തിരുവനന്തപുരം: ശക്തമായ തിരത്തള്ളലിൽ വലിയതുറ കടൽപ്പാലം തകർന്നു. പാലം രണ്ടായി വേർപെട്ടു. ഒരു ഭാഗം പൂർണമായും ഇടിഞ്ഞു താഴ്ന്നിട്ടുണ്ട്. ഇന്ന് രാവിലെ എട്ടിനാണ് ശക്തമായ തിരത്തള്ളലിൽ പാലം തകര്‍ന്നത്. രണ്ട് വര്‍ഷം മുമ്പ് പാലത്തിന്റെ കവാടം ശക്തമായ തിരയടിയില്‍ വളഞ്ഞിരുന്നു. ഇത് പുനര്‍നിര്‍മിക്കുമെന്ന് അന്നത്തെ തുറമുഖമന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉറപ്പ് നൽകിയിരുന്നു. എന്നാല്‍ നടപടികളൊന്നും ഉണ്ടായില്ല.
വലിയതുറ പാലം അപകടാവസ്ഥയിലായിട്ട് വര്‍ഷങ്ങള്‍ പിന്നിടുന്നു. ഇവിടെ പാലം കാണാനെത്തുന്ന സഞ്ചാരികള്‍ക്കും പൂര്‍ണ വിലക്കേര്‍പ്പെടുത്തിയിരുന്നു. വലിയതുറയില്‍ കടലില്‍ ഇറക്കി കെട്ടിയിരിക്കുന്ന കോണ്‍ക്രീറ്റില്‍ നിര്‍മിച്ച പാലത്തിന് ഏകദേശം അഞ്ഞൂറു മീറ്ററിലേറെ നീളമാണുളളത്. കടല്‍ വെളളത്തില്‍ മുങ്ങി നില്ക്കുന്ന കോണ്‍ക്രീറ്റ് തൂണുകള്‍ ഉപ്പിന്റെ കാഠിന്യം കൊണ്ട് ഏറെക്കുറെ ദ്രവിച്ച അവസ്ഥയിലായിരുന്നു.
2017ലെ ഓഖി ചുഴലിക്കാറ്റിലും 2021-ലെ ടൗക്തേ ചുഴലിക്കാറ്റിലും പാലത്തിന് കേടുപാടുകൾ സംഭവിച്ചിരുന്നു. ഓഖി വന്നതിനു ശേഷമാണ് വലിയതുറ പാലത്തില്‍ സഞ്ചാരികളെ കയറ്റാതായത്. 1825 ലായിരുന്നു ആദ്യത്തെ ഉരുക്കുപാലം നിര്‍മിച്ചത്. 1947ല്‍ എം വി പണ്ഡിറ്റ് എന്ന കപ്പലിടിച്ച് തകരുകയായിരുന്നു. അപകടത്തില്‍ നിരവധിപേര്‍ മരിച്ചു.
നാട്ടുകാരുടെ നേതൃത്വത്തില്‍ വലിയ പ്രതിഷേധമുണ്ടാവുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോഴുള്ള പാലം പുനര്‍നിര്‍മിച്ചത്.
1959ല്‍ പുനര്‍നിര്‍മിച്ചതാണ് ‘രാജ തുറെ കടല്‍പ്പാലം’ എന്ന വലിയതുറ പാലം.