കണ്ണൂർ: പുതിയ മോട്ടോര്‍ വാഹന നിയമം ജനത്തിനു പീഡനപർവമായി മാറുന്നതായി ആക്ഷേപം. കാറിൽ പിൻസീറ്റിൽ യാത്രചെയ്തവർ സീറ്റ് ബെൽറ്റ് ധരിക്കാത്തതിന്റെ പേരിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ 1,000 രൂപ പിഴയീടാക്കി. കഴിഞ്ഞ ദിവസം മംഗളൂരുവിൽനിന്നു കണ്ണൂരിലേക്കു ബെൻസ് കാറിൽ യാത്ര ചെയ്തവരിൽനിന്നാണു പിഴയീടാക്കിയത്.
പരിയാരം ഏമ്പേറ്റിൽ വച്ചു മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പരിശോധനയ്ക്കായി വാഹനം തടഞ്ഞിരുന്നു. എന്നാൽ, യാത്രക്കാർ വാഹനത്തിൽനിന്നിറങ്ങി ഉദ്യോഗസ്ഥരുടെ അടുക്കലേക്കു പോയിരുന്നില്ല. ഇതേത്തുടർന്ന് വാഹനം പരിശോധന നടത്തിയ ഉദ്യോഗസ്ഥർ പിൻസീറ്റിൽ യാത്രചെയ്തവർ സീറ്റ് ബെൽറ്റ് ധരിച്ചില്ലെന്നു ചൂണ്ടിക്കാട്ടി പിഴയീടാക്കുകയായിരുന്നു.
ഇതുസംബന്ധിച്ചു വാഹന ഉടമ വേങ്ങാട് സ്വദേശി സി.പി. അൻവർ സാദത്ത് ഗതാഗത കമ്മീഷണർക്കു പരാതി നൽകി. വാഹനം നിർത്തി പരിശോധന നടത്തുന്ന ഉദ്യോഗസ്ഥരുടെ അടുക്കലേക്കു പോകാത്ത വിരോധം തീർക്കാൻ പിഴ ചുമത്തുകയായിരുന്നുവെന്നു പരാതിയിൽ ചൂണ്ടിക്കാട്ടി.
വാഹനം പരിശോധിക്കുന്ന സമയത്ത് ഇതുവഴി സഞ്ചരിച്ച വാഹനങ്ങളുടെയൊന്നും പിൻസീറ്റിലിരുന്നവരും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വാഹനത്തിന്റെ പിൻസീറ്റിലിരിക്കുന്നവർക്കും സീറ്റ് ബെൽറ്റ് വേണമെന്ന നിയമമുണ്ടങ്കിലും പ്രായോഗികമല്ലാത്തതിന്റെ പേരിൽ കേരളത്തിൽ നിയമം കർശനമായി നടപ്പാക്കാറില്ലായിരുന്നു.