വാഹനങ്ങളില്‍ പിന്‍സീറ്റിലും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കാനുള്ള നീക്കവുമായി കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് എന്ന് വിവരം.
എന്നാല്‍, ഇക്കാര്യത്തില്‍ കേന്ദ്രത്തിന്റെ അന്തിമ തീരുമാനം വരുന്നതിന് മുമ്പുതന്നെ ഡല്‍ഹി പോലീസ് ഇക്കാര്യത്തില്‍ ഒരു ചുവട് മുമ്പോട്ടു വച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസം പോലീസ് നടത്തിയ വാഹന പരിശോധനയില്‍ സീറ്റ്ബെല്‍റ്റ് ധരിക്കാത്ത പിന്‍നിര യാത്രക്കാര്‍ക്കും പിഴ നല്‍കിയതായാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ ദിവസം കൊണാട്ട് പ്ലേസിന് സമീപമുള്ള ബരാഖംബ റോഡില്‍ പോലീസ് നടത്തിയ വാഹന പരിശോധനയിലാണ് പിന്നിലെ സീറ്റ് ബെല്‍റ്റ് ധരിക്കാതിരുന്ന 17 യാത്രക്കാരില്‍ നിന്ന് പിഴ ഈടാക്കിയതെന്നാണ് റിപ്പോര്‍ട്ട്.
രണ്ടാം ദിവസം പരിശോധനയില്‍ 41 ആളുകള്‍ക്കും പിഴ നല്‍കിയതായാണ് വിവരം. മോട്ടോര്‍ വാഹന നിയമം 194 ബി അനുസരിച്ച് 1000 രൂപയാണ് പിഴ ഈടാക്കുന്നത്.
നിരത്തുകളില്‍ കൂടുതല്‍ സുരക്ഷ ഉറപ്പാക്കുന്നകിനായാണ് ഈ നീക്കമെന്നാണ് വിശദീകരണം. മഹാരാഷ്ട്രയിലെ പാല്‍ഘറിലുണ്ടായ വാഹനാപകടത്തില്‍ വ്യവസായ പ്രമുഖന് സൈറസ് മിസ്ത്രി മരിച്ചതിന് പിന്നാലെയാണ് പിന്‍സീറ്റില്‍ ഇരിക്കുന്നവരും സീറ്റ് ബെല്‍റ്റ് ധരിക്കാനുള്ള നിര്‍ദേശങ്ങള്‍ വന്ന് തുടങ്ങുന്നത്.
ഇതിനുപിന്നാലെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും പോലീസ്, മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും പിന്‍സീറ്റിലെ യാത്രക്കാരും സീറ്റ് ബെല്‍റ്റ് ധരിക്കുന്നതിന്റെ ആവശ്യകത സംബന്ധിച്ച് ജനങ്ങള്‍ക്ക് ബോധവത്കരണം നല്‍കാനും ആരംഭിച്ചിട്ടുണ്ട്.
കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിലെ 138(3) വകുപ്പ് അനുസരിച്ച് പാസഞ്ചര്‍ വാഹനങ്ങളുടെ മുന്നിലേയും പിന്നിലേയും സീറ്റുകളില്‍ യാത്ര ചെയ്യുന്നവര്‍ സീറ്റ് ബെല്‍റ്റ് ധരിക്കണമെന്ന് നിഷ്കര്‍ഷിച്ചിട്ടുണ്ട്.
ഇത് ഒഴിവാക്കിയാല്‍ 1000 രൂപ വരെ പിഴ ഈടാക്കാനും സാധിക്കും. എന്നാല്‍, പൊതുവെ ഭൂരിഭാഗം സ്ഥലങ്ങളിലും പിന്‍നിരയില്‍ യാത്ര ചെയ്യുന്നവര്‍ സീറ്റ് ബെല്‍റ്റ് ധരിക്കാറില്ല.
വാഹന പരിശോധനകളിലും പോലീസ് ഇത് നിയമലംഘനമായി കണക്കാക്കിയിരുന്നില്ല. പിന്നിലെ സീറ്റുകള്‍ ബെല്‍റ്റിനും വാണിംഗ് അലാറം നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ വാഹന നിര്‍മാതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയേക്കും.
നിലവില്‍ മുന്‍നിരയിലെ യാത്രക്കാര്‍ സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ മാത്രമാണ് വാണിംഗ് നല്‍കുന്നത്. 2019 മുതലാണ് വാഹനങ്ങളില്‍ സീറ്റ് ബെല്‍റ്റ് അലാറം നിര്‍ബന്ധമാക്കിയത്.
സീറ്റ് ബെല്‍റ്റ് ധരിച്ചാല്‍ മാത്രമേ എയര്‍ബാഗുകള്‍ വിന്യസിക്കൂവെന്നതിനാല് തന്നെ പുതിയ നിയമം ആറ് എയര്‍ബാഗ് നിര്‍ബന്ധമാക്കുന്ന നിര്‍ദേശവുമായി ബന്ധിപ്പിക്കുമെന്നും സൂചനയുണ്ട്.