നായ്ക്കള്‍ പൊതുവെ ശൗര്യമുള്ളവരാണെന്നാണ് വയ്പ്പ്. അത് കരയിലാണെങ്കിലും വെള്ളത്തിലാണെങ്കിലും. പെണ്‍കുട്ടിയെ വെളളത്തിലേക്കു വലിച്ചിടുന്ന നീര്‍നായയുടെ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയാണ്. സാധാരണയായി മനുഷ്യരെ ആക്രമിക്കാത്ത നീര്‍നായ പെണ്‍കുട്ടിയെ ആക്രമിച്ചത് ലോകത്തെ അമ്പരപ്പിക്കുകയാണ്. കാനഡയുടെ പടിഞ്ഞാറന്‍തീരത്ത് സ്റ്റീവ്സ്റ്റണിലാണ് ഞെട്ടിപ്പിക്കുന്ന ഈ സംഭവം നടന്നത്. ഉപദ്രവകാരിയല്ലാത്ത നീര്‍നായ പെണ്‍കുട്ടിയുടെ വെളളവസ്ത്രം കണ്ട് ഭക്ഷണമാണെന്നു കരുതിയാവാം വെളളത്തിലേയ്ക്ക് വലിച്ചിട്ടതെന്നാണ് വന്യജീവി സംരക്ഷണപ്രവര്ത്തകരുടെ വാദം.
കാനഡയുടെ പടിഞ്ഞാറന്‍ തീരത്തെ തുറമുഖത്ത് വൈകുന്നേരം കാഴ്ചക്കാരായെത്തിയവര്‍ നീര്‍നായയെ കണ്ട് ഭക്ഷണം എറിഞ്ഞുനല്കിയതോടെയാണ് സംഭവത്തിന്റെ തുടക്കം. ഭക്ഷണം വാങ്ങിക്കഴിച്ചതിനു ശേഷം സമീപത്തെ ബോട്ടിനരികിലേക്കു നീങ്ങിയെത്തിയ നീര്‍നായ ഇടയ്ക്ക് ഉയര്‍ന്ന് പൊങ്ങുകയും പെണ്കുട്ടിയടക്കമുളള കാഴ്ചക്കാരെ രസിപ്പിക്കുകയും ചെയ്തിരുന്നു.
നീര്‍നായയെ വ്യക്തമായി കാണാന്‍ സമീപമുളള ഭീത്തിയില്‍ ഇരിയ്ക്കുകയായിരുന്നു പെണ്‍കുട്ടി. പെട്ടെന്നാണ് നീര്‍നായ പെണ്‍കുട്ടിയുടെ പിന്നില്‍ ഉയര്‍ന്നു ചാടി ആക്രമിച്ചത്. നിമിഷങ്ങള്‍ക്കകം നീര്‍നായ പെണ്‍കുട്ടിയുടെ വസ്ത്രത്തില്‍ പിടിച്ചുവലിച്ചു വെള്ളത്തിലേക്കിട്ടു. പെണ്‍കുട്ടിയുടെ ഉച്ചത്തിലുളള കരച്ചില് കേട്ടു തൊട്ടടുത്തുണ്ടായിരുന്ന ഒരാള്‍ ഉടന്‍ തന്നെ വെള്ളത്തിലേക്കു ചാടി പെണ്‍കുട്ടിയെ രക്ഷിച്ചു. സംഭവസ്ഥലത്തുണ്ടായിരുന്ന മിഖായേല്‍ ഫ്യൂജിവാര എന്നയാളാണ് ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ഈ വിഡിയോ ഇപ്പോള്‍തന്നെ രണ്ടു കോടിയോളം ആളുകള്‍ കണ്ടു കഴിഞ്ഞു.