മംഗളൂരു: േനേത്രാവതി പാലത്തിൽ നിന്നു കാണാതായ കഫേ കോഫിഡേയുടെ സ്ഥാപക ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ വി.ജി. സിദ്ധാര്‍ഥ(59)യുടെ മൃതദേഹം കണ്ടെത്തി. ഇന്നു രാവിലെ 6.30ന് കടലിനോട് ചേർന്ന് ഹോയ്ജ് ബസാറിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സിദ്ധാർഥിനെ കാണാതായ നേത്രാവതി പാലത്തിൽ നിന്നും ഒരു കിലോമീറ്റർ അകലെയാണ് ഹോയ്ജ് ബസാർ.
പുഴയിൽ തെരച്ചിൽ നടത്തിയ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്്മോർട്ടത്തിനായി അയയ്ച്ചതായി മംഗളൂരു പോലീസ് കമ്മീഷ്ണർ സന്ദീപ് പാട്ടീൽ അറിയിച്ചു. 34 മണിക്കൂർ നേരത്തെ തെരച്ചിലിനൊടുവിലാണ് മൃതദേഹം കിട്ടിയത്.
തിങ്കളാഴ്ച വൈകുന്നേരം നേത്രാവതി പാലത്തിനു സമീപം കാര്‍ നിര്‍ത്തി മൊബൈലില്‍ സംസാരിച്ചുകൊണ്ടു മുന്നോട്ടുനീങ്ങിയ സിദ്ധാര്‍ഥ പുഴയിലേക്കു ചാടുന്നതു കണ്ടതായുള്ള സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിലാണ് പോലീസ് കോസ്റ്റ് ഗാര്‍ഡിന്റെയും ദുരന്തനിവാരണ സേനയുടെയും സഹായത്തോടെ തെരച്ചില്‍ നടത്തിയത്. സിദ്ധാര്ഥയുടേതെന്നു സംശയിക്കുന്ന ഒരു കത്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.
1500 കോഫി ഷോപ്പ്
ചിക്മഗളൂരു സ്വദേശിയായ സിദ്ധാര്‍ഥ, കർണാടക മുൻ മുഖ്യമന്ത്രിയും മുൻ കേന്ദ്രമന്ത്രിയും ഇപ്പോള്‍ ബിജെപി നേതാവുമായ എസ്.എം. കൃഷ്ണയുടെ മകള്‍ മാളവികയുടെ ഭര്‍ത്താവാണ്. രാജ്യത്താകമാനമായി 1500ലധികം കോഫി ഷോപ്പുകളാണ് ഈ ശൃംഖലയ്ക്കു കീഴിലുള്ളത്.
ചിക്മഗളൂരുവിൽ സിദ്ധാര്‍ഥയുടെ ഉടമസ്ഥതയിലുള്ള കാപ്പിത്തോട്ടങ്ങളില്നിന്ന് പ്രതിവര്‍ഷം 28,000 ടണ്ണിലധികം കാപ്പിയാണ് കയറ്റുമതി ചെയ്യപ്പെടുന്നത്. ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന അമാല്‍ഗമേറ്റഡ് ബീന്‍ കമ്പനി (എബിസി)യുടെ വാര്‍ഷിക വിറ്റുവരവ് 2500 കോടി രൂപയാണ്. ഗ്രീന്‍ കോഫിയുടെ കയറ്റുമതിയില്‍ ഇന്ത്യയില്‍ ഒന്നാം സ്ഥാനത്തു നില്ക്കുന്ന കമ്പനിയാണിത്.
“സംരംഭകനെന്നനിലയിൽ പരാജയം’
തന്റെ ബിസിനസ് ഉദ്യമങ്ങളിലൂടെ 50,000 -ത്തോളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനായിട്ടുണ്ടെന്ന് സിദ്ധാര്‍ഥയുടേതെന്ന രീതിയില്‍ പ്രചരിക്കുന്ന കത്തില്‍ പറയുന്നു. എന്നാല്‍, എല്ലാവിധ ശ്രമങ്ങളും നടത്തിയിട്ടും ഒരു യഥാര്‍ഥ ബിസിനസ് മോഡലാകാന്‍ തനിക്കു കഴിഞ്ഞിട്ടില്ലെന്നും കത്തില്‍ പറയുന്നുണ്ട്.
സംരംഭകനെന്നനിലയില് താന്‍ ഒരു പരാജയമായിരുന്നു. അതേസമയം ആരെയും ചതിക്കാനോ വഴിതെറ്റിക്കാനോ താന്‍ ഇതുവരെ ശ്രമിച്ചിട്ടില്ലെന്നും കത്തില്‍ പറയുന്നു. കമ്പനിയുടെ കുടുംബാംഗങ്ങളെയും ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളെയും അഭിസംബോധന ചെയ്തുകൊണ്ടുള്ളതാണ് കത്ത്. അടുത്തിടെ കമ്പനി കൊക്കകോള ഗ്രൂപ്പിന് കൈമാറാനുള്ള നീക്കങ്ങള്‍ നടക്കുന്നതായി വാര്‍ത്തയുണ്ടായിരുന്നു.
കാണാതായത് തിങ്കളാഴ്ച
ബിസിനസ് ആവശ്യവുമായി ബന്ധപ്പെട്ടാണ് സിദ്ധാര്‍ഥ മംഗളൂരുവിലെത്തിയത്. തിങ്കളാഴ്ച വൈകുന്നേരം ആറരയോടെ നേത്രാവതി പാലത്തിനു സമീപം കാര്‍ നിര്‍ത്തി മൊബൈലില്‍ സംസാരിച്ചുകൊണ്ടു നടന്നുപോയ അദ്ദേഹം ഒരു മണിക്കൂറായിട്ടും തിരിച്ചെത്താത്തതിനെത്തുടര്‍ന്നു ഡ്രൈവര്‍ കുടുംബാംഗങ്ങളെ വിളിച്ച് വിവരമറിയിച്ചു. ഏഴോടടുത്ത് പാലത്തില്‍നിന്ന് ഒരാള്‍ പുഴയില്‍ ചാടുന്നതു കണ്ടതായാണ് സമീപവാസികളായ മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. രക്ഷിക്കാനായി ഓടിയെത്തുന്നതിനുമുമ്പ് മുങ്ങിത്താഴ്ന്നു കഴിഞ്ഞിരുന്നു.