കോട്ടയം: സെബാസ്റ്റ്യൻ കുളത്തുങ്കൽ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. ജോസ് കെ. മാണി വിഭാഗം നേതാവാണ് സെബാസ്റ്റ്യൻ കുളത്തുങ്കൽ. പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയുള്ള തർക്കങ്ങൾക്കൊടുവിലാണ് സെബാസ്റ്റ്യൻ കുളത്തുങ്കലിനെ പ്രസിഡന്റായി തീരുമാനിച്ചത്. സമവായത്തിന്റെ ഭാഗമായി ആദ്യ ടേം ജോസ് കെ. മാണി വിഭാഗവും രണ്ടാമത്തെ ടേമിൽ ജോസഫ് വിഭാഗവും പ്രസിഡന്റ് സ്ഥാനം വഹിക്കും.
യുഡിഎഫ് ധാരണ അനുസരിച്ച് നിലവിലെ പ്രസിഡന്റ് സണ്ണി പാമ്പാടി രാജി വച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ജൂലൈ ഒന്ന് മുതല്‍ കേരള കോണ്‍ഗ്രസിന് നല്‍കാമെന്നായിരുന്നു മുന്നണിയിലെ മുന്‍ ധാരണ. എന്നാല്‍, കേരള കോണ്‍ഗ്രസ്-എം പിളര്‍ന്നതോടെ ആശയക്കുഴപ്പമായി. ജോസഫ്-ജോസ് കെ. മാണി വിഭാഗങ്ങൾ പ്രസിഡന്റ് പദവിയിൽ അവകാശവാദം ഉന്നയിച്ചു.
ഇതോടെ ഇരുവിഭാഗങ്ങളും സമവായത്തിലെത്തിയില്ലെങ്കിൽ പ്രസിഡന്റ് പദം കോൺഗ്രസ് തന്നെ ഏറ്റെടുക്കുമെന്ന് പാർട്ടി നേതൃത്വം കേരള കോൺഗ്രസ് നേ താക്കളെ അറിയിച്ചു. ഇതിനു ശേഷമാണ് ഇരുവിഭാഗവും സമവായത്തിൽ എത്തിയത്. 22 പ്രതിനിധികളുള്ള ജില്ലാ പഞ്ചായത്തില്‍ കോണ്‍ഗ്രസിന് എട്ടും കേരള കോണ്‍ഗ്രസിന് ആറും അംഗങ്ങളാണുള്ളത്. ഇവര്‍ ആറ് പേരും ജോസ് കെ മാണി പക്ഷത്താണ്.