ഹരുണി സുരേഷ്
ശ്രീലങ്കൻ അഭയാർഥികളെ മുനന്പം തുറമുഖം വഴി കടൽ മാർഗം ഒാസ്ട്രേലിയയിലേക്ക് കടത്താനുള്ള മനുഷ്യക്കടത്ത് റാക്കറ്റിന്റെ ആദ്യ ദൗത്യം പരാജയപ്പെടുന്നത് 2011 ജൂണ് ഏഴിനായിരുന്നു. ഇന്റലിജൻസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഒാസ്ട്രേലിയക്ക് കടക്കാൻ റാക്കറ്റിലെ കണ്ണികൾ വിലപറഞ്ഞുറപ്പിച്ച സീ ക്വീൻ എന്ന ഫിഷിംഗ് ബോട്ട് വൈപ്പിൻ അഴീക്കലിൽ നിന്നും പോലീസ് കസ്റ്റഡിയിൽ എടുത്തതോടെയാണ് ദൗത്യം പരാജയപ്പെട്ടത്.
ആദ്യം പിടിയിലായത് സീ ക്വീനും ഹരണിമോളും
മനുഷ്യക്കടത്തിന്റെ പേരിൽ മുനന്പത്ത് ആദ്യമായി പോലീസ് പിടിയിലാകുന്ന ബോട്ടും സീ ക്വീൻ തന്നെയാണ്. ബോട്ട് മാത്രമല്ല ഉടമ കന്യാകുമാരി സ്വദേശി ജോണ് കെന്നഡി(32) യും അന്ന് പോലീസ് കസ്റ്റഡിയിലായി. ഒപ്പം ഒാസ്ട്രേലിയയിലേക്ക് കടക്കാൻ എത്തിയ രണ്ടു കുട്ടികൾ അടക്കമുള്ള 11 ശ്രീലങ്കക്കാരെ കൊച്ചി നഗരത്തിലെ ഒരു ലോഡ്ജിൽ നിന്നും പോലീസ് കണ്ടെത്തി നാട്ടിലേക്ക് തിരിച്ചയച്ചു. റാക്കറ്റിനെതിരേ കേസെടുത്ത് കോടതിയിൽ ഹാജരാക്കുകയും ചെയ്തു.
2011ൽ തന്നെ മനുഷ്യക്കടത്ത് സംഘത്തിന്റെ മറ്റൊരു ദൗത്യവും പോലീസ് ഇന്റലിജൻസ് ഇടപെടലുകളിലൂടെ വിഫലമായി. സെപ്റ്റംബർ 26 നായിരുന്നു ഈ സംഭവം. കോതമംഗലത്തുനിന്നും സെൽവൻ എന്ന ഒരു ശ്രീലങ്കക്കാരൻ അറസ്റ്റിലായതോടെയാണ് മനുഷ്യക്കടത്തിന്റെ പേരിൽ മുനന്പം വീണ്ടും ശ്രദ്ധാകേന്ദ്രമായത്.
കസ്റ്റഡിയിലായ സെൽവനുമായി മുനന്പത്തെത്തിയ ഐബി ഉദ്യോഗസ്ഥൻമാർ മുനന്പം പോലീസിന്റെ സഹായത്തോടെ ശ്രീലങ്ക ത്രികോണമലയിൽ ജയപാലിന്റെ മകൻ വദനനെ(27)മുനന്പത്തുനിന്നും പിടികൂടി. ഇയാൾ സെൽവനൊപ്പം ബോട്ട് മാർഗം ഒാസ്ട്രേലിയയിലേക്ക് കടക്കാൻ എത്തിയതായിരുന്നു. മുനന്പത്ത് നിന്നും ബോട്ട് വാങ്ങി മറ്റു ചിലരെയുകൂട്ടി നാടുവിടാനായിരുന്നു പ്ലാൻ. ഇതിനായി മുനന്പം സ്വദേശിയുടെ ഹരണിമോൾ എന്ന ബോട്ടാണ് വാങ്ങാൻ ശ്രമിച്ചത്.
