തുറവൂർ: മതനിരപേക്ഷ രാഷ്ട്രമായ ഇന്ത്യയെ മതാടിസ്ഥാന രാഷ്ട്രമാക്കി മാറ്റുവാനാണ് കേന്ദ്ര സർക്കാരിന്റെ ശ്രമമെന്ന് മുൻ എംപി സെബാസ്റ്റ്യൻ പോൾ പറഞ്ഞു. ഭരണഘടന സംരക്ഷണ സമിതി കുത്തിയതോട് മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പ്രതിഷേധറാലിയും സമ്മേളനവും തുറവൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യൻ ഭരണഘടനയെ സംരക്ഷിക്കാൻ ഇനിയും ജനകീയ മുന്നേറ്റം അനിവാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഭരണഘടനാ ദത്തമായ അവകാശങ്ങളിൽ നിന്ന് മതത്തിന്റെ അടിസ്ഥാനത്തിൽ ആരേയും മാറ്റി നിർത്താൻ കഴിയില്ല. എഴുപതു വർഷമായി നിലകൊള്ളുന്ന ജനാധിപത്യ വ്യവസ്ഥിതി തുടരുന്ന രാജ്യത്തു ഭരണകൂടവുമായി ജനത കലഹിക്കേണ്ടി വരുന്നത് ജനാധിപത്യ രാഷ്ട്രത്തിന് ഭൂഷണമല്ലെന്നും അദ്ദേഹം പറഞ്ഞു.
നിസാർ കോതങ്ങനാട്ട് അധ്യക്ഷത വഹിച്ചു. ആലപ്പുഴ ഡിസിസി പ്രസിഡന്റ് എം.ലിജു മുഖ്യ പ്രഭാഷണം നടത്തി. ആലപ്പുഴ രൂപത സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ ഫാ.സേവ്യർ കുടിയാംശേരിൽ ആമുഖ പ്രഭാഷണം നടത്തി.
ഹുസൈബ് വടുതല വിഷയാവതരണവും ഷിഹാബ് മൂസ പ്രമേയാവതരണവും നടത്തി. കെപിഎംഎസ് സംസ്ഥാന കമ്മറ്റി അംഗം കെ.കെ. പുരുഷോത്തമൻ, മരിയപുരം സെന്റ് മോണിക്ക പള്ളി വികാരി റവ.ഫാ. ജിബി നോറോണ തുടങ്ങിയവർ പ്രസംഗിച്ചു.