ചേർത്തല: ചേർത്തല കടപ്പുറത്തു ഭീമൻ കടലാനയുടെ ജഡം അടിഞ്ഞു. അർത്തുങ്കൽ ആയിരംതൈ കടപ്പുറത്ത് പുലിമുട്ടിനു സമീപം ഇന്നലെ രാവിലെ അടിഞ്ഞ കടലാനയെ മത്സ്യത്തൊഴിലാളികളാണ് ആദ്യം കാണുന്നത്. പത്തു മീറ്ററോളം നീളവും അഞ്ചു ടണ്ണിൽ കൂടുതൽ ഭാരവുമുണ്ട്.
പത്തു വയസോളം തോന്നിക്കും. ജഡത്തിന് രണ്ടാഴ്ചയിലധികം പഴക്കമുണ്ടാകുമെന്ന് അധികൃതർ പറയുന്നു. പ്രായമായതിനാലോ ഉൾക്കടലിൽ കപ്പലിന്റെ ഭാഗങ്ങൾ കൊണ്ടോ മറ്റോ അപകടമുണ്ടായോ ചത്തതായിരിക്കാമെന്നു കരുതുന്നു. കടൽ അടിത്തട്ട് ഇളകിമറിയുന്ന സമയമായതിനാലാണ് ജഡം തീരത്തേക്ക് അടിഞ്ഞതെന്നാണ് വിലയിരുത്തൽ.
സംഭവമറിഞ്ഞ് വനം, റവന്യു, പോലീസ് വകുപ്പ് അധികൃതരുമെത്തി. വൻഭാരവും ദുർഗന്ധവും മൂലം ഏറെ ശ്രമകരമായാണ് ഇതിനെ സംസ്കരിച്ചത്. ചേർത്തല തെക്ക് പഞ്ചായത്ത് നേതൃത്വത്തിൽ തൊഴിലാളികളെ ഉപയോഗിച്ചു കടലാനയെ മുറിച്ചു കഷണങ്ങളാക്കി, മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു മണലിൽ കുഴിച്ചിട്ടു.