തൃശൂർ: കടലിന്റെ അടിത്തട്ടൂറ്റി മത്സ്യസമ്പത്തിന്റെ കടയ്ക്കൽ കത്തിവയ്ക്കുന്ന പോത്തൻവലക്കാരെയും നിയമം ലംഘിച്ചെത്തുന്ന ഇതര സംസ്ഥാന വള്ളങ്ങളെയും ചൂണ്ടയിട്ടു പിടിക്കാൻ ഫിഷറീസ് വകുപ്പ്. ഇതിനായി ഫിഷറീസ്, മറൈന്‍ എന്‍ഫോഴ്സ്മെന്റ്, കോസ്റ്റല്‍ പോലീസ് എന്നിവരുടെ സംയുക്ത സംഘം സജീവം.
പോത്തൻവല എന്നറിയപ്പെടുന്ന പെയര്‍ ട്രോളിംഗ് (ഇരട്ടവല ഉപയോഗിച്ചുള്ള മത്സ്യബന്ധനം) ജില്ലയിൽ വ്യാപകമല്ലെങ്കിലും പരന്പരാഗത മത്സ്യത്തൊഴിലാളികളെന്ന വ്യാജേന ഇതര സംസ്ഥാന വള്ളങ്ങളടക്കം എത്തുന്നതായാണു വിവരം. ഇത്തരക്കാരെ പിടികൂടാൻ പെയർ ട്രോളിംഗ് നടക്കുന്ന രാത്രിയിലും പുലർച്ചെയും സംയുക്ത സംഘം വ്യാപക പട്രോളിംഗും കോന്പിംഗും നടത്തും.
കേരള തീരത്ത് മത്സ്യബന്ധനത്തിനിറങ്ങാൻ ഇതര സംസ്ഥാന വള്ളങ്ങൾക്ക് ഒത്താശ ചെയ്യുന്നതു തരകൻമാരാണെന്നാണ് ആക്ഷേപം. കേരളത്തിലെ പരന്പരാഗത മത്സ്യത്തൊഴിലാളികളെന്ന വ്യാജേനയാണ് ഇവർ മീൻ പിടിക്കാനിറങ്ങുന്നത്. ഇതിനായി തമിഴ്നാടിന്റെ പച്ച കളർകോഡ് മാറ്റി വള്ളങ്ങളിൽ നീല കളർ കോഡ് അടിച്ചാണ് അധികൃതരെ കബളിപ്പിക്കുന്നത്.
വള്ളങ്ങളിൽ കേരളത്തിലെ പഴയ വള്ളങ്ങളുടെ രജിസ്ട്രേഷൻ നന്പറും ഒട്ടിക്കുന്നു. കളർകോഡ് മാറ്റുന്നതിനിടെയാണു ദിവസങ്ങൾക്കുമുന്‍പ് ചാവക്കാട് വള്ളങ്ങൾ പിടികൂടിയത്. ഇത്തരം വള്ളങ്ങളിൽ പോകുന്നവർ ആരൊക്കെയാണെന്നോ എത്രപേരുണ്ടെന്നോ ആർക്കും അറിയില്ല. കഴിഞ്ഞ ദിവസം പെയര്‍ ട്രോളിംഗ് നടത്തിയ രണ്ടു യാനങ്ങൾ അഴീക്കോടു ഭാഗത്തുനിന്ന് പിടികൂടിയിരുന്നു.
തമിഴ്നാട് കുളച്ചൽ ഭാഗത്തുനിന്നുള്ള ഫൈബർ വള്ളങ്ങളാണു ലോറികളിൽ കേരള തീരത്ത് എത്തിച്ചിട്ടുള്ളത്. ഇവർ കേരളത്തിന്റെ അനുമതി ലംഘിച്ചു 12 നോട്ടിക്കൽ മൈലിനുപ്പുറത്ത് വലിയ മീനുകളായ കേര, അറയ്ക്ക എന്നിവയെ ചൂണ്ടയിട്ടു പിടിക്കുകയാണ്. 12 നോട്ടിക്കൽ മൈലിനപ്പുറം കേന്ദ്ര സർക്കാരിന്റെ ട്രോളിംഗ് നിരോധനം നിലനിൽക്കുന്നുണ്ട്. മത്സ്യങ്ങളുമായി എത്തുന്ന ഇതര സംസ്ഥാന വള്ളങ്ങൾ ഹാർബറുകളിലോ ഫിഷ് ലാൻഡിംഗ് കേന്ദ്രങ്ങളിലോ അടുപ്പിക്കാതെ രഹസ്യതീരങ്ങളിൽ എത്തിച്ചാണു വില്പന നടത്തുന്നത്. ഇതിനും തരകന്മാർ ഒത്താശ ചെയ്യുന്നു.
ഇത്തരം നിയമലംഘനങ്ങൾ പിടികൂടാൻ സംയുക്തസേനയുടെ നേതൃത്വത്തിൽ കടലിലും കരയിലും കോന്പിംഗ് നടത്തുമെന്ന് അധികൃതർ അറിയിച്ചു. വള്ളങ്ങളും മെഷിനുകളും തൊഴിലാളികളുടെ ആധാർ കാർഡും പരിശോധിക്കും. അനധികൃത വള്ളങ്ങളും മീനുകളും പിടിച്ചെടുത്ത് പിഴ ഇൗടാക്കും.
ടി.എ. കൃഷ്ണപ്രസാദ്