തൃശൂർ: കടലിൽ ഉപജീവനത്തിനായുള്ള മൽപ്പിടിത്തത്തിനിടെ ഒന്നേകാൽ വർഷത്തിനുള്ളിൽ പൊലിഞ്ഞത് 61 മത്സ്യത്തൊഴിലാളികളുടെ ജീവൻ.
27 മത്സ്യത്തൊഴിലാളികളെ കാണാതായി. വർഷംതോറും അന്‍പതിലധികം ജീവനാണു കടലിൽ കണ്ണീരുപ്പായി കലരുന്നത്. അത്യാധുനികസംവിധാനങ്ങളും മത്സ്യബന്ധനരീതികളുമുണ്ടെങ്കിലും കടലാഴങ്ങളിൽ അമരുന്ന ജീവനുകൾ തിരിച്ചുപിടിക്കാൻ അധികൃതർക്കും സാധിക്കുന്നില്ല.
ഫിഷറീസ് വകുപ്പിന്റെ നിതാന്തജാഗ്രതയും സുരക്ഷാസേനയുടെ മുന്നറിയിപ്പുകളുമുണ്ടെങ്കിലും അതൊന്നും പൂർണമായും രക്ഷാവലകളാകുന്നുമില്ല. കഴിഞ്ഞ 15 മാസത്തിനിടെ 15 മത്സ്യത്തൊഴിലാളികളാണു തിരുവനന്തപുരം ജില്ലാ പരിധിയിലെ കടലിൽ മാത്രം മരിച്ചത്. നാലു പേരെ കാണാതായി. ആലപ്പുഴയിലും തൃശൂരും 12 പേർ വീതം മരിച്ചു.
തൃശൂരിൽ എട്ടു പേരെയും ആലപ്പുഴയിൽ ഒരാളെയും കാണാതായി. കൊല്ലത്ത് ഏഴു പേർ മരിച്ചു. അഞ്ചുപേരെ കാണാതായി. മലപ്പുറം, കണ്ണൂർ ജില്ലകളിൽ നാലു പേർ വീതം മരിച്ചപ്പോൾ നാലുപേരെ കാണാതായി. എറണാകുളത്തും കാസർഗോഡും മൂന്നു പേർ വീതം മരിച്ചു. നാലുപേർ കാണാക്കയങ്ങളിൽപെട്ടു.
കടലിൽ കാണാതാവുകയെന്നു പറഞ്ഞാൽ മൃതദേഹം കണ്ടെത്താനായില്ല എന്നതാണു വാസ്തവം. കടലിൽ അപകടത്തിൽപ്പെട്ട 7,537 മത്സ്യത്തൊഴിലാളികളെയാണു സംസ്ഥാനത്തു മറൈൻ എൻഫോഴ്സ്മെന്റ് ആൻഡ് വിജിലൻസ് വിംഗും സീ റെസ്ക്യൂ ടീമും ചേർന്നു രക്ഷപ്പെടുത്തിയത്. 629 രക്ഷാപ്രവർത്തനങ്ങൾ നടത്തി.
ഇതുകൂടാതെ മത്സ്യത്തൊഴിലാളികളുടെ ജീവൻ സംരക്ഷിക്കാനും കടൽനിയമങ്ങൾ നടപ്പാക്കാനുമായി 11484 മണിക്കൂറാണു ഫിഷറീസ് വകുപ്പ് പട്രോളിംഗ് നടത്തിയത്. രാപകൽ ഭേദമില്ലാതെ 4,585 പട്രോളിംഗാണ് ഇതിനായി കടലിൽ സംഘടിപ്പിച്ചത്.
ടി.എ. കൃഷ്ണപ്രസാദ്