വനങ്ങളെപ്പോലെതന്നെ സമുദ്രങ്ങളും ജൈവവൈവിധ്യത്തിന്റെ കലവറകളാണ്. കടലിലും തീരപ്രദേശങ്ങളിലും കാണപ്പെടുന്ന പ്രത്യേക ആവാസവ്യവസ്ഥകളായ റോക്ക് വീഡ്, കടൽപ്പുല്ല്, പുൽമേടുകൾ, കെൽപ് വനങ്ങൾ, കണ്ടൽക്കാടുകൾ, ഉപ്പ് നിറഞ്ഞ ചതുപ്പ് പ്രദേശങ്ങള്‍ എന്നിവ “നീല വനങ്ങൾ” എന്നാണ് അറിയപ്പെടുന്നത്.
കരയിലെ ഓക്സിജന്‍ പാര്‍ലറുകളായ വനങ്ങളെപ്പോലെതന്നെ ഈ നീല വനങ്ങളും പ്രവർത്തിക്കുന്നു.ആഗോളതാപനവും കാര്‍ബണ്‍ ബഹിര്‍ഗമനവും നിയന്ത്രിക്കാന്‍ വനങ്ങളെപ്പോലെതന്നെ കടലും പ്രധാന പങ്ക് വഹിക്കുന്നു.
കാര്‍ബണ്‍ ആഗിരണം ചെയ്യുന്ന വൃക്ഷങ്ങള്‍ പ്രകൃതിയില്‍ ദ്രവിച്ച് തീരുമ്പോള്‍ കാര്‍ബണ്‍ അവയൊടൊപ്പം ഭൂമിയില്‍ അടിയുന്നു. സമാനമായ പ്രവര്‍ത്തനം സമുദ്രത്തിലും നടക്കുന്നു.
കരയിലെ വനങ്ങൾ നേരിടുന്ന ഭീഷണികൾ കടലിലെ വനങ്ങളും നേരിടുകയാണ്. സമുദ്രത്തിലെ അമ്ലീകരണം, ഉയരുന്ന സമുദ്രനിരപ്പ്, പവിഴപ്പുറ്റുകളുടെ ബ്ലീച്ചിംഗ്, സമുദ്ര വനനശീകരണം, മെഗാഫയറുകൾ തുടങ്ങിയവ നീല വനങ്ങളുടെ അടിത്തറയിളക്കുന്നു.
സമുദ്രങ്ങള്‍ അനിയന്ത്രിതമായി ചൂട് പിടിക്കാൻ ഇതിടയാക്കുന്നു.ആവർത്തിച്ചുണ്ടാകുന്ന ചുഴലികൊടുങ്കാറ്റുകള്‍ സമുദ്രങ്ങളിൽ ചൂട് കൂടുന്നതിന്റെ ഫലമായി ഉണ്ടാകുന്നതാണെന്നു വ്യക്തമായിട്ടുള്ളതാണ്.
കടലിന്റെ ആവാസവ്യവസ്ഥയിൽ ഇനിയും മാറ്റങ്ങളുണ്ടായാൽ സമുദ്രങ്ങളിൽ ചൂട് കൂടുകയും ഭാവിയില്‍ അതിരൂക്ഷമായ ചുഴലിക്കാറ്റുകള്‍ക്കു വഴിവയ്ക്കുകയും ചെയ്യുമെന്നു പഠനങ്ങള്‍ മുന്നറിയിപ്പ് നൽകുന്നു.