കാലാവസ്ഥാ വ്യതിയാനം ലോകത്തിന്റെ നിലനില്‍പ്പു തന്നെ അപകടത്തിലാക്കിക്കൊണ്ട് മുന്നേറുകയാണ്. ഇതിന്റെ ഭാഗമായി ഇപ്പോള്‍ നേരിട്ടു കൊണ്ടിരിക്കുന്ന പ്രതിസന്ധികള്‍ ഭാവിയില്‍ അതിരൂക്ഷമാവും. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് തര്‍ക്കിച്ചു സമയം പാഴാക്കുകയാണ് പലരും. എന്നാല്‍ ഇത് യാഥാര്‍ഥ്യമാണെന്ന് മനസിലാക്കി പലരും പ്രതിരോധ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. ന്യൂയോര്‍ക്കിലെ മാന്‍ഹാട്ടന്‍ മേഖലയില്‍ പ്രവര്‍ത്തനങ്ങള്‍ ഇതിനുദാഹരണമാണ്.
കാലാവസ്ഥാ വ്യതിയാനമില്ലെന്ന് വാദിക്കുന്നവര്‍ പ്രമാണമാക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാദങ്ങള്‍ അര്‍ഥശൂന്യമാണെന്നു കാട്ടിത്തരുകയാണ് ട്രംപിന്റെ സ്വന്തം നഗരം. ന്യൂയോര്‍ക്കിലെ ഏറ്റവും നിര്‍ണായകമായ സാമ്പത്തിക വ്യവഹാര കേന്ദ്രമാണ് മാന്‍ഹാട്ടന്‍ ഇങ്ങനെയുള്ള ലോവര്‍ മന്‍ഹാട്ടന്റെ തീരപ്രദേശത്തെ കെട്ടിടങ്ങളില്‍ മുഴുവന്‍ 2050 ആകുമ്പോഴേക്കും കടല്‍ ജലം കയറുമെന്നാണു കണക്കു കൂട്ടുന്നത്. ഈ മുന്നറിയിപ്പുകളെ ഗൗരവമായി കണ്ടുകൊണ്ട് തന്നെ മന്‍ഹാട്ടന്റെ തീരപ്രദേശം വ്യാപിപ്പിക്കുന്നതുള്‍പ്പടെയുള്ള നടപടികള്‍ക്കു തയ്യാറെടുക്കുകയാണ് മേയര്‍ ബില്‍ ഡേ ബ്ലാസിയോ അടക്കമുള്ളവര്‍.
രണ്ട് തരത്തിലാകും കാലാവസ്ഥാ വ്യതിയാനം ന്യൂയോര്‍ക്കിനെ പ്രത്യേകിച്ച് മന്‍ഹാട്ടനെ ബാധിക്കുക. ഒന്ന് കടല്‍ ജലനിരപ്പ് ഉയരുന്നതാണ്. രണ്ടാമത്തേതാകട്ടെ വര്‍ധിച്ചു വരുന്ന ചുഴലിക്കാറ്റ് സാധ്യതകളും. അമേരിക്കന്‍ കിഴക്കന്‍ തീരമേഖലകളില്‍ ഹരിക്കെയ്ന് എന്നു വിളിക്കപ്പെടുന്ന ചുഴലിക്കാറ്റുകള്‍ നാശം വിതയ്ക്കുന്ന സംഭവങ്ങള്‍ വര്‍ധിച്ചു വരികയാണ്. 2012 ല്‍ ന്യൂയോര്‍ക്കിലുണ്ടായ സാന്‍ഡി എന്ന ചുഴലിക്കാറ്റ് നിരവധി പേരുടെ ജീവന് അപഹരിക്കുകയും ഏതാണ്ട് 1900 കോടി ഡോളറിന്റെ നാശനഷ്ടങ്ങള്‍ ഉണ്ടാക്കുകയും ചെയ്തിരുന്നു.
