കണ്ണൂർ: മുംബൈയിൽനിന്നും സ്ഫോടക വസ്തുക്കളുമായി കണ്ണൂർ തീരത്തേക്ക് ബോട്ടെത്തിയതായി സൂചന. ഇതിനെതുടർന്ന് തീരദേശ പോലീസ്, കണ്ണൂർ പോലീസ്, നാവികസേന എന്നിവർ കനത്ത ജാഗ്രതയിൽ. ബോട്ട് കണ്ടെത്താൻ ഇന്നു രാവിലെ ആറോടെ കടലോര പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ശക്തമായ നിരീക്ഷണവും തെരച്ചിലും നടത്തിവരികയാണ്.
തീരദേശ പോലീസിന്റെയും നാവിക സേനയുടെയും തീരദേശത്തുള്ള പോലീസ് സ്റ്റേഷനുകളുടെയും നേതൃത്വത്തിൽ നടപ്പിലാക്കുന്ന മോക്ക് ഡ്രില്ലിന്റെ ഭാഗമായുള്ള ഓപ്പറേഷൻ സീ വിജിൽ ജില്ലയിൽ ആരംഭിച്ചു. ഇന്നു രാവിലെ ആറോടെയാണ് 48 മണിക്കൂർ നീണ്ടുനിൽക്കുന്ന ഓപ്പറേഷൻ തുടങ്ങിയത്.
മുംബൈ തീവ്രവാദ ആക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ആറുമാസം കൂടുന്പോൾ തീരദേശത്ത് മോക്ഡ്രിൽ നടത്തുന്നത്. കൂടാതെ മുനന്പം മനുഷ്യക്കടത്തുള്ള സംഭവത്തിന്റെ പശ്ചാത്തലത്തിൽ അതീവ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
തലശേരി, അഴീക്കൽ തീരദേശപോലീസിന്റെ നേതൃത്വത്തിൽ കണ്ണൂർ ജില്ലയിലെ കടലോര പ്രദേശങ്ങളിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. രാജ്യത്തെ തന്ത്രപ്രധാനമായ ഏഴിമല നാവിക അക്കാദമിയുടെ പരിസര പ്രദേശങ്ങളിലും കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്.
കടലോര ജാഗ്രത സമിതിയും പരിശോധനയിലുണ്ട്. രാത്രി പത്ത് കഴിഞ്ഞാൽ മോക്ഡ്രില്ലിന്റെ ഭാഗമായി തീരദേശ റോഡുകളിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങളെ പരിശോധനയ്ക്ക് വിധേയമാക്കും. പയ്യാന്പലം, ധർമടം, എട്ടിക്കുളം, ചാൽബീച്ച് എന്നിവിടങ്ങളിൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.