ഓസ്ട്രേലിയയിലെ മെല്‍ബണ്‍ നിവാസിയായ സാം കാനിസേ എന്ന കൗമാരക്കാരനാണ് ഇക്കഴിഞ്ഞ ദിവസം അജ്ഞാത കടല്‍ ജീവികളുടെ ആക്രമണത്തിന് ഇരയായത്. ശനിയാഴ്ച വൈകുന്നേരം പതിവു പോലെ ഫുട്ബോള്‍ കളിച്ച് വീട്ടിലേക്കു മടങ്ങുകയായിരുന്ന സാം സമീപത്തുള്ള ബ്രിംഗ്ടണ്‍ ബീച്ചില്‍ ചെളിപുരണ്ട കാല് വൃത്തിയാക്കാനായി ഇറങ്ങുകയും കുറേയേറെ സമയം വെള്ളത്തില്‍ കാലിട്ട് പാട്ടുകേട്ടിരിക്കുകയും ചെയ്തു. സാമും കൂട്ടുകാരും പതിവായി ഇറങ്ങുകയും കളിയ്ക്കുകയും ചെയ്യുന്ന കടലാണിത്. വെള്ളത്തില്‍ കാലിട്ടിരുന്നപ്പോള്‍ ഒന്നും തോന്നിയിരുന്നില്ലെങ്കിലും വെള്ളത്തില്‍ നിന്ന് കരയ്ക്ക് കയറിയപ്പോള്‍ കാലില്‍ നിന്ന് നിര്‍ത്താതെ രക്തമൊലിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു.
വീട്ടിലെത്തി വിവരം പറഞ്ഞു. കാലില്‍ സൂക്ഷിച്ച് നോക്കിയപ്പോഴാണ് അതിസൂക്ഷ്മമായ ആയിരക്കണക്കിന് ജീവികള്‍ കുത്തിയിരിക്കുന്നതായി കണ്ടത്. ഉടന്‍ ആശുപത്രിയിലേയ്ക്ക് പാഞ്ഞു. എന്നാല്‍ രക്തപ്രവാഹം നിയന്ത്രതാതീതമായി തുടര്‍ന്നുകൊണ്ടിരുന്നു. വെള്ളത്തില്‍ മുക്കിയിട്ടിരുന്ന കാല് മരവിച്ചിരുന്നതിനാലാണ് ജീവികള്‍ കടിച്ചത് സാം അറിയാതിരുന്നത്. 20 വര്‍ഷമായി ബ്രൈറ്റണ് ബീച്ചിനു സമീപത്തായാണ് സാമും കുടുംബം താമസിക്കുന്നത്. ഇതേവരെ ഇങ്ങനെയൊരു ആക്രമണം ഇവിടെയുണ്ടായതായി ആര്‍ക്കും അറിവില്ല. സാമിനെ ജീവികള്‍ ആക്രമിച്ചതിനുശേഷം ജീവികളുടെ സാന്നിധ്യം മനസിലാക്കുന്നതിനായി ചെറിയ വലയ്ക്കുള്ളില്‍ പച്ചമാംസം മുറിച്ചിട്ട് വെള്ളത്തില്‍ മുക്കിപ്പിടിച്ചു. അല്പ സമയത്തിനു ശേഷം വലപൊക്കിയ സാമിന്റെ പിതാവ് വലയ്ക്കുള്ളില്‍ ആയിരക്കണക്കിനു ചെറുജീവികളെ കണ്ടെത്തുകയായിരുന്നു. 2 മില്ലീമീറ്റര്‍ വരുന്ന സൂക്ഷ്മജീവികളായിരുന്നു ഈ ആക്രമണത്തിനു പിന്നിലെന്ന് ആ പരീക്ഷണത്തോടെ വ്യക്തമാവുകയും ചെയ്തു.
സീ ഫ്ലീസ് എന്നറിയപ്പെടുന്ന ചെറിയ കടല്‍ജീവികളാണിവയെന്നും ഇവ പൊതുവേ അക്രമണകാരികളല്ലെന്നുമാണ് സമുദ്രജീവി ഗവേഷകയായ ജനിഫര്‍ വാക്കര്‍ സ്മിത്ത് അഭിപ്രായപ്പെട്ടത്. സാധാരണയായി ഇവ ചത്ത സമുദ്രജീവികളുടെ മാംസമാണ് ഭക്ഷിക്കാറുള്ളത്. സാം കടലിലിറങ്ങി നിന്നതിനു സമീപം ഏതെങ്കിലും ചത്ത സമുദ്രജീവികളുടെ അവശിഷ്ടമോ അല്ലെങ്കില്‍ കാലില്‍ വ്രണമോ ഉണ്ടായിരുന്നിരിക്കാമെന്നും അതിനാലാണ് സാം ഈ ജീവികളുടെ ആക്രമണത്തിനിരയായതെന്നുമാണ് സ്മിത്ത് പറയുന്നത്. രക്തസ്രാവം അമിതമായിട്ടുണ്ടെങ്കിലും ഉടന്‍തന്നെ ആശുപത്രി വിടമെന്നാണ് സാമിനെ ചികിത്സിക്കുന്ന ഡോകടര്‍മാര്‍ പറയുന്നത്. ഇനി അധികം സമയം കടലില്‍ ചെലവഴിക്കില്ലെന്ന് തീരുമാനിച്ചെങ്കിലും കടലില്‍ ഇറങ്ങുന്നതിന് മുടക്കം വരുത്താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നാണ് സാം പറയുന്നത്.