കൊച്ചി: കടലിൽ മത്സ്യസന്പത്ത് കുറയുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ ചെറുമീനുകളെ പിടിക്കുന്നത് സംസ്ഥാന സർക്കാർ നിരോധിച്ചെങ്കിലും കൊച്ചി തീരത്ത് ഉത്തരവിനു പുല്ലുവില. നിയമം കർശനമാകുന്പോൾ ഫിഷറീസ് ഉദ്യോഗസ്ഥരെ കബളിപ്പിച്ച് ചെറുമത്സ്യങ്ങളെ തീരത്തെത്തിക്കുന്ന രീതിയിലേക്കാണ് കാര്യങ്ങളെത്തിയിരിക്കുന്നത്.
ഭക്ഷ്യ ഉപയോഗത്തിനു പുറമെ വളം, സൗന്ദര്യവസ്തുക്കളുടെ നിർമാണം, മറ്റ് അംസ്കൃത വസ്തുക്കളുടെ നിർമാണം തുടങ്ങിയ ആവശ്യങ്ങൾക്കായും ചെറുമീനുകളെ പിടികൂടുന്നതിനു ഒരു കുറവും വന്നിട്ടില്ലെന്ന് അധികൃതർ തന്നെ സമ്മതിക്കുന്നു.
കേരള തീരത്ത് പരിശോധനകൾ ശക്തമാക്കിയതോടെ പിടികൂടിയതിനു ശേഷം ചെറുമീനുകളെ തമിഴ്നാട്, ആന്ധ്ര, കർണാടക എന്നിവിടങ്ങളിലേക്കാണ് കടത്തുന്നത്. മത്സ്യബന്ധനത്തിനുശേഷം മീൻ തമിഴ്നാട്ടിലെ ഹാർബറുകളിൽ ഇറക്കുകയും ചെയ്യുന്നുണ്ട്. ഇവിടെ ഇത്തരം മീനുകളെ പിടികൂടുന്നതിനോ, വിൽക്കുന്നതിനോ നിരോധനമില്ല.
സിഎംഎഫ്ആർഐ നടത്തിയ പഠനത്തിൽ കടലിൽ മത്സ്യസന്പത്ത് ഗണ്യമായി കുറയുന്നെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് കഴിഞ്ഞ ട്രോളിംഗ് നിരോധത്തിനുശേഷം ചെറുമീൻ പിടിക്കുന്നതിനെതിരേ ഫിഷറീസ് വകുപ്പ് നിലപാടുകൾ കടുപ്പിച്ചത്. വലയിൽ ചെറുമീനുകൾ പെട്ടാൽ അവയെ തീരത്തേക്കു കൊണ്ടുവരാതെ കടലിൽതന്നെ ഉപേക്ഷിക്കണമെന്നാണ് ഉത്തരവ്.
കേരള മറൈൻ ഫിഷറീസ് ആക്ട് പ്രകാരം കേരള തീരത്തുനിന്നും, ആഴക്കടലിൽനിന്നും പിടിക്കാവുന്ന മീനുകളുടെ വലിപ്പത്തെക്കുറിച്ച് വ്യക്തമായ നിർദേശവും ഫിഷറീസ് വകുപ്പ് നൽകിയിട്ടുണ്ട്. കേരള തീരത്ത് കൂടുതലായി ലഭിക്കുന്ന മത്തി കുറഞ്ഞത് പത്തു സെന്റിമീറ്ററെങ്കിലും വളർച്ചയുണ്ടെങ്കിലേ പിടിക്കാനാകൂ. കൂടാതെ അയല 14 സെന്റിമീറ്റർ, ചൂരയും കേരയും 31 സെന്റിമീറ്റർ, കിളിമീൻ 10 സെന്റിമീറ്റർ എന്നിങ്ങനെയാണു മറ്റു മത്സ്യങ്ങളുടെ വലിപ്പം. 200 ഗ്രാമിൽ കുറഞ്ഞ തൂക്കമുള്ള കടൽക്കൊഞ്ചുകളെ പിടിക്കാൻ സാധിക്കില്ല.
അധികൃതരെ കബളിപ്പിച്ചു ചെറുമീനുകളെ പിടികൂടിയതിനു 65ഓളം യാനങ്ങളാണു കഴിഞ്ഞ അഞ്ചു മാസത്തിനുള്ളിൽ പിടികൂടിയത്. കഴിഞ്ഞ ഒരു വർഷംമാത്രം മത്സ്യബന്ധനത്തിലെ അനധികൃത കാര്യങ്ങൾക്കായി 89 ലക്ഷം രൂപയാണു ഫിഷറീസ് വകുപ്പ് പിഴ ഈടാക്കിയത്. ചെറുമീനുകളെ പിടികൂടുന്നതിനു പുറമെ ലൈസൻസ് ഇല്ലാത്തതടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണു ലക്ഷങ്ങൾ പിഴ ഈടാക്കിയത്.
നടപടികൾ സ്വീകരിക്കുന്നുണ്ടെങ്കിലും ഒന്നു കണ്ണുതെറ്റിയാൽ വീണ്ടും ചെറുമീനുകളെ പിടികൂടിയെത്തിക്കുന്നവരുമുണ്ടെന്ന് അധികൃതർ പറയുന്നു. രാത്രിയിൽപോലും പരിശോധനകൾ ശക്തമാക്കിയിട്ടുണ്ടെന്നും എറണാകുളം ഫിഷറീസ് വകുപ്പ് ജോയിന്റ് ഡയറക്ടർ എൻ.എസ്. ശ്രീലു പറഞ്ഞു. ചെറുമീനുകളെ പിടികൂടുന്നതിനെതിരേ പാരന്പര്യ മത്സ്യത്തൊഴിലാളികളും രംഗത്തുവന്നിട്ടുണ്ട്.