സ്വന്തം ലേഖകൻ
കണ്ണൂർ: പുതുവത്സരം മറയാക്കി സെക്സ് മാഫിയയും രംഗത്ത്. അതിസന്പന്നർക്കായി പുതുവത്സരം ആഘോഷിക്കാൻ ഇടപാടുകൾ സജീവമാക്കിയാണ് ഇത്തരം ഗ്രൂപ്പുകൾ രംഗത്തിറങ്ങിയിരിക്കുന്നത്.
കന്യകമാരെ കിടപ്പറകളിലെത്തിക്കാൻ അഞ്ചു ലക്ഷം മുതൽ കാൽ കോടി രൂപവരെ വില നിശ്ചയിച്ചാണ് സെക്സ് റാക്കറ്റ് രംഗത്തുള്ളത്.
കേരളത്തിലെ അതിസമ്പന്നർ അടങ്ങിയ വാട്സാപ്പ് ഗ്രൂപ്പിൽനിന്നുള്ള രഹസ്യ സന്ദേശം ചോർന്നതോടെയാണ് ഈ നീക്കം പുറത്തുവന്നത് .
വാട്സാപ്പ് ഗ്രൂപ്പിന്റെ അഡ്മിൻ “വിഗ്ഗ് വാല ” എന്നറിയപ്പെടുന്ന ആൾ കൈമാറിയ രഹസ്യ സന്ദേശമാണ് മറ്റൊരു ഗ്രൂപ്പിൽ ഷെയർ ചെയ്യപ്പെട്ടത്. ഇതോടെ ഗ്രൂപ്പിലെ അംഗങ്ങൾ അങ്കലാപ്പിലായിട്ടുണ്ട്.
ദരിദ്ര്യ കുടുംബത്തിലെ പെൺകുട്ടികളും സിനിമാ മോഹവുമായി നടക്കുന്ന പെൺകുട്ടികളേയും മോഹന വാഗ്ദാനങ്ങൾ നൽകി വലയിൽ വീഴ്ത്തിയാണ് “വിഗ്ഗ് വാല’ ഇരകളാക്കുന്നത്.
കേരളത്തിലും മംഗളൂരുവിലും കണ്ണികളുള്ള ഈ ഗ്രൂപ്പിൽ പെട്ടവരുടെ വലയിൽ നിരവധി പെൺ കുട്ടികളാണ് ഇതിനിടയിൽ പെട്ടുപോയിട്ടുള്ളത്.
പുതുവത്സര ആഘോഷത്തിനു ലക്ഷങ്ങൾ കൊയ്യാനാണ് കന്യകമാരെ വാഗ്ദാനം ചെയ്തു സെക്സ് മാഫിയ സജീവമായിട്ടുള്ളത്. പതിനെട്ട് വയസിൽ താഴെയുള്ള പെൺകുട്ടികളെയാണ് ഈ സംഘം വലയിൽ വീഴുത്തുന്നത്.
ദാരിദ്ര്യം മുതലെടുത്ത് ഒറ്റ ദിനംകൊണ്ടു ലക്ഷങ്ങൾ നേടിത്തരാമെന്ന വാഗ്ദാനമാണ് പെൺകുട്ടികൾക്കു നൽകുന്നത്.
ഇത്തരം വാഗ്ദാനങ്ങളിൽ വീണു പോയ പെൺകുട്ടികളുടെ ജീവിതം ഒടുവിൽ നരക തുല്യമായി മാറിയ സംഭവങ്ങളുമുണ്ട്.
സിനിമ-സീരിയൽ രംഗത്തിന്റെ പേരിലും ഈ സംഘം പെൺകുട്ടികളെ വലയിൽ വീഴ്ത്തുന്നുണ്ട്.
നക്ഷത്ര ഹോട്ടലുകളിലെ രാത്രികാല പാർട്ടികളിൽ പങ്കെടുപ്പിച്ചും ആഡംബര കാറുകളിൽ ഒപ്പം കുട്ടിയും വില കൂടിയ വസ്ത്രങ്ങൾ വാങ്ങി നൽകിയും ആർഭാടങ്ങളിൽ ഭ്രമിപ്പിച്ചുമാണ് പല പെൺകുട്ടികളെയും വീഴ്ത്തിയിട്ടുള്ളത്.