മറ്റ് ജില്ലക്കാരുടെ സ്വീകരണം കണ്ട് ഞങ്ങളും സ്വീകരണം പ്രതീക്ഷിച്ചിരുന്നു! പക്ഷേ ഒരു കുഞ്ഞുപോലുമുണ്ടായിരുന്നില്ല; പ്രചരിക്കുന്ന ചിത്രം സത്യമാണെന്ന് സന്തോഷ് ട്രോഫി താരങ്ങള്‍

നീണ്ട പതിനാല് വര്‍ഷങ്ങള്‍ക്കുശേഷമാണ് കേരളത്തിലേയ്ക്ക് സന്തോഷ് ട്രോഫി തിരിച്ചെത്തിയത്. ഈ സാഹചര്യത്തില്‍ ടീമിലുണ്ടായിരുന്ന മിടുക്കര്‍ക്ക് നല്‍കേണ്ട സ്വീകരണം എത്രയധികമായിരിക്കണമെന്നത് എല്ലാവര്‍ക്കുമറിയാവുന്നതാണ്. മലപ്പുറത്തും കോഴിക്കോടുമെല്ലാം വന്‍ സ്വീകരണമാണ് താരങ്ങള്‍ക്ക് ലഭിച്ചതും.

എന്നാല്‍ തലസ്ഥാന നഗരിയായ തിരുവനന്തപുരത്തെ താരങ്ങള്‍ക്ക് ലഭിച്ചത് തികഞ്ഞ അവഗണനയാണ്. അത് തെളിയിക്കുന്ന ചിത്രങ്ങളും സോഷ്യല്‍മീഡിയ വഴി പ്രചരിച്ചിരുന്നു. അതേക്കുറിച്ച് അന്വേഷിച്ചെത്തിയ മാധ്യമപ്രവര്‍ത്തകരോട് കേരള ടീം വൈസ് ക്യാപ്റ്റന്‍ സീസണ്‍ പറഞ്ഞ കാര്യങ്ങളാണ് ഫുട്‌ബോള്‍ ആരാധകരുടെ മനസില്‍ വിങ്ങലുണ്ടായിരിക്കുന്നത്.

പതിനാലു വര്‍ഷങ്ങള്‍ക്ക് ശേഷം സന്തോഷ് ട്രോഫി നേടിയ ശേഷം നാട്ടില്‍ വന്നിറങ്ങുമ്പോള്‍ ഒട്ടേറേപ്പേര്‍ സ്വീകരിക്കാനെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. കപ്പ് നേടി വന്നതു കൊണ്ട് റെയില്‍വെ സ്റ്റേഷനില്‍ ഒട്ടേറെപ്പേര്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. പക്ഷെ ഒരുകുഞ്ഞു പോലുമുണ്ടായിരുന്നില്ല. മറ്റ് ജില്ലക്കാരുടെ സ്വീകരണവാര്‍ത്തകളൊക്കെ കണ്ട് ഞങ്ങളും സ്വീകരണം പ്രതീക്ഷിച്ചിരുന്നു. കഴിഞ്ഞ രണ്ടുവര്‍ഷവും സെമിയില്‍ കളിച്ചപ്പോള്‍ വന്നിറങ്ങിയതുപോലെ തന്നെയായിരുന്നു ഇത്തവണയും.

കപ്പടിച്ചിട്ടുവന്നിട്ടും സ്വീകരിക്കാന്‍ ആരുമെത്താതിരുന്നത് വിഷമമുണ്ടാക്കിയെന്നും ഇതുംസംബന്ധിച്ച് സമൂഹമാധ്യമത്തില്‍ പ്രചരിച്ച ചിത്രം പരാമര്‍ശിച്ച് സീസണ്‍ പറഞ്ഞു. ചിത്രം വ്യാപകമായി സമൂഹമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യപ്പെടുകയും ചെയ്തു. താരങ്ങളെ സ്വീകരിക്കാന്‍ ആരുമെത്താത്തതിനെതിരെ പ്രതിഷേധ സ്വരങ്ങളും ഉയര്‍ന്നു. ചിത്രം കണ്ട് ഒരുപാട് പേര്‍ വിളിച്ചു.

ഞങ്ങള്‍ റൂമില്‍ പോയി ഫ്രഷായി കഴിഞ്ഞ് ബസില്‍ വീട്ടില്‍ പോകാന്‍ തയ്യാറെടുത്തിരുന്നപ്പോഴാണ് കൂടെ ജോലി ചെയ്യുന്ന മിഥുന്‍ ചേട്ടനെ വിളിച്ചത്. അപ്പോള്‍ ചേട്ടന്‍ പറഞ്ഞു. ബസില്‍ പോകണ്ട, ഞങ്ങളെ വീട്ടിലാക്കാമെന്ന്. അങ്ങനെ അദ്ദേഹം ഞങ്ങളെ വീട്ടിനടുത്തുള്ള റോഡില്‍ ഇറക്കുകയായിരുന്നു. അവിടെ അടുത്താണ് ഞങ്ങളുടെ വീട്. അപ്പോള്‍ മിഥുന്‍ ചേട്ടനെടുത്ത ചിത്രമാണത്.

അദ്ദേഹം തന്നെ ആ ചിത്രം കുറിപ്പോടുകൂടി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ആ ചിത്രം പിന്നീട് വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടു സീസണ്‍ പറഞ്ഞു. പടം പുറത്തുവന്നപ്പോള്‍ ഞങ്ങളാകെ പെട്ടതുപോലെയായി. എല്ലാവരും വിളിച്ച് അന്വേഷിക്കുന്നുണ്ട്. ചിലര്‍ വിളിച്ച് സോറി പറഞ്ഞു. കളി ജയിച്ചപ്പോള്‍ എംഎല്‍എയൊക്കെ വിളിച്ചിരുന്നു. ശ്രീശാന്ത്, ഐഎം വിജയന്‍ തുടങ്ങി ഒട്ടേറെപ്പേര്‍ വിളിച്ചു. അര്‍ഹിക്കുന്ന സമ്മാനമൊക്കെ തരുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ചിത്രം പുറത്തു വന്നതിനു ശേഷം ഡിവൈഎഫ്‌ഐ സ്വീകരണം ഒരുക്കി. ഇരുവരും പറയുന്നു.

 

Related posts