എരുമേലി: ഒമ്പതാം വയസില്‍ പുഴയില്‍ നീന്തുമ്പോള്‍ കാലുകള്‍ തളര്‍ന്നുപോയ സേതു കഴിഞ്ഞ ഇരുപത് വര്‍ഷമായി മണ്ണിലിഴഞ്ഞ് ശബരിമലയിലേക്ക് പോവുകയാണ്. മക്കളായ ജ്യോതിയുടേയും ബാല്നാഗുവിന്റേയും മുരുകന്റേയും പ്രാര്‍ഥനയുണ്ട് കൂട്ടിന്. കണ്ണൂര്‍ കീച്ചേരി പാറക്കടവില്‍ സേതു 36 ദിവസം മുമ്പാണ് വീട്ടില്‍ നിന്നു ശബരിമല യാത്ര ആരംഭിച്ചത്. ഇന്നലെ എരുമേലിയില്‍ വിശ്രമിച്ച് വീണ്ടും കൊരണ്ടിപലകയില് ഇരുന്ന് ചക്രമുരുട്ടി ഇഴഞ്ഞു നീങ്ങി യാത്ര തുടര്‍ന്നു. ഒരു മാസമെങ്കിലും കുറഞ്ഞത് സേതുവിന് ശബരിമല യാത്രയ്ക്ക് വേണം. അതുകൊണ്ടുതന്നെ വ്രതം നോറ്റ് മാലഅണിയുമ്പോള് സേതു യാത്ര ആരംഭിക്കും.
ഒമ്പതാമത്തെ വയസില്‍ ചുരുളിപ്പുഴയില് കൂട്ടുകാര്‍ക്കൊപ്പം നീന്തിക്കളിക്കുമ്പോഴാണ് പെട്ടെന്ന് ഇരുകാലുകള്‍ക്കും ചലനശേഷി നഷ്ടമായത്. അതില്‍ പിന്നെ ഇതുവരെ നടന്നിട്ടില്ലാത്ത സേതു പത്താം ക്ലാസ് വരെ സ്കൂള്‍ വരാന്തയിലിഴഞ്ഞ് ക്ലാസ്സ് മുറിയിലെത്തി പഠിച്ചു. ആക്രി പെറുക്കി വില്‍പ്പന ഉപജീവനമാര്‍ഗമാക്കിയ സേതുവിന്റെ മക്കളാണ് മുരുകനും ബാല്നാഗുവും ജ്യോതിയും.
ഇവരാണ് കഴിഞ്ഞ 20 വര്‍ഷമായി സേതുവിന്റെ ശബരിമല യാത്രക്ക് പ്രചോദനം. ശബരിമല സന്നിധാനത്തുവച്ച് അനുഗ്രഹം ലഭിച്ചാല്‍ അച്ഛന് നടക്കുമെന്ന് മക്കള്‍ ഉറച്ച് വിശ്വസിക്കുന്നു. ഒരിക്കലെങ്കിലും പതിനെട്ടാം പടി നടന്ന് കയറണമെന്ന ആഗ്രഹത്തിലാണ് സേതുവും.