റിച്ചാർഡ് ജോസഫ്
തിരുവനന്തപുരം: നല്ല ഇടയനു മുന്നിൽ വിഷമങ്ങളും ആകുലതകളും പങ്കുവച്ച് തീരദേശസമൂഹം. കടലാക്രമണം മൂലം ദുരിതമനുഭവിക്കുന്ന കൊച്ചുതോപ്പ്, വലിയതുറ പ്രദേശങ്ങൾ സന്ദർശിക്കാനെത്തിയ തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ.എം.സൂസപാക്യത്തിനു മുന്നിലാണ് തീരദേശസമൂഹം തങ്ങളുടെ വിഷമതകൾ നിരത്തിയത്.
ഈ ഭാഗങ്ങളിലെ കടലിനോടു ചേർന്നുള്ള ഒന്നാംനിരവീടുകൾ നേരത്തെ കടലെടുത്തിരുന്നു. ഇപ്പോൾ രണ്ടാം നിര വീടുകളാണ് കടലെടുത്തുകൊണ്ടിരിക്കുന്നത്. രണ്ടാം നിരയിലുള്ള മിക്ക വീടുകളും കോണ്‍ക്രീറ്റ് കെട്ടിടങ്ങളായിരുന്നു. മിക്കവയും നല്ല ഉറപ്പുള്ള വീടുകൾ. എന്നാൽ ഈ വീടുകൾ മിക്കതും ഇപ്പോൾ കടലെടുത്ത നിലയിലാണ്. മിക്ക വീടുകളും പൂർണമായും ചിലത് ഭാഗീകമായും തകർന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ കൊച്ചുതോപ്പ് പ്രദേശത്താണ് ആർച്ച്ബിഷപ് ഡോ.സൂസപാക്യം ആദ്യമായി സന്ദർശനം നടത്തിയത്.
ഈ പ്രദേശത്തെ മത്സ്യത്തൊഴിലാളികളായ വീട്ടമ്മമാർ ആർച്ച് ബിഷപ്പിനു മുന്നിൽ തങ്ങളുടെ ആകുലതകൾ പങ്കുവച്ചു. എപ്പോഴാണ് തങ്ങളുടെ വീടുകൾ കടലെടുക്കുക എന്നറിയില്ല. രാത്രി ഉറങ്ങിയിട്ടു നാളുകളായി. വീട്ടിൽ പ്രായമായവരും പെണ്കുട്ടികളുമെല്ലാമുണ്ട്. ഇവിടെ അടുത്തായി ഒരു ദുരിതാശ്വാസ ക്യാന്പ് ഒരുക്കിയിൽ അത് ഉപകാരമാകുമെന്നും അവർ പറഞ്ഞു. പിന്നീട് വലിയതുറ തീരത്ത് എത്തിയ ആർച്ച് ബിഷപ്പിനെ കണ്ണീരോടെയാണ് പ്രദേശവാസികൾ സ്വീകരിച്ചത്.
കടൽ തീരത്തേക്കു കയറാതിരിക്കാൻ അടുക്കുന്ന മണൽചാക്കുകൾ പോലും തങ്ങൾക്കു ലഭിച്ചില്ലെന്നായിരുന്നു ഇവരുടെ പരാതി. കൂടുതൽ മണൽ ലോഡുകൾ എത്തിക്കാമെന്നു സർക്കാർ ഉറപ്പു നൽകിയതായി ആർച്ച് ബിഷപ് അവരോടു പറഞ്ഞു.
തീരദേശത്തിനു പുറമേ ദുരിതാശ്വാസ ക്യാന്പായി പ്രവർത്തിക്കുന്ന വലിയതുറ ഗവണ്മെന്റ് യുപി സ്കൂളിലും ആർച്ച് ബിഷപ് സൂസപാക്യം സന്ദർശനം നടത്തി. 55 കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. മൂന്നുമാസമായി താമസിക്കുന്നവരും ഇവിടെയുണ്ടായിരുന്നു. അതിനു ശേഷമായിരുന്നു ആർച്ച് ബിഷപ് ഡോ.സൂസപാക്യം മാധ്യമപ്രവർത്തകരെ കണ്ടത്.
തിരുവനന്തപുരം ലത്തീൻ അതിരൂപത വികാരി ജനറാൾ മോണ്‍.ഡോ.സി.ജോസഫ്, ഫൊറോന വികാരി റവ.ഡോ.ഹയസിന്ദ് എം.നായകം, ലത്തീൻ അതിരൂപത പിആർഒ മോണ്‍.യൂജിൻ എച്ച്.പെരേര, വലിയതുറ സെന്റ് ആന്റണീസ് പള്ളി വികാരി ഫാ.ഡേവിഡ്സണ്, ടിഎസ്എസ് ഡയറക്ടർ ഫാ.സാബാസ്, ഫാ.ഷാജിൻ, ഫാ.കുട്ടി തുടങ്ങിയവരും വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രാദേശിക നേതാക്കളും ആർച്ച് ബിഷപ്പിനൊപ്പമുണ്ടായിരുന്നു.