ബോട്ടിനേയും ഉടമയേയും പോലീസ് പിന്നീട് കസ്റ്റഡിയിലെടുത്തു. വദനനനെ മുനന്പത്തെത്തിച്ചത് മനുഷ്യക്കടത്ത് ഏജന്റായിരുന്ന കുളച്ചൽ കൊടിമന സ്വദേശിയായ ആന്റു എന്നു വിളിക്കുന്ന ആന്റണിയായിരുന്നു. ഇയാളും പിന്നീട് പോലീസ് കസ്റ്റഡിയിലായതോടെ രണ്ടാമത്തെ ദൗത്യവും വിഫലമാകുകയായിരുന്നു.
2012ലും ഒരു സംഘത്തിന്റെ ദൗത്യം വിഫലമാകുകയുണ്ടായി. ട്രോളിംഗ് നിരോധന സമയമായിരുന്ന ജൂണ് 29നു നിയമം ലംഘിച്ചു കടലിൽ ഇറങ്ങിയതിനു മറൈൻ എൻഫോഴ്സ്മെന്റ് കൊച്ചിയിൽ വച്ച് ബൈബിൾ എന്ന ബോട്ട് പിടികൂടിയിരുന്നു. ഉടമ തമിഴ്നാട് സ്വദേശി മാധവൻ (25), സൃഹൃത്തുക്കളായ ചാൾസ്(ഷർളർ-58), സുരേഷ് (27), ജയപാലൻ (35) എന്നിവരാണ് ബോട്ടിലുണ്ടായിരുന്നത്.
ഏഴരലക്ഷം രൂപയ്ക്ക് അഴീക്കോട് സ്വദേശി തുളസിദാസിന്റെ പക്കൽ നിന്നും വാങ്ങിയ ബോട്ട് തമിഴ്നാട്ടിൽ കൊണ്ടുപോയി റിപ്പയർ ചെയ്ത് മത്സ്യബന്ധനം നടത്താനാണെന്നാണ് പിടിയിലായവർ പറഞ്ഞത്. എന്നാൽ, പൊളിച്ചുവിറ്റാൽ പോലും കേവലം നാലു ലക്ഷം രൂപ കഷ്ടിച്ചു വില കിട്ടുന്ന ഈ ബോട്ട് 7.5 ലക്ഷം രൂപയ്ക്ക് വാങ്ങി അറ്റകുറ്റപ്പണി നടത്തി ഫിഷിംഗിനായി ഉപയോഗിക്കുമെന്നു പറയുന്നതിലുള്ള പൊരുത്തക്കേട് ഇന്റലിജൻസ് വൃത്തങ്ങളിൽ സംശയം ജനിപ്പിച്ചു. ഈ സാഹചര്യത്തിൽ ബോട്ട് മനുഷ്യക്കടത്തിനുള്ളതാണെന്ന കാര്യത്തിൽ ഉറപ്പുണ്ടായിരുന്നുവെങ്കിലും തെളിവുകളുടെ പോരായ്മയിൽ സംഘം അന്ന് കേസിൽ നിന്നും രക്ഷപ്പെടുകയായിരുന്നു.
മംഗലാപുരത്തുനിന്ന് പുറപ്പെട്ടു കൊച്ചിയിൽ പിടിയിലായി
മംഗലാപുരം ഉള്ളാൽ കോടിൽനിന്നു 47 ശ്രീലങ്കൻ തമിഴ് അഭയാർഥികളുമായി കൊച്ചി വഴി കടന്നു പോകവെ ഗിയറിനു തകരാറുപറ്റി യാത്ര മുടങ്ങി പിടിയിലായ ഓഷ്യൻ പ്രിൻസ് എന്ന മനുഷ്യക്കടത്ത് ബോട്ടാണ് ഈ ശൃംഖലയിലെ നാലാമൻ. ഒാസ്ട്രേലിയക്കെന്ന് പറഞ്ഞ് 2012 ഒാഗസ്റ്റ് 30നു രാത്രിയിലാണ് അഭയാർഥികളുമായി ബോട്ട് മംഗലാപുരത്ത് നിന്നു പുറപ്പെട്ടത്. ഉടമയായ മംഗലാപുരം സ്വദേശി അബ്ദുൽജബ്ബാറിനു 12 ലക്ഷം രൂപ നൽകി തമിഴ്നാട് സ്വദേശിയായ നാഗൂർകനിയാണു ബോട്ട് വാങ്ങിയത്. അറ്റകുറ്റപ്പണി ചെയ്ത് മംഗലാപുരത്തുനിന്നും പുറപ്പെട്ട ബോട്ട് 31നു നു കൊച്ചിഭാഗത്തെത്തിയപ്പോൾ ഗിയറിനു തകരാറു സംഭവിച്ചു.
