പോൾ മാത്യു
തൃശൂർ: കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതം തീരമേഖലകളിലേക്ക് അതിവേഗം ബാധിക്കുമെന്ന് സർവേ. തീരദേശത്തോടൊപ്പം കടലും ചുട്ടുപഴുക്കുന്നതിനാൽ മത്സ്യങ്ങൾ കൂട്ട പലായനം നടത്തുകയാണ്. പതിവായി കിട്ടുന്ന പല മത്സ്യങ്ങളും ഇനി കിട്ടാതാകും.
ഈ കാലാവസ്ഥ തുടർന്നാൽ ചരിത്രത്തിലെ ഏറ്റവും വലിയ മത്സ്യക്ഷാമത്തിന് കേരള തീരങ്ങൾ സാക്ഷ്യംവഹിക്കേണ്ടി വരുമെന്നാണ് സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ സർവേയിൽ കണ്ടെത്തിയിരിക്കുന്നത്.
ചൂടു കൂടിയതോടെ മത്സ്യങ്ങൾ ആഴക്കടലിലേക്ക് പിൻവലിഞ്ഞു. ഇതു മൂലം ആഴക്കടലിൽ മത്സ്യബന്ധനംനടത്തുന്ന വൻകിട മത്സ്യബന്ധന കപ്പലുകൾക്കു മാത്രമായി മത്സ്യസന്പത്തും ചുരുങ്ങും. സാധാരണ മത്സ്യബന്ധന തൊഴിലാളികളുടെ ജീവിതം വറുതിയുടെ ചൂടിലേക്കു വീഴും.
സെൻസസ് റിപ്പോർട്ടനുസരിച്ച് 222 തീരദേശ ഗ്രാമങ്ങളിലും 113 ഉൾനാടൻ മത്സ്യഗ്രാമങ്ങളിലുമായി കടലിനെയും മത്സ്യബന്ധനത്തെയും മാത്രം ആശ്രയിച്ച് 11.30 ലക്ഷം മത്സ്യത്തൊഴിലാളികളാണ് ജീവിക്കുന്നത്.
2012നുശേഷം കേരളതീരത്ത് മത്സ്യലഭ്യതയിൽ ഗണ്യമായ കുറവാണ് വന്നിരിക്കുന്നത്. സിഎംഎഫ്ആർഐയുടെ റിപ്പോർട്ടനുസരിച്ച് കേരളത്തിലെ മത്സ്യ ഉല്പാദനം 2006 ഫെബ്രുവരി ഏഴു മുതൽ 2016 വരെയുള്ള കണക്കിൽ കുത്തനെ താഴുകയാണ്. 2006ൽ 5,98,057 മെട്രിക് ടണ് ഉണ്ടായിരുന്നത് 2016 ആയപ്പോഴേക്കും 5,16,745 മെട്രിക് ടണ്ണിലേക്ക് ചുരുങ്ങി.
1950നുശേഷമുള്ള ഏറ്റവും ഉയർന്ന ചൂടാണ് കേരള തീരങ്ങളിൽ ഇപ്പോൾ അനുഭവപ്പെടുന്നത്. തീരക്കടലിൽ ചൂടു കൂടുന്നതോടെ മത്തി(ചാള)യാണ് കൂടുതലായി കേരള തീരങ്ങളിൽനിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നത്. 2012നെ അപേക്ഷിച്ച് മത്തിയുടെ ലഭ്യത കുത്തനെ താഴ്ന്നു.
കടലിലെ താപനില ശരാശരി 28.6 ഡിഗ്രി സെൽഷ്യസായിരുന്നു. കുറച്ചു വർഷങ്ങളായി 1.1 ഡിഗ്രി സെൽഷ്യസിന്റെ വർധനയാണുണ്ടായിരിക്കുന്നത്. ഇതാണ് മത്തി, അയല തുടങ്ങി മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന മത്സ്യങ്ങളെ ആഴക്കടലിലേക്ക് പിൻവലിയാൻ പ്രേരിപ്പിക്കുന്നത്.
ശാരീരിക പ്രക്രിയകളിലൂടെ ശരീരത്തിലെ താപനില നിയന്ത്രിക്കാൻ ശേഷിയില്ലാത്തയവയാണ് മത്സ്യങ്ങൾ. അതുകൊണ്ടുതന്നെ പരിസ്ഥിതിയിലെ മാറ്റം മത്സ്യങ്ങളെ കാര്യമായി ബാധിക്കുന്നു. കാലാവസ്ഥാ വ്യതിയാനംമൂലം താപനില, മർദ്ദം, ഒഴുക്ക് എന്നിവയിലുണ്ടാകുന്ന മാറ്റങ്ങൾ മത്സ്യങ്ങളെ നേരിട്ടു ബാധിക്കുന്നവയാണ്.
താപനില ഉയരൽ, കടൽ ജലനിരപ്പുയരൽ, തീരശോഷണം, കുത്തനെ ഇടിയുന്ന മത്സ്യ ഉല്പാദനം, കാറ്റിന്റെ ഗതിയിലെ മാറ്റം, പ്രവചനാതീത കാലാവസ്ഥ, തീവ്രതയേറിയ കടലാക്രമണം ഇതെല്ലാം കേരളത്തിലെ തീരങ്ങളെ ബാധിക്കുന്ന പ്രതിഭാസങ്ങളാണ്.