ഇംഗ്ലണ്ടിലെ ഐൽ ഓഫ് മാനിലെ റാംസെ കപ്പൽ നിർമാണശാലയിലാണ് കപ്പലുകൾ തടികൊണ്ടുമാത്രം നിർമിച്ചിരുന്ന കാലത്ത് ഉരുക്കിൽ നിർമിച്ചിറങ്ങുന്നത്. സംഭവബഹുലമാണ് കപ്പലിന്റെ ജലജീവിതം. ഇന്ത്യയിലേക്കുള്ള ആദ്യ യാത്രയിൽ ഒരപകടവും നാവിക കലാപവും. രണ്ടാം യാത്രയിൽ ബംഗാൾ ഉൾക്കടലിലെ കൊടുങ്കാറ്റ് കവർന്നെടുത്ത് നിയന്ത്രണം നഷ്ടപ്പെട്ടാണ് തുറമുഖത്തടുത്തത്. തീർന്നില്ല. കപ്പിത്താൻ കടലിൽ മരിച്ചു. കടലിൽ മരിക്കുന്ന നാവികർക്ക് അന്നത്തെ കാലത്തു പതിവുള്ളതുപോലെ ജലസമാധി. അതുകൊണ്ടൊന്നും സ്റ്റാർ ഓഫ് ഇന്ത്യ അസ്തമിച്ചില്ല. പിന്നെയും കടലോളങ്ങളിൽ ഇന്ത്യയിലേക്ക് നാലു യാത്രകൂടി. നീണ്ട കടൽജീവിതത്തിനു ശേഷം സാന്റിയാഗോ കടൽക്കരയിൽ മ്യൂസിയമായി ശാന്തസമുദ്ര തീരജീവിതം തുടരുന്നു. കടൽക്കരയ്ക്ക് അല്പം അകലെ ഒരു തെരുവുണ്ട് ഇന്ത്യാ സ്ട്രീറ്റ്.
അമേരിക്കയെന്ന ആകസ്മികത
അമേരിക്കയെന്ന ദേശംതന്നെ ഇന്ത്യയുമായി ബന്ധപ്പെട്ട ആകസ്മികതയാണ്. ഇന്ത്യ കണ്ടുപിടിക്കാനിറങ്ങിയ കൊളംബസ് ചെന്നടിഞ്ഞ ഭൂവിഭാഗത്തെ ഇന്ത്യയായി തെറ്റിദ്ധരിച്ചത്.., തദ്ദേശീയരെ ഇന്ത്യാക്കാരെന്നു പരാമർശിച്ചത്.., സോളമന്റെ കാലം മുതൽ കുരുമുളകും സമ്പത്തും തേടിയുളള യാത്രയുടെ തുടർച്ച.., പട്ടുപാതയിലെ മൂർ കുത്തകയെ മറികടക്കാനുളള അന്വേഷണങ്ങൾ.., ഭൂഗോളത്തിനു പടിഞ്ഞാറുവശം സ്പെയിനിനും കിഴക്കുവശം പോർച്ചുഗലിനും നല്കിക്കൊണ്ടുളള പോപ്പ് ശാസനം… പോർച്ചുഗൽ കിഴക്കിനെ കീഴടക്കിയില്ലെങ്കിലും സ്പെയിൻ ഒരു പരിധിവരെ വിജയിച്ചു. തെക്കും വടക്കുമായ അമേരിക്കൻ ഭൂഖണ്ഡങ്ങളിൽ കുറച്ചധികം രാജ്യങ്ങളിൽ പ്രാദേശിക ഭാഷകളെ ഇല്ലായ്മ ചെയ്ത് ഏറ്റവും അധികം സംസാരിക്കപ്പെടുന്ന ഭാഷ സ്പാനിഷാണ്.
സ്പാനിഷ് അമേരിക്കയിൽ, കുറഞ്ഞത് കലിഫോർണിയയിലെങ്കിലും പ്രമുഖഭാഷയാണ്. ട്രെയിനുകളിലും ബസുകളിലുമെല്ലാം ഇംഗ്ലീഷിനൊപ്പം തത്തുല്യ പ്രാധാന്യത്തോടെ സ്പാനിഷ് അനൗൺസ് ചെയ്യപ്പെടുന്നു. തെരുവുകളിൽ അധികം കേൾക്കുന്നതും സ്പാനിഷാണ്. ഇംഗ്ലീഷ് വിദ്യാഭ്യാസമുള്ളവന്റെ, അമേരിക്കൻ ഭൂഖണ്ഡത്തിനു പുറത്തു നിന്നും കുടിയേറിയവന്റെ മാത്രം ഭാഷയാണ്. സാധാരണക്കാരനും പാവപ്പെട്ടവനുമെല്ലാം സ്പാനിഷാണ് മൊഴി.
സാന്റിയാഗോയുടെ ഉദയം
അംബരചുംബികളുടെ ഡൗൺ ടൗണിന് കുറച്ചു കിലോമീറ്ററപ്പുറം പഴയ നഗരമുണ്ട്. അവിടെ പ്രാദേശിക ഭരണകൂടം പഴയകാല കലിഫോർണിയൻ ജീവിതം കണ്ടറിയാൻ ഒരു ടൗൺഷിപ്പിൽ അവസരമൊരുക്കിയിട്ടുണ്ട്. കലിഫോർണിയയിലെ ആദിമവംശജരുടെ മുതൽ കഴിഞ്ഞ നൂറ്റാണ്ടു വരെയുള്ള ചരിത്രം. അമേരിക്കയുടെ പടിഞ്ഞാറൻ തീരത്തെ ആദ്യത്തെ യൂറോപ്യൻ സാന്നിധ്യമാണ് കലിഫോർണിയൻ തീരത്തെ സാന്റിയാഗോ. അന്ന് സാന്റിയാഗോയും കലിഫോർണിയയും മെക്സിക്കോയുടെ ഭാഗമായിരുന്നു. 1769ൽ ഫാ. ജൂനിപെറോ സെറ സാന്റിയാഗോയിൽ മിഷനറി പ്രവർത്തനം ആരംഭിക്കുന്നതോടെയാണ് നഗരം രൂപപ്പെടുന്നത്. മുന്പെഴുതിയതു പോലെ ഭൂഗോളത്തെ കിഴക്കും പടിഞ്ഞാറുമായി വീതം വച്ചതിനു ശേഷം 1492ൽ ഇന്ത്യ തേടിയുള്ള യാത്രയിൽ കൊളംബസ് അമേരിക്കയിലും, 1498ൽ വാസ്കോഡഗാമ കാപ്പാടും കപ്പലിറങ്ങി. കൊളംബസിന്റെ യാത്രകഴിഞ്ഞ് അധികം താമസിയാതെതന്നെ ന്യൂസ്പെയിനിലെ മിഷനറി പ്രവർത്തനമാരംഭിച്ചു. അങ്ങനെയാണ് ഫാ. ജൂനിപെറോ സെറ സാന്റിയാഗോ നഗരം സ്ഥാപിക്കുന്നത്, ഗോത്രജീവിതത്തിൽനിന്നും അംബരചുംബികളിലേക്കുള്ള യാത്ര ആരംഭിക്കുന്നതും.
വൈൽഡ് വെസ്റ്റ് കൗബോയ് സിനിമകളിലെ ജീവിതം അതിഭാവുകത്വമല്ല. മറിച്ച് അതാതു കാലങ്ങളിലെ യാഥാർഥ്യമായിരുന്നു. ഒരുപക്ഷെ നടപ്പുകാലത്തിന്റെ ധാർമികതകൾക്കും കാഴ്ചകൾക്കും ചേരില്ലെങ്കിലും ചരിത്രം എന്നും യാഥാർഥ്യമാണ്. വരണ്ട മലഞ്ചെരിവുകളും പൊടിക്കാറ്റും.., യൂറോപ്പിൽനിന്നുള്ള ഭാഗ്യാന്വേഷികളുടെ കുത്തൊഴുക്ക്..,ഗോൾഡ് റഷെന്ന സ്വർണം തേടിയുളള പരക്കംപാച്ചിൽ.. ജീവിതം കാലികളെ മേയ്ച്ചും ഖനിജങ്ങൾ തേടിയും.
