തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കടലാക്രമണത്തിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുള്ളതിനാല്‍ തീരദേശം കനത്ത ജാഗ്രതയില്‍. ഇന്ന് രാത്രി 11.30 വരെ 0.5 മീറ്റര്‍ മുതല്‍ 1.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ഞായറാഴ്ചയുണ്ടായ കടലാക്രമണത്തിൽ നൂറുകണക്കിനു വീടുകളിൽ വെള്ളം കയറുകയും ഭാഗിക നാശനഷ്ടം നേരിടുകയും ചെയ്തതായാണു വിവരം. ഒട്ടേറെ റോഡുകളും വെള്ളത്തിൽ മുങ്ങി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ ജില്ലകളിലെ തീരമേഖലകളിലാണ് ഞായറാഴ്ച ഉച്ചയ്ക്കു ശേഷം രൂക്ഷമായ കടലാക്രമണമുണ്ടായത്.
200 മീറ്റർ ദൂരം വരെ വലിയ ഉയരത്തിലുള്ള തിരമാലകൾ ശക്തയായി അടിച്ചുകയറുകയായിരുന്നുവെന്നു തീരദേശവാസികൾ പറഞ്ഞു. വല അടക്കമുള്ള മത്സ്യബന്ധന ഉപകരണങ്ങൾക്കും കേടുപാടുണ്ടായി.
തീരത്തോടു ചേർന്നുള്ള വീടുകളിൽ താമസിപ്പിക്കുന്നവരെ ഒഴിപ്പിച്ചു ദുരിതാശ്വാസ ക്യാന്പുകളിലേക്കു മാറ്റാൻ റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ വിളിച്ച ജില്ലാ കളക്ടർമാരുടെ യോഗത്തിൽ നിർദേശിച്ചു.
ചിലയിടങ്ങളിൽ രാത്രിയോടെ ദുരിതാശ്വാസ കാമ്പുകൾ തുറന്നു. പെട്ടെന്നുണ്ടായ കടലാക്രമണത്തിനു കാരണം “കള്ളക്കടൽ പ്രതിഭാസം’ആണെന്നു ദുരന്ത നിവാരണ അഥോറിറ്റി അധികൃതർ അറിയിച്ചു. രണ്ടു ദിവസം കൂടി കടലാക്രമണം തുടരുമെന്നാണ് അധികൃതർ പറയുന്നത്.
ആദ്യം 50 മീറ്ററിലേറെ ഉൾവലിഞ്ഞ കടൽ, പിന്നീട് മണിക്കൂറുകൾക്കു ശേഷം 200 മീറ്റർ ദൂരം വരെ രണ്ടു മീറ്ററിലേറെ ഉയരത്തിൽ അടിച്ചുകയറുകയായിരുന്നു. വിനോദ സഞ്ചാരികളെ ഒഴിപ്പിച്ചു. കോവളം, വർക്കല. പൂവാർ മേഖലകളിലെ വിനോദസഞ്ചാരികളെ അടിയന്തരമായി ഒഴിപ്പിച്ചു.
തിരുവനന്തപുരത്തിന്റെ തീര അതിർത്തിയായ തെക്കേ കൊല്ലങ്കോടു മുതൽ പുല്ലുവിള, അടിമലത്തുറ, പുതിയതുറ, പൊഴിയൂർ, പൂവാർ, പൂന്തുറ, തൂന്പ, അഞ്ചുതെങ്ങ് എന്നിവിടങ്ങളിലെല്ലാം കടൽ കയറി. ശക്തമായ തിരമാലകളും കാറ്റും ഇവിടങ്ങളിൽ അനുഭവപ്പെടുന്നുണ്ട്. കടൽഭിത്തിക്കു മുകളിലൂടെ തിരമാല റോഡിലേക്ക് അടിച്ചുകയറുകയായിരുന്നു.
കൊല്ലംകോടുനിന്നും നീരോടി വരെയുള്ള അന്‍പതിലേറെ വീടുകളിൽ വെള്ളം കയറി. കൊല്ലത്ത് പരവൂർ, പൊഴിക്കര, ചില്ലക്കൽ, ഇരവിപുരം, മുണ്ടയ്ക്കൽ ഭാഗങ്ങളിലാണ് കടലാക്രമണം. റോഡുകളിൽ വെള്ളം കയറിയിട്ടില്ല.