എടത്വ: രണ്ടാംക്ലാസ് വിദ്യാർഥി സെബാസ്റ്റ്യന്റെ ദാരുണമരണം സ്കൂളിനേയും നാടിനേയും ഒരുപോലെ ദു:ഖത്തിലാഴ്ത്തി. പഠനത്തിനൊപ്പം കലാകായികമത്സരത്തിലും ഒന്നാമനായിരുന്ന സെബാസ്റ്റ്യൻ ഇനി സ്കൂളിൽ ഓടിയെത്തില്ല. ആനപ്രന്പാൽ തെക്ക് ചൂട്ടുമാലിൽ എൽപിജി സ്കൂളിലെ ശുചിമുറിയുടെ ഭിത്തി ഇടിഞ്ഞുവീണ് രണ്ടാം ക്ലാസ് വിദ്യാർഥി മുണ്ടുചിറയിൽ ബെൻസണിന്റെ മകൻ സെബാസ്റ്റ്യന്റെ ദാരുണാന്ത്യം സഹപാഠികൾക്കും അധ്യാപകർക്കും അയൽവാസികൾക്കും ഉൾക്കൊള്ളാനാവുന്നില്ല.
സമീപവാസികൾക്കും അധ്യാപകർക്കും ഏറെ പ്രിയപ്പെട്ടവനായിരുന്നു സെബാസ്റ്റ്യൻ. സമീപവാസികളോടു പോലും എന്നും യാത്രപറഞ്ഞു മാത്രമെ സെബാസ്റ്റ്യൻ സ്കൂളിലേക്കു പോകുമായിരുന്നുള്ളൂ. ഇടവേള സമയത്ത് ശുചിമുറിയിൽ കയറിയ ശേഷം പുറത്തേക്കിറങ്ങുന്നതിനിടയിൽ ഭിത്തി തലയിലേക്ക് വീഴുകയും തലയ്ക്കും മുഖത്തിനും പരിക്കേൽക്കുകയുമായിരുന്നു.
സെബാസ്റ്റ്യനെ ഉടനെ പരുമലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോകുകയും ചെയ്തു. എന്നാൽ വഴിയിൽ വച്ചുതന്നെ മരിക്കുകയായിരുന്നു. ഇതിനിടയിൽ സംഭവം കണ്ട താത്കാലിക അധ്യാപിക ജിജി ബോധരഹിതമായി വീഴുകയും ചെയ്തു. അപകടസമയത്ത് മറ്റുകുട്ടികൾ ക്ലാസിലായിന്നു. മേൽക്കൂര ഇല്ലാതെ സിമിന്റ് കട്ടകൊണ്ടാണ് ഭിത്തി നിർമിച്ചിരുന്നത്. മൃതദേഹം ഇന്ന് രാവിലെ 11 ന് സ്കൂളിൽ പൊതു ദർശനത്തിനുവയ്ക്കും. തുടർന്ന് രണ്ടിന് വസതിയിലെ ശുശ്രൂഷയ്ക്കു ശേഷം ആനപ്രന്പാൽ തെക്ക് നിത്യസഹായ മലങ്കര കാത്തോലിക്ക പള്ളിയിൽ സംസ്കരിക്കും.