കല്ലന്പലം: നാവായിക്കുളത്ത് 11 കാരൻ കഴുത്തറുത്ത് കൊല്ലപ്പെട്ടനിലയിലും പിതാവിനെയും ഇളയ സഹോദരനെയും വീടിനു സമീപത്തുള്ള കുളത്തിൽ മരിച്ച നിലയിലും കണ്ടെത്തി.
നാവായിക്കുളം നൈനാംകോണം വടക്കേവയൽ മംഗ്ലാവിൽവാതുക്കൽ വയലിൽ വീട്ടിൽ സഫീർ (34), സഫീറിന്റെ മൂത്തമകൻ അൽത്താഫ് (11), ഇളയമകൻ അൻഷാദ് (ഒന്പത് ) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
അൽത്താഫിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ വീട്ടിൽ കണ്ടെത്തുകയായിരുന്നു. സഫീറിന്റെയും അൻഷാദിന്റെയും മൃതദേഹം സമീപത്തുള്ള കുളത്തിൽ നിന്ന് ഫയർഫോഴ്സ് കണ്ടെടുത്തു.
കുട്ടികളെ മയക്കികിടത്തിയതിന് ശേഷം മൂത്തകുട്ടിയെ കൊലപ്പെടുത്തുകയും തുടർന്ന് ഓട്ടോയിൽ ഇളയകുട്ടിയുമായി എത്തി നാവായിക്കുളം വലിയകുളത്തിൽ ചാടിയതാകാം എന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
സംഭവത്തെകുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: നെടുമങ്ങാട് ചുള്ളിമാനൂർ സ്വദേശിയായ സഫീർ 12 വർഷം മുന്പാണ് വിവാഹിതനായത്. നാവായിക്കുളം പട്ടാളംമുക്കിലെ ഓട്ടോ ഡ്രൈവറായിരുന്ന സഫീറിന് കുറച്ചുനാളായി മാനസിക ആസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു.
സംശയവും അകാരണമായ ഭയവും സഫീറിനുണ്ടായതോടെ ഭാര്യയെ ഉപദ്രവിക്കാനും തുടങ്ങി. ഇതേ തുടർന്ന് സഫീറിന്റെ മാതാപിതാക്കൾ ചികിത്സക്കായി ഇദ്ദേഹത്തെ നെടുമങ്ങാട്ട് കൊണ്ടുപോയി. ചികിത്സയെ തുടർന്ന് മാനസിക സമ്മർദം ഭേദമായ ഇയാൾ കുറച്ച് നാളുകൾക്ക് ശേഷം നാവായിക്കുളത്തെ വീട്ടിൽതിരികെ എത്തി.
ഇതിനിടെ നാവായിക്കുളം വൈരമലയിൽ പുതുതായി വീട് പണിതെങ്കിലും അവിടെ താമസിക്കാൻ സഫീറിന് താൽപര്യമില്ലായിരുന്നു. തുടർന്ന് മംഗ്ലാവിൽവാതുക്കലുള്ള വയലിൽ വീട്ടിൽ ഒറ്റയ്ക്കാണ് സഫീർ താമസിച്ചിരുന്നത്.
അയൽവാസികളുമായി വലിയ സൗഹൃദവും ഉണ്ടായിരുന്നില്ല. മദ്യപാനമോ മയക്കുമരുന്ന് ഉപയോഗമോ സഫീറിനില്ലായിരുന്നെന്ന് സമീപവാസികളും പറയുന്നു. ഒറ്റയ്ക്ക് താമസിച്ചു വന്ന സഫീർ ഇടക്കിടെ രണ്ടു മക്കളെയും വീട്ടിൽ കൊണ്ട് വന്ന് നിർത്തുമായിരുന്നു.
വെള്ളിയാഴ്ച വൈകുന്നേരം ആറോടെ സഫീർ വൈരമലയിലുള്ള ഭാര്യവീട്ടിലെത്തി മക്കളെ കൂട്ടി തന്റെ ഓട്ടോറിക്ഷയിൽ പാപനാശത്തും തുടർന്നു വർക്കല പാലച്ചിറയിലുള്ള ബന്ധുവീട്ടിലും എത്തിയിരുന്നു.
ഇതിനിടയിൽ കുട്ടികൾക്ക് വസ്ത്രങ്ങളും ഭക്ഷണവും വാങ്ങി നൽകിയിരുന്നു. രാത്രി എട്ടരയോടെ പാലച്ചിറയിലെ വീട്ടിൽ നിന്നു കുട്ടികളുമായി ഇറങ്ങിയ സഫീർ രാത്രി ഒൻപതോടെ തന്റെ വീട്ടിലെത്തിയതായി പരിസരവാസികളും പറയുന്നു.തുടർന്നായിരിക്കാം കൊലപാതകം നടത്തിയതെന്നാണ് പോലീസ് നിഗമനം.
ഇന്നലെ രാവിലെ സഫീറിനെയും കുട്ടികളേയും കാണാത്തതിനെ തുടർന്ന് ഭാര്യ സഹോദരൻ വീട്ടിലെത്തിയപ്പോൾ വീട് പുറത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിൽ നാവായിക്കുളം വലിയകുളത്തിന് സമീപം ഓട്ടോറിക്ഷ ഉപേക്ഷിക്കപ്പെട്ട നിലയിൽകണ്ടെത്തിയത്.
ഓട്ടോറിക്ഷയിൽ നിന്നു ലഭിച്ച കത്തിൽ മൂത്തമകൻ വീട്ടിലുണ്ടെന്നു എഴുതിയിരുന്നു. കുളത്തിലെ പടിക്കെട്ടിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ചെരുപ്പുകളും വാച്ചും കണ്ടെത്തി.
തുടർന്ന് കല്ലന്പലം പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി നടത്തിയ തെരച്ചിലിനിടയിൽ ഇന്നലെ രാവിലെ 11 ഓടെ സഫീറിന്റെ മൃതദേഹവും ഉച്ചക്ക് ഒന്നിന്അൻഷാദിന്റെ മൃതദേഹവും കണ്ടെത്തുകയായിരുന്നു.
വീട്ടിൽ കിടപ്പുമുറിയിൽ കട്ടിലിൽ കഴുത്തറ്റ് ചോരവാർന്ന് മരിച്ച നിലയിലായിരുന്നു അൽത്താഫിന്റെ മൃതദേഹം.
ജില്ലാ പോലീസ് മേധാവിഅശോക് കുമാർ, ഡിവൈഎസ്പി ദിനിൽകുമാർ, കല്ലന്പലം ഇൻസ്പെക്ടർ ഐ. ഫറോസ്, എസ്ഐ വി. ഗംഗാപ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ ഉന്നത പോലീസ് സംഘം സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
ഫോറൻസിക് വിഭാഗം, ഡോഗ് സ്ക്വാഡ് എന്നിവയും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ മൃതദേഹങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.
കോവിഡ് പരിശോധനയ്ക്ക് ശേഷം പോസ്റ്റ് മോർട്ടം നടത്തി ഇന്ന് മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനല്കും. തുടർന്ന് വെള്ളൂർകോണം ജുമ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും .