വടകര: സീസണ് ടിക്കറ്റ് യാത്രക്കാർ റിസർവേഷൻ കോച്ചുകളിൽ കയറിയാൽ പിഴ ഈടാക്കുന്നതിന് പുറമെ കടുത്ത ശിക്ഷാ നടപടിക്കും ശ്രമം. സ്ലീപ്പർ കോച്ചിൽ യാത്ര ചെയ്താൽ സീസണ് റദ്ദാക്കുന്നതടക്കമുള്ള നടപടിക്കാണ് റെയിൽവെ തുനിയുന്നത്. ഈ നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയാണ്.
സീസണ് ടിക്കറ്റ് യാത്രക്കാർ സൗജന്യ യാത്ര ചെയ്യുകയാണെന്ന ചില റയിൽവെ ഉദ്യോഗസ്ഥരുടെ ധാരണ ആദ്യം തിരുത്തണമെന്നാണ് യാത്രക്കാർക്കു പറയാനുള്ളത്. ഒരു മാസം മുതൽ ഒരു വർഷത്തേക്ക് 1വരെയുള്ള ചാർജ് മുൻകൂട്ടി കൊടുത്താണ് സീസണ് ടിക്കറ്റെടുക്കുന്നത്. ഒരു വർഷത്തെ കണക്ക് നോക്കിയാൽ ഏതൊരു സ്ലീപ്പർ യാത്രക്കാരനെക്കാളും പതിന്മടങ്ങ് വരുമാനം സീസണ് ടിക്കറ്റുകാർ റയിൽവെക്ക് ഉണ്ടാക്കി കൊടുക്കുന്നുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ദിവസവും ആയിരക്കണക്കിനാളുകളാണ് നിത്യവൃത്തിക്ക് വേണ്ടി ടെയിൻ വഴി യാത്ര ചെയ്യുന്നത്. നിരവധി സർക്കാർ ഉദ്യോഗസ്ഥരും അധ്യാപകരും ഡോക്ടർമാരും സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്നവരും വിദ്യാർഥികളും അടക്കം ഓരോ സ്റ്റേഷനിൽ നിന്നും നൂറുകണക്കിന് പേർ യാത്ര ചെയ്യുന്നുണ്ടെന്ന് മലബാർ ട്രെയിൻ പാസഞ്ചേഴ്സ് ഫോറം ചൂണ്ടിക്കാട്ടി.
പരശു, ഇന്റർസിറ്റി ഒഴികെ മറ്റു ട്രെയിനുകളിലൊന്നും പകൽ ഫുൾ ജനറൽ കോച്ചില്ല. തിരക്കുള്ള അതിരാവിലെയും വൈകീട്ടും മൂന്ന് ട്രെയിനുകളിൽ വരെ കയറേണ്ട യാത്രക്കാരെയും കൊണ്ടാണ് പരശുറാം ഓടുന്നത്. അതിൽ തന്നെ 21 കോച്ചുകളിൽ ആകെ ജനറൽ കോച്ചുകൾ 10 എണ്ണം മാത്രമാണ്. നേത്രാവതി, മംഗള, മാവേലി, മലബാർ, ചെന്നൈ മെയിൽ, ട്രിവാൻഡ്രം എക്സ്പ്രസ്, യശ്വന്ത്പുരം തുടങ്ങിയ ട്രെയിനുകളിൽ രണ്ട് കോച്ച് മാത്രമേ ജനറലുള്ളൂ.
ഇതിൽ തന്നെ പകുതി കോച്ച് ചിലപ്പോൾ ആർഎംഎസിന് വേണ്ടി മാറ്റിയിരിക്കും. പിന്നെ എങ്ങിനെയാണ് സ്ഥിരം യാത്രക്കാർ ട്രെയിനുകളിൽ യാത്ര ചെയ്യേണ്ടതെന്ന ചോദ്യം ഉയരുകയാണ്. ഇത്തരം ട്രെയിനുകളിൽ രണ്ട് ജനറൽ കോച്ചുകൾ കൂടി അനുവദിക്കുക, മൂന്നോ നാലോ ഡി റിസർവ്വ്ഡ് കോച്ചുകൾ എല്ലാ ട്രെയിനുകളിലും അനുവദിക്കുക, ഷൊർണൂർ-കോഴിക്കോട്-മംഗലാപുരം റൂട്ടിൽ അടിയന്തിരമായി മെമു ട്രെയിനുകൾ അനുവദിക്കുക, സ്ത്രീകൾക്ക് പകുതി കോച്ചിന് പകരം ഒരു കോച്ച് പൂർണ്ണമായും അനുവദിക്കുക, ലോക്കൽ ട്രെയിനുകൾ മണിക്കൂറോളം സ്റ്റേഷനുകളിൽ പിടിച്ചിടുന്നത് ഒഴിവാക്കി കൃത്യസമയത്ത് ഓടിക്കാൻ പാകത്തിൽ സമയക്രമത്തിൽ മാറ്റം വരുത്തുക, മാന്യമായി സഞ്ചരിക്കാനുള്ള സ്വാതന്ത്യവും അവകാശവും സിസണ് ടിക്കറ്റ് യാത്രക്കാർക്കും റെയിൽവെ ഒരുക്കുക തുടങ്ങി നിത്യയാത്രക്കാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടിട്ട് വേണം ഇത്തരം കർശന നിയമങ്ങൾ നടപ്പിലാക്കാനെന്ന് മലബാർ ട്രെയിൻ പാസഞ്ചേഴ്സ് ഫോറം ഭാരവാഹികളുടെ യോഗം റെയിൽവേ അധികാരികളോട് ആവശ്യപ്പെട്ടു.
ചെയർമാൻ എം.പി.അബ്ദുൽ കരീം അധ്യക്ഷത വഹിച്ചു, പി.കെ.സി.ഫൈസൽ, അബ്ദുറബ്ബ് നിസ്താർ, എം.പി.പ്രസിൻ, സബി സദാനന്ദൻ, വിജു രാഘവൻ, ഷാഹിദ് ഉൗരളളൂർ എന്നിവർ പ്രസംഗിച്ചു. കണ്വീനർ ഫൈസൽ ചെള്ളത്ത് സ്വാഗതം പറഞ്ഞു.