കോഴിക്കോട്: ഫ്ളാറ്റിന്റെ പേരില്‍ ബില്‍ഡേഴ്സ് കോടികളുടെ തട്ടിപ്പ്. പണം നല്കി ബുക്ക് ചെയ്തിട്ട് 12 വര്‍ഷമായിട്ടും ഫ്ളാറ്റ് നല്‍കാതെയാണ് പ്രമുഖ ബില്‍ഡേഴ്സായ കോഴിക്കോട് പി.ടി ഉഷാ റോഡില്‍ പ്രവര്‍ത്തിക്കുന്ന പെന്റഗണ്‍ ബില്‍ഡേഴ്സ് തട്ടിപ്പ് നടത്തുന്നതെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. തട്ടിപ്പിനിരയായ ഡോക്ടര്‍മാരായ എം.എം. അബ്ദുള്‍ സലാം, കെ.സഫറുള്ള, കെ.അബ്ദുള്‍ മുനീര്‍, അബ്ദുള്‍ലത്തീഫ് എന്നിവര്‍ ഇന്നലെ കോഴിക്കോട് സിറ്റി പോലീസ് കമീഷണർക്ക് പരാതി നൽകി.
കോഴിക്കോട് കാമ്പുറം ബീച്ചില്‍ നിര്‍മിക്കുന്ന സീഷെല്‍ അപ്പാര്‍ട്ട്മെന്റിലെ ഫ്ളാറ്റിനാണ് ഇവര്‍ ലക്ഷങ്ങള്‍ മുടക്കി ബുക്ക് ചെയ്തത്. 2007 -ല്‍ പണം വാങ്ങിയവരോട് 2012 ല്‍ നിര്‍മാണം പൂര്‍ത്തീകരിച്ച് ഫ്ളാറ്റ് കൈമാറുമെന്നാണ് അറിയിച്ചിരുന്നത്. പലതവണ കരാറുകള്‍ പിന്നീട് മാറ്റി എഴുതി. 36 ലക്ഷം മുതല്‍ 65 ലക്ഷം വരെ വിലയുള്ള ഫ്ളാറ്റിനാണ് കരാര്‍ ഒപ്പുവച്ചത്.
ആലുവ സ്വദേശിയായ ഡോക്ടര്‍ 2010 ല്‍ 12 ലക്ഷം രൂപയായിരുന്ന അഡ്വാന്‍സ് നല്‍കിയത്. ബാക്കി 20 ലക്ഷം രൂപ ബാങ്ക് വായ്പയും. രണ്ട് വര്‍ഷത്തിനകം പണി തീര്‍ത്ത് ഫ്ളാറ്റ് കൈമാറുമെന്നായിരുന്നു ഡോക്ടറുമായുള്ള കരാര്‍ . എന്നാല്‍ ഒന്‍പത് വര്‍ഷം കഴിഞ്ഞിട്ടും ഫ്ളാറ്റ് ലഭിച്ചില്ല. ബാങ്കില്‍ നിന്നുള്ള വായ്പാ തുകയും നിര്‍മാതാക്കള്‍ കൈപ്പറ്റയതിനാല് ഇതിന്റെ പലിശയും ഡോക്ടറാണിപ്പോള്‍ അടയ്ക്കുന്നത്.
11 നിലകളിലായി 46 ഫ്ളാറ്റുകളാണ് നിര്‍മിക്കുന്നതെന്നും 65 സെന്റ് സ്ഥലത്താണ് നിര്‍മിക്കുന്നതെന്നുമാണ് ബില്‍ഡേഴ്സിന്റെ പരസ്യം. 40 ലക്ഷം മുതല്‍ 95 ലക്ഷം വരെയാണ് വില. 2019 ഓഗസ്റ്റില്‍ നിര്‍മാണം പൂര്‍ത്തീകരിച്ചതായും ബില്‍ഡേഴ്സിന്റെ വെബ്സൈറ്റിലുണ്ട്.
നാഷണല്‍ ഹോസ്പിറ്റലിന്റേയും കെഎംസിടി മെഡിക്കല്കോളജിന്റേയും ഉടമ ഡോ. കെ.മൊയ്തുവിന്റെ മകനാണ് ബില്‍ഡേഴ്സിന്റെ മാനേജിംഗ് ഡയറക്ടറായ ഡോ. കെ.എം.ആഷിക്ക്. നാഷണൽ ഹോസ്പിറ്റലിന്റെ മുൻ ഡയരക്ടറായ ഇദ്ദേഹം ഒരു വർഷത്തോളമായി ഹോസ്പിറ്റലിൽനിന്ന് വിട്ടുനിൽക്കയാണ്. പെന്ഡഗണ് ബില്‍ഡേഴ്സ് അപ്പാര്‍ട്ട്മെന്റ് നിര്‍മിക്കാന്‍ കേരളാ ഫിനാന്‍സ് കോര്‍പറേഷനില്‍ നിന്ന് അഞ്ചു കോടി രൂപ വായ്പ എടുത്തിരുന്നു.