ഓൾഡ് ടൗണിൽ, പഴയ ആ ജീവിതത്തിന്റെ കാഴ്ചകളുണ്ട്. കുതിരലായങ്ങളും ആലകളും സ്കൂളും കോടതിയും ജയിലും എല്ലാം. സലൂണെന്ന പഴയകാല സ്ഥാപനം. പബ്ബും സത്രവും മുതൽ പലചരക്കും വ്യഞ്ജനങ്ങളും ലോക്കൽ മാർക്കറ്റും എല്ലാം സലൂണെന്ന ഈ സ്ഥാപനമാണ്. പിന്നെ ഏതു നാട്ടിലെയും പോലെ പലിശയും പണമിടപാടും. കൗബോയ് ജീവിതത്തിന്റെ അടിസ്ഥാനം. ബസ്സുകളുടെയും ട്രെയിനുകളുടെയും മുന്പുള്ള കാരിയേജുകളും. നാലോ ആറോ തടിച്ചക്രങ്ങളിൽ കുതിര വലിക്കുന്ന ഒന്ന്. മനുഷ്യരെ മാത്രമല്ല തപാലും സർക്കാർ ആശയവിനിമയങ്ങളുമെല്ലാം കാരിയേജിലായിരുന്നു. ഷെരീഫ് എന്ന നിയമപാലകൻ. ഗവർണറെന്ന ജഡ്ജി. ഗവർണറുടെ താമസസ്ഥലമാണ് ഏറ്റവും പ്രധാനപ്പെട്ട കെട്ടിടം. സിഗാർ തെറുക്കുന്നവർ മുതൽ ഷൂ പോളിഷും റിപ്പയറും വർക്ക്ഷോപ്പുകളും കുതിര ജീനികളും അനുബന്ധങ്ങളും വിൽക്കുന്നവരും. ഒരു കൗബോയ് നഗരത്തിന്റെ ചിത്രം പൂർണമാവുന്നു.
പുതുലോകം കുതിക്കുന്പോൾ
ചരിത്രം പോയകാലം മാത്രമാണ്. ഇന്നാണ് യാഥാർഥ്യം. പഴയ നഗരത്തിന്റെ വേലിക്കെട്ടിനുപുറത്ത് ആറുവരിപ്പാതകളിൽ പഴമയെ അപ്രസക്തമാക്കി പുതുലോകം കുതിച്ചോടുന്നു. ഇടയ്ക്കും തലയ്ക്കും ലിമോസിനുകളും. ലിമോസിനുകളോടുന്ന നിരത്തിലെ ഡിവൈഡറുകളിൽ മുഷിഞ്ഞ വസ്ത്രധാരികൾ സഹായം അഭ്യർഥിക്കുന്ന പ്ലക്കാർഡുകളുമായി നില്ക്കുന്നു. അംബരചുംബികളുടെ നഗരത്തിലെ ആഡംബരമാളുകളുടെ, തെരുവുകളുടെ കുപ്പകളെ ഉപജീവിച്ചു ജീവിക്കുന്ന അഗതികളേറെയാണ്. തെരുവിൽ ജീവിക്കുന്നവർ. ഭക്ഷണശാലകളിലാഘോഷങ്ങൾ തിമർക്കുന്ന രാത്രികളിൽ തണുപ്പിനെ കെട്ടിപ്പിടിച്ചുറങ്ങുന്നവർ. ആഡംബര അപ്പാർട്ടുമെന്റുകൾക്കും കാറുകൾക്കും പബ്ബുകൾക്കും അകം മറയ്ക്കുന്ന ജാലകങ്ങളുണ്ട്. തെരുവിനതില്ല. തെരുവ് തുറസാണ്. തുറന്ന ജീവിതമാണ്.
രണ്ടും അമേരിക്കയാണ്. ചെറിയ ന്യൂനപക്ഷം അമേരിക്കൻ ഇന്ത്യൻസല്ലാതെ എല്ലാവരും കുടിയേറ്റക്കാരായ അമേരിക്ക. സാഹചര്യങ്ങളുടെ, അവസരങ്ങളുടെ, ഭാഗ്യത്തിന്റെ, നിർഭാഗ്യത്തിന്റെ നാട്. നിയോൺ വസന്തത്തിന്റെ നിഴലുകളിൽ ലാഹൊല്ലയെന്ന ആഡംബരലോകത്തേക്കുള്ള രാത്രി ട്രെയിൻ കാത്ത് അക്ഷമരായി നിൽക്കുന്നവരും, ക്ഷമയോടെ നിരാശപുതച്ച് ബഞ്ചുകളിൽ ചായുന്നവരും ഒരേപോലെ ഭാഗ്യാന്വേഷികളാണ്. ചിലർ വീണു. ചിലർ വാണു. ചരിത്രം മാത്രമല്ല ജീവിതവും വാണവരുടെ കൂടെയാണ്.
തിരിച്ചുപോകുന്ന ട്രെയിനിൽ ആൾത്തിരക്ക് കുറവ്. വികസിത രാജ്യത്ത് നിത്യജീവിതം യഥാസമയം തള്ളിക്കൊണ്ടുപോകാൻ സ്വന്തം വാഹനമില്ലാതെ പറ്റില്ല. ട്രെയിൻജാലകത്തിനു പുറത്ത് നഗരമസ്തമിക്കുന്നു. പതിയെ കുന്നുകളും താഴ് വരകളും തെളിയുന്നു. കാറ്റുഴറിയടിക്കുന്ന മലമേടുകൾ. പതിയെ അവിടെ വലിയ കെട്ടിടങ്ങൾ വരും. കമ്പനികൾ വരും.. വാഹനങ്ങളും പാർക്കിങ്ങും വരും. ചെറിയ ചതുരക്കളങ്ങളിൽ വികസനം വരും. ഭാഗ്യാന്വേഷികളും ജീവിതാർഥികളും നിറയും. ഏകാന്ത താഴ്വരകൾ സിലിക്കണും അല്ലാത്തതുമായ വാലികളാവും. അവിടേക്ക് വിമാനങ്ങളിലും അല്ലാതെയും ടാലന്റുകളെത്തും. അവർക്കുവേണ്ട വിടുപണി ചെയ്യാൻ മെക്സിക്കൻ അതിർത്തികടന്ന് ആളുകളും.
അങ്ങനെയാണ് അമേരിക്കയുണ്ടായത്. അതങ്ങനെ തുടരും. സന്ദർശകരല്ലാത്തവരെല്ലാം തിരികെ പോവാതിരിക്കാൻ കിണഞ്ഞു പരിശ്രമിക്കും. സന്ദർശകനായതുകൊണ്ട് കലിഫോർണിയൻ കാഴ്ചകൾക്കു വിരാമമിട്ട് ഒന്നുരണ്ടു ദിവസത്തിനകം തിരികെ പോകേണ്ടതുണ്ട്. തിരിച്ചു പോവുമ്പോഴും കാഴ്ചകളും അനുഭവങ്ങളുമവശേഷിക്കുന്നു. യാത്ര എപ്പോഴും അങ്ങനെയാണ്. ഓരോ യാത്രയും ഒരു ദേശത്തെ മനസിൽ പേറുന്നു. കലിഫോർണിയ അങ്ങനെ ഒന്നാണ്. പ്രിയപ്പെട്ട ഒന്ന്. അടുത്ത യാത്രവരെ അയവെട്ടേണ്ടത്. മധുരം ഈ കലിഫോർണിയൻ തീരം. ശാന്തസമുദ്ര തീരം പ്രിയതരം.
എഴുത്തും ചിത്രങ്ങളും
നമത്