എടപ്പാൾ: പൊന്നാനിയിലും പരിസരങ്ങളിലും കടലാക്രമണം രൂക്ഷമായി തുടരുന്നു. പൊന്നാനി പാലപ്പെട്ടി, വെളിയംകോട് മേഖലകളിലാണ് കടൽക്ഷോഭം രൂക്ഷമായത്. കനത്ത തിരയിൽ ലൈറ്റ് ഹൗസിന് സമീപത്തുള്ള റോഡ് പൂർണമായും തകർന്നു. ചുറ്റുമതിലുകളും തകർന്നിട്ടുണ്ട്.
തിരകളിപ്പോൾ ലൈറ്റ് ഹൗസിലേക്കാണ് അടിച്ച് കയറുന്നത്. ഇത് ലൈറ്റ് ഹൗസിന് ഭീഷണി ആയിട്ടുണ്ട്. എത്രയും പെട്ടെന്ന് ഈ ഭാഗത്ത് കരിങ്കല്ല് ഉപയോഗിച്ച് സുരക്ഷാഭിത്തി നിർമിച്ചില്ലെങ്കിൽ ലൈറ്റ് ഹൗസ് നിലംപൊത്തുന്ന അവസ്ഥയാണ്. സംഭവവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ പൊന്നാനി തഹസിൽദാറോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. വിശദമായ റിപ്പോർട്ട് നൽകിയതായി തഹസിൽദാർ അറിയിച്ചു.
ലൈറ്റ് ഹൗസിന് സമീപം എത്രയും വേഗത്തിൽ കരിങ്കല്ലുകൾ പാകാൻ ഇറിഗേഷൻ വകുപ്പിനോട് തഹസിൽദാർ രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ട്. പക്ഷെ കരിങ്കല്ലുകൾ കിട്ടാനില്ലെന്നാണ് ഇതു സംബന്ധമായി ഇറിഗേഷൻ വകുപ്പ് നൽകിയ വിശദീകരണം. കടൽക്ഷോഭം മൂലം പല കുടുംബങ്ങളും വീടൊഴിഞ്ഞ് പോവുന്നുണ്ട് പ്രദേശത്ത് പലവീടുകളും ഭീഷണിയിലാണ്. കടൽക്ഷോഭം മൂലം വറുതിയിലായ തീരദേശ നിവാസികൾക്ക് സഹായ ഹസ്തങ്ങൾ ഒന്നും തന്നെയെത്തുന്നില്ല എന്ന പരാതിയും വ്യാപകമാണ്.