ഇക്കാര്യം ഫ്ളാറ്റ് ബുക്ക് ചെയ്യുമ്പോള്‍ അറിയിച്ചിരുന്നില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. എന്നാല്‍ പിന്നീട് പലിശയടക്കം ഏഴരകോടിയുടെ ബാധ്യത ഓരോ ഫ്ളാറ്റ് ഉടമകളും അടയ്ക്കണമെന്ന് കാണിച്ച് നോട്ടീസ് വന്നപ്പോഴാണ് വായ്പയുടെ കാര്യം ഡോക്ടര്‍മാര്‍ അറിയുന്നത്. തുടര്‍ന്ന് കെഎഫ്സിയെ സമീപിച്ച് വായ്പയുടെ ഒരു ഭാഗം അടയ്ക്കാമെന്ന് പറഞ്ഞതോടെ എന്‍ഒസി നല്കാന് കെഎഫ്സി തയാറാവുകയായിരുന്നു.
ഇതുവരെയും ഫ്ളാറ്റില്‍ കുടുംബസമേതം താമസിക്കുന്നതിനുള്ള ഒക്യുപെന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ല. കരാര്‍ പ്രകാരമുള്ള വിസ്തൃതിയും കോമണ്‍ ഏരിയയും ഫളാറ്റിനില്ല. ഇതെല്ലാം മറിച്ചുവച്ചാണ് തട്ടിപ്പ് നടത്തിയത്. 2018 നകം ഫ്ളാറ്റ് കൈമാറിയില്ലെങ്കില്‍ നഷ്ടപരിഹാരം നല്‍കുമെന്ന് വാഗ്ദാനവും ബില്‍ഡേഴ്സ് നല്‍കിയിരുന്നു. എന്നാല്‍ കരാര്‍ കാലാവധി കഴിഞ്ഞിട്ടും ഇത്തരത്തിലുള്ള നഷ്ടപരിഹാരം നല്‍കുന്നതിനും ബില്‍ഡേഴ്സ് തയാറായില്ല. അതിനിടെ നിര്‍മാണം പൂര്‍ത്തിയാവാത്ത ഫ്ളാറ്റ് ചിലര്‍ക്ക് രജിസ്റ്റര്‍ ചെയ്ത് നല്‍കിയിട്ടുണ്ട്.
ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കി 2018 ഡിസംബറില്‍ നടക്കാവ് പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ബില്‍ഡേഴ്സിനെതിരേ നടപടി സ്വീകരിച്ചിട്ടില്ല. ആദ്യഘട്ടത്തില്‍ കേസന്വേഷണത്തിന് ഊര്‍ജ്ജിതമായി ഇടപെട്ട പോലീസ് പിന്നീട് പരാതി ക്രിമനലല്ലെന്നും സിവില്കേസായതിനാല് പോലീസിന് ഇടപെടാനാവില്ലെന്നുമുള്ള വാദമാണുന്നയിച്ചത്.
എന്നാല്‍ വഞ്ചിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് വഞ്ചനാകുറ്റത്തിന് കേസെടുക്കാന്‍ പോലും പോലീസ് തയാറാവാത്തത് ബില്‍ഡേഴ്സുമായുള്ള അവിശുദ്ധ ബന്ധമാണെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. തുടർനാനണ് കമ്മീഷണര്‍ക്കും ഇവര്‍ പരാതി നല്‍കിയത്.
തദ്ദേശസ്വയംഭരണ വകുപ്പിനെ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ല. എസ്റ്റേറ്റ് റെഗുലേറ്ററി അഥോറിറ്റി രൂപീകരിക്കും വരെ കാത്തിരിക്കാനാണ് ആവശ്യപ്പെട്ടത്. വിവരാവകാശ അപേക്ഷകള്‍ പ്രകാരം പോലും അധികൃതര്‍ മറുപടി നല്കാന് തയാറായിരുന്നില്ല. നിസാരകാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു മറുപടി നല്‍കാതിരുന്നത്. പിന്നീട് ലഭിച്ച രേഖകള്‍ പോലും അംഗീകരിക്കാനും ചിലര്‍ തയാറായിരുന്നില്ല.
രാഷ്ട്രീയ സ്വാധീനവും ഉന്നതതലത്തില്‍ ഉദ്യോഗസ്ഥ സ്വാധീനവും ബില്ഡേഴ്സിനുള്ളതിനാലാണ് നടപടി സ്വീകരിക്കാത്തതെന്നുമാണ് ഉയരുന്ന ആരോപണം. ഫളാറ്റ് തട്ടിപ്പിന് കൂട്ടു നില്ക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേയും ഡോക്ടര്‍മാര്‍ കൂടുതൽ നിയമനടപടി സ്വീകരിക്കാനൊരുങ്ങുകയാണ്.