ചാലക്കുടി: ഹെൽമറ്റ് ഇല്ലാതെ യാത്രചെയ്യുന്ന ബൈക്കുകാരനെ പിടിക്കാനും, കൈകാണിച്ചിട്ടും നിർത്താതെ പോകുന്ന വാഹനത്തെ പിന്തുടർന്നു പിടിക്കാനും പോലീസുകാർ ഇനി പോകേണ്ട. പോലീസ് സ്റ്റേഷനിലിരുന്നാൽ മതി. അമിതവേഗത്തിൽ പോകുന്ന വാഹനങ്ങളുടെ ഉടമയുടെ പേരും വണ്ടി നന്പറും എൻജിൻ നന്പർ അടക്കം പോലീസ് സ്റ്റേഷനിൽ ലഭിക്കും. ആളൂർ എസ്എൻവിഎച്ച്എസിലെ പ്ലസ്ടു വിദ്യാർഥി സെബിൻ ബിജുവാണ് ഇതിനുള്ള സംവിധാനം കണ്ടുപിടിച്ചിരിക്കുന്നത്.
വെഹിക്കിൾ സ്റ്റോപ്പിംഗ് സിസ്റ്റം ഫോർ പോലീസ് എന്ന സെബിൻ പ്രൊജക്ട് ചാലക്കുടി പോലീസ് സ്റ്റേഷനിലെത്തി കാണിച്ചപ്പോൾ പോലീസുകാർക്കെല്ലാം വളരെ സന്തോഷമായെന്നു സെബിൻ പറഞ്ഞു. ഓടിക്കൊണ്ടിരിക്കുന്ന വാഹനം പോലീസ് കൈകാണിച്ചിട്ടും നിർത്താതെ പോകുന്നുവെങ്കിൽ വാഹനം നിർത്തിക്കാനും ഈ സംവിധാനം ഉപയോഗിക്കാം. വാഹനം പെട്ടെന്നു നിർത്തിയാൽ അപകടം ഉണ്ടാകുമെന്നതിനാൽ സ്പീഡ് സാവകാശം കുറച്ചുകൊണ്ടുവന്ന് വാഹനം നിർത്തിക്കാൻ കഴിയും.
വാഹനങ്ങൾ രജിസ്റ്റർ ചെയ്യുന്പോൾതന്നെ എല്ലാ വിവരങ്ങളും പോലീസിന്റെ കംപ്യൂട്ടറിൽ എത്തിയിരിക്കും. വാഹനങ്ങളിൽ പ്രത്യേക മോണിട്ടർ ഘടിപ്പിക്കുകയും ചെയ്യും. റേഡിയോ സിഗ്നൽസ് വഴിയാണ് പോലീസിനു വാഹനങ്ങളെ നിയന്ത്രിക്കാൻ കഴിയുക. 100 മീറ്റർ ദൂരെനിന്ന് സംവിധാനം പ്രവർത്തിപ്പിക്കാൻ കഴിയുമെന്നു സെബിൻ പറഞ്ഞു. ഉന്നത പോലീസ് ഉദ്യോഗസ്ഥരെ ഈ സംവിധാനത്തെക്കുറിച്ച് ബോധ്യപ്പെടുത്താനാണ് സെബിന്റെ നീക്കം.
റോഡ് അപകടങ്ങൾ കുറയ്ക്കാനും, മദ്യപിച്ച് വാഹനം ഓടിക്കുന്നവരെയും മോഷ്ടാക്കളെയും കള്ളക്കടത്തുകാരെയും പിടികൂടാനും ഈ സംവിധാനം ഉപകരിക്കും. നേരത്തെ നിരവധി കണ്ടുപിടിത്തങ്ങൾ നടത്തിയിട്ടുള്ള സെബിൻ പുതിയ സംവിധാനത്തിന്റെ പേറ്റന്റ് എടുക്കാനുളള ശ്രമത്തിലാണ്. കെഎസ്ആർടിസി ബസ് ഡ്രൈവറായ പോട്ട നെല്ലിപ്പുള്ളി ബിജുവിന്റെയും സീനയുടെയും മകനാണ് സെബിൻ.