മുക്കം: സ്വാദുള്ള പഴംപൊരി, സമൂസ, ഉള്ളിവട, പരിപ്പുവട തുടങ്ങി 12 തരം ലഘുഭക്ഷണങ്ങൾ. പൊതുവിപണിയിലെ വിലക്കയറ്റത്തിന്റെ പേരു പറഞ്ഞ് ചായക്കും എണ്ണക്കടികൾക്കുമെല്ലാം 10 രൂപയും പോരെന്ന് പറഞ്ഞ് ഇനിയും വില വർധിപ്പിക്കാൻ നീക്കം നടക്കുമ്പോഴാണ് സ്വന്തം കീശ കാലിയാവാതെ തന്നെ ചായ കുടിക്കുവാനായി ഒരു തട്ടുകട.
ലഘുഭക്ഷണങ്ങൾക്ക് ആറ് രൂപയും ചായയ്ക്ക് ഏഴ് രൂപയും. സ്വാദിനൊപ്പം വിലക്കുറവ് കൂടി ആളുകൾ തിരിച്ചറിഞ്ഞതോടെ കച്ചവടവും പൊടിപൊടിക്കുന്നു. മുക്കം-കുന്നമംഗലം റോഡിൽ വെസ്റ്റ് മാമ്പറ്റയ്ക്കടുത്താണ് കുടുംബാംഗങ്ങൾ നടത്തുന്ന ചായക്കട പ്രവർത്തിക്കുന്നത്. മാനന്തവാടി സ്വദേശിയായ സെബാസ്റ്റ്യൻ, ഭാര്യ ബീന, മകൾ മേബിൾ, സെബാസ്റ്റ്യന്റെ സഹോദരന്റെ മകൾ ഷേബ എന്നിവർ ചേർന്നാണ് കച്ചവടം നടത്തുന്നത്.
കഴിഞ്ഞ കുറേ വർഷങ്ങളായി ഹോട്ടൽ മേഖലയിൽ പ്രവർത്തിച്ച് പരിചയമുള്ള സെബാസ്റ്റ്യൻ ആറ് മാസം മുമ്പാണ് റോഡരികിലെ വീട് വാടകയ്ക്കെടുത്തത്. വീടിന് മുന്നിലെ റോഡരികിൽ കച്ചവട സാധ്യത തിരിച്ചറിഞ്ഞാണ് പരീക്ഷണാടിസ്ഥാനത്തിൽ ഷെഡ് ഉണ്ടാക്കി കച്ചവടം ആരംഭിച്ചത്.
ദിവസങ്ങൾക്കകം പരീക്ഷണം വിജയിച്ചു. ദിവസവും നല്ല വരുമാനമുണ്ടാകാറുണ്ടെന്ന് സെബാസ്റ്റന്റെ ഭാര്യ ബീന പറയുന്നു. മക്കൾ രണ്ട് പേരും സഹായിക്കാറുണ്ടെങ്കിലും ഇരുവരും ബിഎസ്സി സൈക്കോളജി വിദ്യാർഥികൾ കൂടിയാണ്. വിദൂര വിദ്യാഭ്യാസ രീതിയിലാണ് പഠനം.
ആട്ടപ്പൊടിയും കടലമാവും ചേർത്താണ് വിഭവങ്ങൾ ഉണ്ടാക്കുന്നത്. ഇപ്പോൾ സമീപ പ്രദേശങ്ങളിലെ ചായക്കടകളിലേക്കും കാന്റീനിലേക്കും വേണ്ട ലഘുഭക്ഷണങ്ങൾ തയാറാക്കുന്നതും ഇവരാണ്. ജില്ലയിൽ നിപ്പാ ഭീതി പടർന്നപ്പോൾ മാത്രമാണ് കച്ചവടത്തിൽ നേരിയ കുറവുണ്ടായതെന്ന് സെബാസ്റ്റ്യൻ പറയുന്നു.
നേരത്തെ അഞ്ച് രൂപയായായിരുന്നു വില. നിത്യോപയോഗ സാധനങ്ങളുടെ വില വർധിച്ചപ്പോൾ ലഘുഭക്ഷണങ്ങൾക്ക് ഒരു രൂപ കൂട്ടുകയായിരുന്നു. ഈ വിലയ്ക്ക് വിറ്റാലും ലാഭമുണ്ടെന്നും കൊള്ളലാഭം വേണ്ടെന്നുമാണ് സെബാസ്റ്റ്യന്റെ വാദം. ഒമ്പത് രൂപ വീതം ഈടാക്കി ചായയും ലഘുഭക്ഷണവും വിറ്റിട്ടും വ്യാപാരം നഷ്ടത്തിലാണെന്ന് വ്യാപാരികൾ പറയുമ്പോഴാണ് ഇവരുടെ കച്ചവടത്തിന്റെ മഹത്വം മനസിലാകുക.