സാന്‍ഡി ചുഴലിക്കാറ്റ് പ്രകൃതി ക്ഷോഭങ്ങള്‍ക്ക് എത്ര അനായാസ ഇരയായി ന്യൂയോര്‍ക്ക് മാറിയിരിക്കുന്നു എന്നതിനു തെളിവാണെന്ന് ന്യൂയോര്‍ക്ക് മേയര്‍ ബില്‍ ഡേ ബ്ലാസിയോ പറയുന്നു. ഇത്തരം ഭീഷണികളെ നേരിടാന്‍ അടിയന്തിര നടപടികള്‍ ആവശ്യമാണ്. കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന ആഘാതങ്ങളില്‍നിന്നു രക്ഷപെടാന്‍ സമയപരിമിതിയാണ് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി. ഇപ്പോഴും കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച് രാഷ്ട്രീയക്കാര്‍ അനാവശ്യമായി തര്‍ക്കിച്ചു സമയം കളയുകയാണെന്നും ഡേ ബ്ലാസിയോ പറയുന്നു.
തീരപ്രദേശങ്ങള്‍ കൂടുതല്‍ വ്യാപിപ്പിക്കുന്നതിലൂടെ മാന്‍ഹാട്ടനിലെ താഴ്ന്ന പ്രദേശങ്ങളെ കടലേറ്റ ഭീഷണിയില്‍ നിന്നു രക്ഷിക്കാനാവുമെന്നാണ് കണക്കു കൂട്ടുന്നത്.
ചുരുങ്ങിയത് അറുപത് മീറ്ററെങ്കിലും തീരപ്രദേശത്തിന്റെ വീതി എല്ലാ വശങ്ങളിലും വര്‍ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഇത് തീരപ്രദേശത്തെ രണ്ട് ബ്ലോക്ക് കെട്ടിടങ്ങളുടെ വീതിയാണ്. അതായത് തീരപ്രദേശം വീതി കൂട്ടുന്നതിനായി ഈ കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റേണ്ടി വരും.എന്നാല്‍ അന്‍പതു വര്‍ഷത്തിനു ശേഷം വെള്ളം കയറുമെന്നുറപ്പുള്ള മേഖലയിലെ കെട്ടിടങ്ങള്‍ പൊളിക്കുന്നത് ഉചിതമായ തീരുമാനമായാണ് ഡേ ബ്ലാസിയോയും പരിസ്ഥിതി പ്രവര്‍ത്തകരും ഭൂരിഭാഗം കൗണ്‍സിലര്‍മാരും വിലയിരുത്തുന്നത്.
എന്നാല്‍ പ്രാദേശികമായ എതിര്‍പ്പുകളും ഈ തീരുമാനത്തിനെതിരെ ഉയര്‍ന്നിട്ടുണ്ട്. ഇപ്പോള്‍ പദ്ധതി രൂപരേഖ തയ്യാറാക്കി അധികൃതര്‍ ജനങ്ങളുടെ അഭിപ്രായത്തിനായി സമര്‍പ്പിച്ചിരിക്കുകയാണ്. ഏതാണ്ട് 500 മില്യണ്‍ ഡോളര്‍ ചെലവാണ് പദ്ധതിക്കു പ്രതീക്ഷിക്കുന്നത്. ഇത് നടപ്പാക്കിയില്ലെങ്കില്‍ ഇപ്പോഴത്തെ നഗരത്തിന്റെ 20 ശതമാനത്തോളം പ്രദേശത്ത് 30-40 വര്‍ഷത്തിനുള്ളില്‍ വെള്ളം കയറും. 62000 ആളുകള്‍ വസിക്കുന്ന മാന്‍ഹട്ടന്റെ ഭാവിയിലെ നിലനില്പിനു പോലും ഇത് ഭീഷണിയാകും. കൂടാതെ 2100 ഓടെ നഗരത്തിന്റെ അന്‍പത് ശതമാനത്തോളം മേഖലയിലും തിരമാലകള്‍ എത്താന്‍ സാധ്യതയുണ്ടെന്നാണു വിലയിരുത്തല്‍. ആളുകളുടെ എതിര്‍പ്പിനൊപ്പം പ്രസിഡന്റിന്റെയും സെനറ്റിന്റെയും നിലപാടുകള്‍ നിര്‍ണായകമാണ്. ട്രംപിന്റെ നിലപാടിനെ തിരുത്തേണ്ടത് ഇക്കാര്യത്തില്‍ അത്യാവശ്യമാണു താനും.