പോലീസ് സംഘം വെളിപ്പെടുത്തിയത്.
കാഞ്ഞിരമറ്റത്ത് പോയി അഞ്ചെട്ടു മണിക്കൂര്‍ ചിലവഴിച്ച് അവിടെയുള്ള കടകളില്‍ കയറിയത് എസ്ഡിപിഐക്കാരുടെ വിവരം ശേഖരിച്ചെന്ന് എസ്ഡിപിഐ പരാതി നല്‍കിയതായി പോലീസ് വ്യക്തമാക്കി.
മുസ്ലിം വ്യാപാരസ്ഥാപനങ്ങളില്‍ ഹൈന്ദവ വിശ്വാസികള്‍ക്ക് കയറാന്‍ പാടില്ലെന്ന സാഹചര്യമാണ് എസ്ഡിപിഐ ഇതിലൂടെ സൃഷ്ടിക്കുന്നതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികല വ്യക്തമാക്കി.