മാത്രമല്ല ദിശ മനസിലാക്കുന്ന ഉപകരണങ്ങളും പ്രവർത്തനരഹിതമായി. കടലിൽ കുടുങ്ങിയ ബോട്ടിൽ സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ ബഹളം വച്ചതോടെ സംഘം സാധ്യമായ രീതിയിൽ ബോട്ട് കൊച്ചി അഴിമുഖം വഴി കൊച്ചികായലിലേക്ക് ഓടിച്ചു കയറ്റുകയാണ് ചെയ്തത്. തുടർന്ന് സംഘത്തിലെ രണ്ട് പേരൊഴിച്ച് ബാക്കിയുള്ളവർ ഓച്ചന്തുരുത്ത് ഭാഗത്ത് കായൽ കരയിൽ ഇറങ്ങിയശേഷം നടന്ന് സംസ്ഥാനപാതയിൽ പുതുവൈപ്പ് കവലയിൽ എത്തി ബസ് കയറി എറണാകുളത്തേക്ക് തിരിക്കുകയും ചെയ്തു.
വിവരമറിഞ്ഞ് പോലീസ് എത്തിയെങ്കിലും ബോട്ടിലുണ്ടായിരുന്ന ചെന്നൈ രാമനാഥപുരം സ്വദേശി നാഗൂർ കനിയെ മാത്രമെ പിടികൂടാൻ കഴിഞ്ഞുള്ളു. മറ്റൊരാൾ രക്ഷപ്പെടുകയും ചെയ്തു. ബോട്ട് അറ്റകുറ്റപ്പണികൾ നടത്തിയശേഷം യാത്ര തുടരാൻ വേണ്ടിയാണ് ഇരുവരും ബോട്ടിൽ തങ്ങിയതത്രേ. അതുവരേക്കും അഭയാർഥിസംഘത്തെ എറണാകുളത്തെവിടെയെങ്കിലും മാറ്റിത്താമസിപ്പിക്കുകയായിരുന്ന മനുഷ്യക്കടത്ത് സംഘത്തിന്റെ ലക്ഷ്യം.
എന്നാൽ, നാഗൂർ കനിയെ പോലീസ് പിടികൂടുകയും ബോട്ട് കസ്റ്റഡിയിലെടുക്കുകയും ചെയ്തതോടെ പ്ലാൻ പൊളിയുകയായിരുന്നു. ബോട്ടിൽ നിന്നും നാലു ചെറിയ ചാക്ക് അരി, അതിനടുത്ത പലവ്യഞ്ജനങ്ങൾ, ബിസ്കറ്റ്, മറ്റു സാധനങ്ങളും സ്ത്രീകളുടേയും കുട്ടികളുടേതുമടക്കമുള്ള വസ്ത്രങ്ങളും പോലീസ് കണ്ടെത്തിയിരുന്നു. എന്നാൽ, വലയോ മറ്റു മത്സ്യബന്ധന ഉപകരണങ്ങളോ ബോട്ടിൽ ഉണ്ടായില്ല.
ഇതാണ് സംശയത്തിനിടയാക്കിയത്. മാത്രമല്ല 10 ബാരൽ ഇന്ധനം പ്രത്യേകമായി സൂക്ഷിച്ചിരുന്നു. ബോട്ടിന്റെ എൻജിൻ നന്പർ ഉരച്ചു കളഞ്ഞ അവസ്ഥയിലായിരുന്നു. രജിസ്ട്രേഷൻ സംബന്ധിച്ച രേഖകളും ബോട്ടിൽ കണ്ടെത്താതെ വന്നതോടെയാണ് ബോട്ട് മനുഷ്യക്കടത്ത് സംഘത്തിന്റെതാണെന്ന് പോലീസ് ഉറപ്പിച്ചത്.
