നവാസ് മേത്തർ
തലശേരി: കേരളത്തിലെ ആഴക്കടലിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ ചെറു മൽസ്യങ്ങൾ അർദ്ധരാത്രിയിൽ കൊള്ളയടിക്കുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിരോധനം മറികടന്ന് നടക്കുന്ന ചെറുമൽസ്യകൊള്ള മൽസ്യ സന്പത്തിനു വൻ ഭീഷണി ഉയർത്തുന്നു.
മാത്രമല്ല, മൽസ്യതൊഴിലാളികൾ വറുതിയിലേക്ക് കൂപ്പുകുത്താൻ ചെറുമൽസ്യക്കൊള്ള കാരണമായിത്തീരുന്നു. ചില സർക്കാർ കേന്ദ്രങ്ങളുടെ ഒത്താശയിലൂടെ നടക്കുന്ന ഈ കൊള്ളയിലൂടെ കടൽ മാഫിയ കൊയ്യുന്നത് കോടിക്കണക്കിന് രൂപയാണെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.
ചെറു മൽസ്യക്കൊള്ളയ്ക്ക് കേരളത്തിലെ കടൽമൽസ്യ മാഫിയക്കു വേണ്ടി എത്തുന്നത് തമിഴ്നാട് കൊളച്ചിൽ ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ നിന്നുള്ള ബോട്ടുകൾ. കടലിലെ വലിയ മൽസ്യങ്ങൾക്ക് തീറ്റയാകുകയും വലുതായാൽ മൽസ്യ തൊഴിലാളികൾ പിടിക്കുകയും ചെയ്യുന്ന വാള, മത്തി, അയല തുടങ്ങിയ ടണ്‍ കണക്കിന് ചെറു മൽസ്യങ്ങളാണ് ഓരോ രാത്രിയിലും കൊള്ളയടിക്കപ്പെടുന്നത്.
അർദ്ധ രാത്രിയിൽ ബോട്ടിൽ മൽസ്യ ബന്ധന കേന്ദ്രങ്ങളിൽ എത്തിക്കുന്ന ഈ ചെറുമൽസ്യങ്ങൾ ലോറികളിൽ സംസ്ഥാനത്തിന്റെ പുറത്തേക്ക് കടത്തുകയാണ് ചെയ്യുന്നത്. മംഗലാപുരം, മുംബൈ തുടങ്ങിയ നഗരങ്ങളിലെ ഫിഷ്മിൽ ഫാക്ടറിയിലേക്കാണ് ഈ ചെറു മൽസ്യങ്ങൾ കൊണ്ടു പോകുന്നതെന്നാണ് റിപ്പോർട്ട്.
ഫാക്ടറികളിൽ നിന്നും ചെറുമൽസ്യങ്ങൾ സംസ്കരിച്ച് പൗഢറും ഓയിലും നിർമ്മിച്ച് വിദേശങ്ങളിലേക്ക് അയക്കുകയാണ് ചെയ്യുന്നതെന്നും മൽസ്യ മേഖലയിലുള്ളവർ പറയുന്നു.
കണ്ണൂർ ജില്ലയിലെ ഒരു മൽസ്യ ബന്ധന കേന്ദ്രത്തിൽ മാത്രം 40 ടണ്‍ വീതം വരുന്ന പത്ത് ബോട്ടുകൾ വരെ രാത്രി കാലങ്ങളിൽ എത്തുന്നുണ്ടെന്ന് മൽസ്യ മേഖലയിലുള്ളവർ രഹസ്യമായി നൽകുന്ന വിവരം. ഇവിടെ നിന്നും മാത്രം നാനൂറു ടണ്‍ ചെറു മൽസ്യമാണ് അതിർത്ത് കടന്ന് പോകുന്നത്.
ഇത്തരത്തിൽ ആയിരക്കണക്കിന് ടണ്‍ ചെറു മൽസ്യങ്ങളാണ് ദിവസേന കൊള്ളയടിച്ച് കൊണ്ടു പോകുന്നത്. ചെറുമൽസ്യ കള്ളക്കടത്തിന് സൗകര്യമൊരുക്കാൻ കരയിലും കടലിലും പ്രത്യേക സംഘം തന്നെ പ്രവർത്തിച്ചു വരുന്നുണ്ട്. കോസ്റ്റൽ പോലീസ് റൗണ്ട്സ് കഴിഞ്ഞ് പോയാൽ ഉടൻ തന്നെ തമിഴ്നാട്ടിൽ നിന്നുള്ള സംഘം ചെറുമൽസ്യങ്ങൾ നിറച്ച് ബോട്ടുമായി തീരത്തെത്തും. ഞ്ഞൊടിയിടയിൽ തന്നെ ഈ മൽസ്യം ലോറിയിലേക്ക് മാറ്റും.
താമസിച്ചാൽ കേടായി പൊകും എന്ന ബോർഡോടു കൂടി ചീറി പായുന്ന മൽസ്യം കയറ്റിയ ലേറികൾ ആരും തടഞ്ഞ് പരിശോധിക്കാറുമില്ല. ഇത്തരത്തിൽ നൂറു കണക്കിന് ലോറികളാണ് കേരളത്തിലെ മൽസ്യ ബന്ധന കേന്ദ്രങ്ങളിൽ നിന്നും കർണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലേക്ക് പോകുന്നത്.
ഈ മാഫിയക്കെതിരെ പരാതി നൽകാൻ തങ്ങൾക്ക് ഭയമാണെന്നാണ് മൽസ്യ ബന്ധന മേഖലയിലുള്ളവർ പറയുന്നത്. ഫിഷറീസ് വകുപ്പിലെ ചില ഉന്നത ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ഈ മൽസ്യ കൊള്ള നടക്കുന്നതെന്നും ഇതിനെതിരെ പ്രതികരിച്ചാൽ ജീവനു തന്നെ ഭീഷണിയാണെന്നും പേരു പുറത്തു പറയരുതെന്ന ഉറപ്പോടെ ഒരു മൽസ്യ തൊഴിലാളി രാഷ് ട്രദീപികയോട് പറഞ്ഞു.
ആരും ശ്രദ്ധിക്കാത്ത പലരും അറിഞ്ഞിട്ടും അറിയാതെ കണ്ണടക്കുന്ന ഈ ചെറു മൽസ്യ കൊള്ള നാടിന്റെ മൽസ്യ സന്പത്തിനെ ഇല്ലാതാക്കുമെന്ന കാര്യത്തിൽ സംശയമില്ല.