കോട്ടയം: യുഡിഎഫിലെ മുൻ ധാരണ പ്രകാരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കോണ്‍ഗ്രസിലെ സണ്ണി പാന്പാടി ഇയാഴ്ച രാജി വയ്ക്കും. എട്ടാം തീയതി വരെ സണ്ണിപാന്പാടിക്ക് കാലാവധിയുണ്ട്. അതിനുള്ളിലാവും രാജി. അടുത്ത പ്രസിഡന്റ് തെരഞ്ഞെടുപ്പു വരെ വൈസ് പ്രസിഡന്റ് ജെസിമോൾ മനോജിനാവും പ്രസിഡന്റിന്റെ ചുമതല.
പുതിയ പ്രസിഡന്റ് സ്ഥാനത്തേക്ക് കേരള കോണ്‍ഗ്രസ് എമ്മിന്റെ നോമിനിയായി സെബാസ്റ്റ്യൻ കുളത്തുങ്കലിനെ കേരള കോണ്‍ഗ്രസ് എം ജില്ലാ പഞ്ചായത്തു പാർലമെന്ററി പാർട്ടി യോഗം തെരഞ്ഞെടുത്തു. ചെയർമാൻ ജോസ് കെ മാണിയുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ ഐകകണ്ഠ്യേനയായിരുന്നു തെരഞ്ഞെടുപ്പ്.
പാർട്ടി ചെയർമാൻ ജോസ് കെ.മാണിയുടെ നിർദേശ പ്രകാരം സെബാസ്റ്റ്യൻ കുളത്തുങ്കലിനെ തെരഞ്ഞെടുത്തതായി യുഡിഎഫ് ചെയർമാനും കേരള കോണ്‍ഗ്രസ് എം ജില്ലാ പ്രസിഡന്റുമായ സണ്ണി തെക്കേടം ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പിന് കത്ത് നൽകി.
യുഡിഎഫിന്റെ മുൻ ധാരണപ്രകാരം ജൂലൈ എട്ടിനാണ് സണ്ണി പാന്പാടി രാജിവയ്ക്കേണ്ടത്. പിന്നീടുള്ള ഒരു വർഷം പ്രസിഡന്റ് സ്ഥാനം കേരള കോണ്‍ഗ്രസിന് നല്‍കാമെന്നാണ് മുൻ ധാരണ. ഇതനുസരിച്ച് നിലവിലെ പ്രസിഡന്റ് സണ്ണി പാന്പാടി സ്ഥാനമൊഴിയാൻ തീരുമാനിച്ചിരുന്നതാണ്. എന്നാൽ ചെയർമാൻ സ്ഥാനത്തെ ചൊല്ലി കേരള കോണ്‍ഗ്രസിലുണ്ടായ തർക്കത്തെ തുടർന്ന് സണ്ണി പാന്പാടി സ്ഥാനമൊഴിയേണ്ടെന്ന നിലപാടിലായിരുന്നു ഡിസിസി നേതൃത്വം.
അതേ സമയം ധാരണ പ്രകാരമുളള അധികാര കൈമാറ്റവും പാർട്ടിയിലെ തർക്കവും തമ്മിൽ ബന്ധിപ്പിക്കേണ്ട എന്ന നിലപാടിലാണ് കേരള കോണ്‍ഗ്രസ് നേതൃത്വം. തുടർന്നാണ് സണ്ണി പാന്പാടി രാജിവയ്ക്കാൻ കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചത്.