വൈപ്പിൻ: നായരമ്പലം പുത്തൻ കടപ്പുറം വടക്കേ കടവിൽനിന്നും 200 മീറ്റർ ദൂരെ കടലിൽ കുത്തനെ നിന്നിരുന്ന ഭീമൻ പാഴ് മരത്തടി ഫിഷറീസ് വകുപ്പും അഗ്നിശമന സേനയും മത്സ്യത്തൊഴിലാളികളും ചേർന്ന് കരയ്ക്കു എത്തിച്ചു.
ഈ അടുത്ത കാലത്ത് എങ്ങുനിന്നോ ഒഴുകിയെത്തിയ ഈ കൂറ്റൻ മരത്തടി മത്സ്യ തൊഴിലാളികൾക്ക് വൻ ഭീഷണിയായി നിലകൊള്ളുകയായിരുന്നു.
പല മത്സ്യതൊഴിലാളികളുടെയും വലകളും എൻജിനും ഇതിനോടകം തന്നെ തകർന്നു. എസ്. ശർമ ഇടപ്പെട്ടതിനെ തുടർന്ന് വൈപ്പിൻ ഫിഷറീസ് അസി. ഡയറക്ടർ പി. അനീഷിന്റെ നേതൃത്വത്തിലുള്ള ജീവനക്കാർ ബോട്ടുമായി കടലിൽ വന്ന് മരത്തെ കെട്ടി വലിച്ചു പരമാവധി കരയോട് അടുപ്പിച്ചു .
അവിടെ നിന്നും അഗ്നിശമന സേനയും മത്സ്യ തൊഴിലാളികളും ചേർന്ന് കരക്കടുപ്പിച്ചു. തുടർന്ന് നായരമ്പലം പഞ്ചായത്ത് അധികൃതർ ജെസിബി വരുത്തി പൂർണമായും കരയിലേക്ക് വലിച്ചു കയറ്റി.
ജീർണാവസ്ഥയിലായ മരം പല കഷ്ണങ്ങളാക്കി മുറിച്ച് ഫിഷ്ലാൻഡിംഗ് സെന്ററിന് സമീപം സൂക്ഷിച്ചിട്ടുണ്ട്. വാർഡ് മെമ്പർ സി.സി. സിജി. കെ.വി. പ്രമോദ്, ജോബി വർഗീസ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.