ഇരിട്ടി: വാടകയ്ക്കെടുത്ത കാറിലെത്തി വള്ളിത്തോട് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റും റിട്ട. കായികാധ്യാപികയുമായ ഫിലോമിന കക്കട്ടിലിന്റെ സ്വര്‍ണമാല പൊട്ടിച്ച സംഭവത്തില്‍ സൈനികനെതിരെ മിലിട്ടറി അന്വേഷണം ആരംഭിച്ചു.
റിമാന്‍ഡ് ചെയ്യാന്‍ കൊണ്ടുപോകുന്നതിന് മുന്നോടിയായി കണ്ണൂരില്‍ നിന്നു മിലിട്ടറി ഉദ്യോഗസ്ഥര്‍ ഇരിട്ടി പോലീസ് സ്റ്റേഷനിലെത്തി പ്രതിയായ ഉളിക്കല്‍ കേയാപറമ്പിലെ പരുന്ത്മലയില് സെബാസ്റ്റ്യന്‍ ഷാജി (27) യെ ചോദ്യം ചെയ്തു.
മൂന്നര ലക്ഷം രൂപയുമായാണ് പ്രതി ഇത്തവണ കാര്‍ഗിലില്‍ നിന്ന് ലീവില്‍ വന്നതെന്ന് സേന ഉദ്യോഗസ്ഥര്‍ പറഞ്ഞതായും പ്രതി കവര്‍ച്ച ചെയ്ത സ്വര്‍ണം വിറ്റ് ആഡംബര ജീവിതം നയിക്കുന്നതായും കേസന്വേഷണത്തിന് നേതൃത്വം നല്കുന്ന ഇരിട്ടി സിഐ കെ.ജെ. ബിനോയ് പറഞ്ഞു.
എറണാകുളത്ത് ഉല്ലാസയാത്ര
പയ്യാവൂര്‍ സ്വദേശിനായ കാമുകിക്കൊപ്പം മാടത്തിലെ ലോഡ്ജില്‍ കഴിഞ്ഞ നാല് ദിവസമായി കഴിഞ്ഞുവരവെയാണ് അധ്യാപികയുടെ മാല പൊട്ടിച്ചത്.
ഇതിന് മുമ്പ് കിളിയന്തറയില്‍ നാല് വീടുകളില്‍ കയറി വഴി ചോദിച്ചെങ്കിലും സാഹചര്യം അനുകൂലമാകാത്തതിനാലാണ് പ്രതിക്ക് മാല പൊട്ടിക്കാന്‍ സാധിക്കാതിരുന്നതെന്ന് പോലീസ് പറഞ്ഞു.
പ്രതി പറഞ്ഞ കാര്യം പോലീസ് ആ മേഖലയില്‍ നടത്തിയ തെളിവെടുപ്പിനിടയില്‍ ആ വീട്ടുകാര്‍ സമ്മതിച്ചതായി പോലീസ് പറഞ്ഞു.
പയ്യാവൂരില്‍ നിന്ന് വയോധികയുടെ മൂന്ന് പവന് മാല വീട്ടില്‍ കയറി പിടിച്ച് പറിച്ച ശേഷം അത് വില്പന നടത്തി കിട്ടിയ ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ ഉപയോഗിച്ച് കാമുകിയെയും കാമുകിയുടെ മാതാപിതാക്കളെയും കൂട്ടി എറണാകുളത്ത് ടൂര്‍ പോയി പണം തീര്‍ത്തതായി പ്രതി പോലീസിന് മൊഴി നല്കി.
പയ്യാവൂരിൽ വയോധികയുടെ മാല പൊട്ടിച്ച് രണ്ടാഴ്ച പിന്നിട്ടിട്ടും തുമ്പില്ലാതിരിക്കുമ്പോഴാണ് മറ്റൊരു കേസില്‍ പ്രതി പിടിയിലായത്.
ഇതോടെ പയ്യാവൂര്‍ പോലീസിന് ആശ്വാസമായി. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാന്‍ ഇന്ന് തന്നെ പയ്യാവൂര്‍ പോലീസ് കോടതിയില്‍ ഹര്‍ജി നല്‍കും.