ഇന്ത്യന്‍ വ്യോമസേനയുടെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ തെരച്ചിലിലാണ് കഴിഞ്ഞദിവസം മലയാളി സൈനികന്റേതടക്കം നാല് മൃതദേഹാവശിഷ്ടങ്ങള്‍ കൂടി കണ്ടെത്തിയത്. 56 വര്‍ഷം മുന്‍പ് വിമാനം തകര്‍ന്ന് കാണാതായവര്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ ഇനിയും സൈന്യം അവസാനിപ്പിച്ചിട്ടില്ല.
പത്തനംതിട്ട ഇലന്തൂര്‍ ഒടാലില്‍ ഒ.എം. തോമസിന്റെ മകന് തോമസ് ചെറിയാന്റേതടക്കമുള്ള മൃതദേഹാവശിഷ്ടങ്ങളാണ് ഒടുവില്‍ ലഭിച്ചത്. കൊല്ലപ്പെടുമ്പോള്‍ 21 വയസായിരുന്നു തോമസിന്. മൂന്ന് തലമുറകളോളം ഇതിനുശേഷം കുടുംബത്തില്‍ ഉണ്ടായെങ്കിലും രാജ്യത്തിനുവേണ്ടിയുള്ള പോരാട്ടത്തില്‍ കൊല്ലപ്പെട്ട കുടുംബാംഗത്തിന്റെ അവസാനമായി കാണാന്‍ സഹോദരങ്ങള്‍ അടക്കം കാത്തിരിക്കുകയാണ്.
ഹിമാചല്‍പ്രദേശിലെ രോത്താങ് പാസിലെ മഞ്ഞും മലയില്‍നിന്നു പ്രത്യേക തെരച്ചില്‍ സംഘമാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. മല്‍ഖന്‍ സിംഗ്, ശിപായി ആയിട്ടുള്ള നാരായണ്‍ സിംഗ് എന്നിവരുടെ മൃതദേഹങ്ങളാണ് തോമസ് ചെറിയാന്റെ ഭൗതിക അവശിഷ്ടങ്ങള്‍ക്കൊപ്പം ലഭിച്ചിട്ടുള്ളത്.
എയര്‍ ഫോഴ്സില്‍ ക്രാഫ്റ്റസ്മാന്‍ ആയിരുന്നു തോമസ്. 1968 ഫെബ്രുവരി ഏഴിന് ചണ്ഡിഗഡില്‍നിന്നു ലേയിലേക്ക് പോയ ഇന്ത്യന്‍ എയര്‍ ഫോഴ്സിന്റെ എഎന്‍-12 വിമാനമാണ് കാണാതായത്. 102 യാത്രക്കാരാണ് ഇരട്ടഎന്‍ജിനുള്ള ടര്‍ബോ പ്രൊപ്പല്ലര്‍ ട്രാന്‍സ്പോര്‍ട്ട് എയര്‍ ക്രാഫ്ടില്‍ ഉണ്ടായിരുന്നത്.
മുഴുവന്‍ പേരും അപകടത്തില്‍ മരിച്ചു. തിരംഗ മൗണ്ടന്‍ റസ്ക്യൂ ടീമും ഇന്ത്യന്‍ ആര്‍മിയുടെ ഡോഗ്ര സ്കൗട്ട്സും ചേര്‍ന്ന് നടത്തിയ സംയുക്ത തെരച്ചിലിലാണ് ഭൗതിക അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. തോമസിന്റെ മരണ വിവരം ലെഫ്റ്റനന്റ് അജയ് ചൗഹാന് ആറന്മുള പോലീസ് സ്റ്റേഷനില്‍ അറിയിച്ചു.
അവിടെ നിന്ന് വിവരം ഇലന്തൂരിലെ ബന്ധുക്കള്‍ക്ക് കൈമാറി. 2003 ല്‍ എ.ബി. വാജ്പേയി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീയറിംഗില്‍ നിന്നുള്ള പര്‍വതാരോഹകരാണ് ഈ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ആദ്യമായി കണ്ടെത്തിയത്. നിരവധി ശ്രമങ്ങള്‍ക്കൊടുവിലായിരുന്നു ഇത്. 2005, 06,13,19 വര്‍ഷങ്ങളിലും ഡോഗ്ര സ്കൗട്ട്സ് തെരച്ചില്‍ തുടര്‍ന്നിരുന്നു.
2019 വരെ അഞ്ചു പേരുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുത്തു. ചന്ദ്രഭാഗ പര്‍വത പര്യവേഷക സംഘമാണ് ഇപ്പോള്‍ നാല് മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെടുത്തിരിക്കുന്നത്. വിമാനത്തില്‍ ഉണ്ടായിരുന്ന മലയാളിയും കോട്ടയം സ്വദേശിയുമായ കെ.കെ. രാജപ്പന്റേതടക്കമുള്ള വിവരങ്ങള്‍ ഇനിയും ലഭിച്ചിട്ടില്ല.