തിരുവനന്തപുരം : മിശ്രവിവാഹിതരായ തങ്ങള്‍ക്ക് വധഭീഷണിയുണ്ടെന്ന് നവദമ്പതികളുടെ പരാതി. ദമ്പതികള്‍ ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്. വീഡിയോ വൈറലായതോടെ പ്രശ്‌നത്തില്‍ പോലീസ് ഇടപെട്ടു. ഇരുവര്‍ക്കും സംരക്ഷണം നല്‍കാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളുമെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശിയായ യുവതിയും യുവാവുമാണ് കഴിഞ്ഞ ദിവസം വിവാഹിതരായത്. വധുവിന്റെ ബന്ധുക്കളും എസ്ഡിപിഐക്കാരുമാണ് ഭീഷണിപ്പെടുത്തുന്നതെന്ന് ദമ്പതികള്‍ ആരോപിക്കുന്നു.
ക്രിസ്ത്യാനിയായ ഹാരിസണും മുസ്ലിമായ ഷഹാനയുമാണ് പ്രണയിച്ച് വിവാഹം കഴിച്ചത്. ഷഹാനയുടെ ബന്ധുക്കളും എസ്ഡിപിഐ പ്രവര്‍ത്തകരുമാണ് ഭീഷണിപ്പെടുത്തുന്നതെന്ന് ഇരുവരും പറയുന്നു. എസ്ഡിപിഐ പ്രവര്‍ത്തകരായ ഷംസി, നിസാര്‍ എന്നിവരാണ് ഭീഷണിപ്പെടുത്തിയത്. കൊല്ലുമെന്നായിരുന്നു ഭീഷണിയെന്ന് ഇരുവരും പറയുന്നു. തന്നെ മാത്രമല്ല, വീട്ടുകാരെയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായി ഹാരിസണ്‍ പറയുന്നു. മറ്റൊരു കെവിനാകാന്‍ താല്‍പ്പര്യമില്ലെന്നും ഹാരിസണ്‍ പറഞ്ഞു. ഭര്‍ത്താവിനൊപ്പം ജീവിക്കണമെന്ന് ഷഹാന പറഞ്ഞു. മതവും ജാതിയും തങ്ങള്‍ക്കിടയിലില്ല. സ്‌നേഹം മാത്രമാണുള്ളത്. എന്തിനാണ് തങ്ങളെ കൊല്ലാന്‍നോക്കുന്നത്. മതം മാറാന്‍ തങ്ങള്‍ രണ്ടുപേരും തീരുമാനിച്ചിട്ടില്ലെന്നും ഷഹാന പറയുന്നു.
എന്റെ ഭര്‍ത്താവ് എന്നെ മതം മാറ്റിയിട്ടില്ല. ഭര്‍ത്താവിനെയും കുടുംബക്കാരെയും കൊല്ലാന്‍ എസ്ഡിപിഐക്കാര്‍ ക്വട്ടേഷന്‍ കൊടുത്തിരിക്കുകയാണ്. ഹാരിസണിന്റെ കൂടെ ജീവിക്കണമെന്നും തങ്ങളെ ജീവിതം ഇല്ലാതാക്കരുതെന്നും ഷഹാന പറഞ്ഞു. ഇവനെയും എന്നെയും കൊല്ലുമെന്നാണ് വീട്ടുകാര്‍ പറഞ്ഞിരിക്കുന്നതെന്ന് ഷഹാന പറയുന്നു.”എനിക്ക് ഇവന്റെ കൂടെ ജീവിക്കണം. അല്ലാതെ മരിക്കാനൊന്നും പറ്റില്ല. ഞങ്ങളെ കൊന്നിട്ട് നിങ്ങള്‍ക്ക് എന്താണ് കിട്ടാനുള്ളത്. ഞങ്ങളെ കൊന്നിട്ട് നിങ്ങള്‍ക്ക് ഒരു ഗുണവും കിട്ടില്ല. ഞങ്ങള്‍ മരിച്ചാലേ നിങ്ങള്‍ ജയിക്കുമെന്ന് നിങ്ങള്‍ക്ക് തോന്നേണ്ടതില്ല. ഞങ്ങളുടെ ശാപം നിങ്ങള്‍ക്ക് കിട്ടത്തേ ഒള്ളൂ. എന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് ഞാന്‍ ഇറങ്ങി വന്നതും വിവാഹം കഴിച്ചതും” ഷഹാന പറയുന്നു.
പല ഭാഗത്തു നിന്നും ഭീഷണികള്‍ വരുന്നുണ്ട്. വീട്ടിന്റെ പരിസരത്തെല്ലാം ചിലരുണ്ട്. അച്ഛനെ വിളിക്കാന്‍ പോലും പറ്റാത്ത അവസ്ഥയാണ്. അച്ഛനെയും അമ്മയെയും അനിയത്തിയെയും ഞങ്ങള്‍ രണ്ടുപേരെയും കൊല്ലുമെന്നും ഭീഷണിയുണ്ടെന്ന് ഹാരിസണ്‍ പറയുന്നു. പോലീസുമായി ബന്ധപ്പെടാന്‍ സാധിക്കുന്നില്ല. എന്തു ചെയ്യണമെന്ന് അറിയാതെ വന്നപ്പോഴാണ് ഇങ്ങനെ ഒരു വീഡിയോ ഫേസ്ബുക്കിലിടാന്‍ തീരുമാനിച്ചതെന്നും ഹാരിസണ്‍ പറയുന്നു. ഇരുവരും ഇപ്പോള്‍ എവിടെയാണെന്ന് വീഡിയോയില്‍ പറയുന്നില്ല.