സോഷ്യല്‍ മീഡിയയില്‍ സ്റ്റോക്ക് മാര്‍ക്കറ്റ് ടിപ്സ് ഉള്‍പ്പടെ സാമ്പത്തിക ഉപദേശങ്ങള്‍ നല്‍കുന്നവര്‍ക്ക് കൂച്ചുവിലങ്ങിടാന്‍ കര്‍ശന നടപടിയുമായി സെബി.
ഇത്തരക്കാരെ തിരഞ്ഞുപിടിച്ച് കുരുക്ക് മുറുക്കാനാണ് സെബിയുടെ നീക്കം. സാമ്പത്തിക ഉപദേശങ്ങളും സ്റ്റോക്ക് ടിപ്സുകളും നല്‍കുന്നവര്‍ക്ക് ഉടന്‍ മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കുമെന്നും സെബി അംഗം എസ്.കെ മൊഹന്തി വ്യക്തമാക്കി.
സെബി രജിസ്ട്രേഡ് ഫിനാന്‍ഷ്യല്‍ അഡൈ്വസേഴ്സിന് ബാധകമായ നിയന്ത്രണങ്ങളാണ് സോഷ്യല്‍ മീഡിയ ഫിന്‍ഫ്ളുവന്‍സേഴ്സിനും കൊണ്ടുവരിക.
നിശ്ചിത യോഗ്യതയോടെ ഇതിനായി സെബിയില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. കര്‍ശന വ്യവസ്ഥകള്‍ പാലിച്ചുകൊണ്ടായിരിക്കണം ഇത്തരക്കാര്‍ സോഷ്യല്‍ മീഡിയയില്‍ ഉപദേശം നല്‍കാനെന്നും മൊഹന്തി പറഞ്ഞു.
യാതൊരു നിയന്ത്രണങ്ങളുമില്ലാതെ, സെബി മാനദണ്ഡങ്ങള്‍ പാലിക്കാതെ യൂട്യൂബ് ചാനലുകളില്‍ സാമ്പത്തിക ഉപദേശങ്ങള്‍ നല്കുന്ന ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ കൂണുകള്‍ പോലെ മുളച്ചു പൊന്തുന്നതാണ് സെബിയെ ഈയൊരു നടപടിയ്ക്ക് പ്രേരിപ്പിച്ചത്.
ടെലിഗ്രാം, വാട്സാപ്പ് എന്നിവയിലൂടെയും സ്റ്റോക്ക് ടിപ്പുകള്‍ നല്‍കുന്നത് വര്‍ധിച്ചതായി സെബി കണ്ടെത്തിയിട്ടുണ്ട്.
പുതു സാങ്കേതിക സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തി നീരിക്ഷണം കാര്യക്ഷമമാക്കുനുള്ള ശ്രമം സെബി തുടങ്ങിക്കഴിഞ്ഞു.
സോഷ്യല്‍ മീഡിയ, ചാറ്റിങ് ആപ്പുകള്‍ എന്നിവ ഉപയോഗിച്ച് ഓഹരി വിലയില്‍ കൃത്രിമം നടത്തിയിരുന്ന റാക്കറ്റിനെ കഴിഞ്ഞ മാര്‍ച്ചില്‍ സെബി പിടികൂടിയിരുന്നു.
ഇതിന്റെ ഭാഗമായി അഹമ്മദാബാദ്, ഭാവ് നഗര്‍, ന്യൂഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലെ വിവിധയിടങ്ങളില്‍ സെബി പരിശോധന നടത്തിയിരുന്നു.
സോഷ്യല്‍ മീഡിയയിലെ ഉപദേശങ്ങള്‍ കണ്ണുമടച്ച് വിശ്വസിച്ച് പണം നഷ്ടപ്പെടുത്തുന്നവരുടെ എണ്ണം കൂടിയതാണ്
സെബിയെ നടപടികള്‍ക്ക് പ്രേരിപ്പിച്ചത്.
സ്റ്റോക്ക് ട്രേഡിങ്, ഫ്യൂച്വര്‍ ആന്‍ഡ് ഓപ്ഷന്‍സ് തുടങ്ങിയവവഴി ലക്ഷങ്ങള്‍ ലാഭമുണ്ടാക്കാമെന്നാണ് മോഹിപ്പിക്കുന്നവയാണ് ഇത്തരം യൂട്യൂബ് ചാനലുകള്‍.
ഓഹരി വിപണിയെക്കുറിച്ച് പ്രാഥമിക ധാരണപോലുമില്ലാത്ത നിരവധി പേരാണ് ഇത്തരക്കാരുടെ വാക്കുകള്‍ വിശ്വസിച്ച് പണം നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുന്നത്.
സെബിയുടേയോ ആര്‍ബിഐയുടേയോ അംഗീകാരമില്ലാത്ത ക്രിപ്റ്റോ കറന്‍സി പോലുള്ളവയിലേയ്ക്ക് വന്‍തോതില്‍ നിക്ഷേപകരെ ആകര്‍ഷിച്ചത് ഇത്തരത്തിലുള്ള സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സേഴ്സ് വഴിയായിരുന്നു. ഇതിനൊക്കെ തടയിടുകയാണ് പുതിയ നടപടിയിലൂടെ സെബിയുടെ ലക്ഷ്യം.