പിന്നീട് നാഗൂർ കനിയെ ചോദ്യം ചെയ്ത പോലീസ് ഒളിവിൽ കഴിഞ്ഞിരുന്ന കൂട്ടുപ്രതികളായ പുതുക്കോവിൽ നാഗരാജ് (മുത്തുസ്വാമി -32), തിരുനെൽവേലി അച്ചൻകുണ്ടറ ജെ. മാരക്സ് ഫെഡറിക് (43), ബോട്ടിന്റെ ഡ്രൈവർ തിരുവനന്തപുരം തുന്പ തുന്പക്കര ബഥേൽ മൈക്കിൾ (46), ബാംഗ്ളൂർ ഉള്ളാട കോടിക്കരയിൽ ദലാൽഹസൻ ഇൻഡി ഇന്ത്യാസ് (30), ചെന്നൈ സ്വദേശി മനോഹരൻ എന്നിവരെ തിരുവനന്തപുരം, മംഗലാപുരം, ചെന്നൈ ഭാഗങ്ങളിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്തു. മൊബൈൽ ഫോണ് നന്പരുകൾ പിൻതുടർന്നാണ് പ്രതികളുടെ ഒളിസങ്കേതം കണ്ടെത്തിയത്.
എട്ടംഗസംഘമാണ് കടത്തിനു പിന്നിലെന്ന് മനസിലാക്കിയ പോലീസ് ജുഡീഷൽ കസ്റ്റഡിയിൽ കഴിഞ്ഞിരുന്ന മനോഹരനെയും കൊണ്ട് ബാക്കി പ്രതികളായ ചെന്നൈ തിരുവള്ളൂർ മാവട്ടം ചെട്ടിക്കുപ്പം കുമരി പുണ്ടി, നവരത്നത്തിന്റെ മകൻ രമേഷ് (42), ജയരാമ നഗർ സെക്കൻഡ് സ്ട്രീറ്റിൽ നടരാജന്റെ മകൻ കണ്ണൻ എന്നു വിളിക്കുന്ന പുവേന്ദ്ര രാജു (40) എന്നിവരെ കണ്ടത്താൻ പിന്നീട് ചെന്നൈക്ക് തിരിച്ചു.
സംഘം പഴയ ബോട്ട് ഏർപ്പാടാക്കാൻ ഏൽപ്പിച്ചത് മനോഹരനെയാണത്രേ. മനോഹരൻ നാഗൂർ കനിയെന്ന മറ്റൊരു ഇടനിലക്കാരൻ മുഖേനയാണ് മംഗലാപുരത്തുനിന്നും ഓഷ്യൻ പ്രിൻസ് എന്ന ബോട്ട് വിലയ്ക്ക് വാങ്ങിയത്. എന്നാൽ ഇതിന്റെയെല്ലാം സൂത്രധാരൻമാർ ശ്രീലങ്കൻ തമിഴ് അഭയാർഥികളും. അഭയാർഥിക്യാന്പിൽ താമസിച്ചിരുന്ന രമേഷും കണ്ണനുമാണെന്ന് പോലീസ് മനസിലാക്കി. ഇവരെ നേരിട്ടറിയാവുന്നത് മനോഹരനു മാത്രമായിരുന്നത്രേ.
പിടിയിലായ ബാക്കിയുള്ളവരെല്ലാം മനോഹരൻ മുഖേന കമ്മീഷൻ ഏജന്റുമാരായി പ്രവർത്തിക്കുന്നവരായിരുന്നു. ചെന്നൈയിൽ എത്തിയ കേരളാ പോലീസ് ഇന്റലിജൻസ് വിഭാഗം ,സൈബർ സെൽ, തമിഴ്നാട് ക്യൂ ബ്രാഞ്ച് എന്നീ ഏജൻസികളുടെ സാഹായത്താൽ ഒളിവിലായിരുന്ന രമേഷിനെയും പൂവേന്ദ്ര രാജയേയും കണ്ടെത്തി അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയതോടെ ആ കേസിന്റെ അന്വേഷണം പൂർത്തിയാകുകയും ചെയ്തു.
ഇതിനുശേഷം മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മനുഷ്യക്കടത്ത് സംഘം മുനന്പത്ത് വീണ്ടും തലപൊക്കിയത്. സംഘം ചെറായിയിലെ കുബേര ഹോം സ്റ്റേയിൽ താമസിപ്പിച്ചിരുന്ന 15 പേരെ പിടികൂടിയതോടെ സംഘത്തിന്റെ ആ ദൗത്യവും മുടങ്ങി. അതേക്കുറിച്ച് നാളെ……